ശബരിമലയിലെ നിരോധനാജ്ഞ നീട്ടാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. ബുധനാഴ്ച അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടാൻ ജില്ലാകളക്ടർ ഉത്തരവിട്ടത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തേ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസമുണ്ടാക്കുന്നതല്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്.
അതേസമയം, സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോർഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാൽ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.