READ IN ENGLISH: Report says Behera was ousted from NIA for revealing terrorist’s arrest
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യിൽ നിന്നും പുറത്താക്കിയത് ഇന്ത്യൻ മുജാഹിദീൻ ഭീകരൻ യാസീൻ ഭട്കലിന്റെ അറസ്റ്റ് പുറത്ത് വിട്ടതിനെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു മലയാള മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യാസീൻ ഭട്കലിനെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ട രാത്രി തന്നെ ബെഹ്റയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് എൻ.ഐ.പുറത്തിറക്കിയെന്നും റിപ്പോർട്ടിൽ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ഗുജറാത്ത് കലാപക്കേസിൽ അനുകൂല റിപ്പോർട്ട് നൽകിയതിനുള്ള പ്രത്യുപകാരമാണ് ബെഹ്റയുടെ ഡി.ജി.പി സ്ഥാനമെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് റിപ്പോർട്ട്.
മുംബയ് ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്ലിയെ 2010ൽ അമേരിക്കയിലെത്തി ചോദ്യം ചെയ്ത സംഘത്തെ നയിച്ചതും ബെഹ്റയായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട യാത്രയിലും ബെഹ്റയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇഷ്റത് ജഹാൻ ലഷ്കർ തീവ്രവാദിയാണെന്ന തരത്തിൽ ഹെഡ്ലി വെളിപ്പെടുത്തൽ നടത്തിയതും ഈ ചോദ്യം ചെയ്യലിലാണ്.
അതേസമയം, സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ഡി.ജി.പിയുടെ നിയമനമെന്ന ആരോപണവും ഉയരുന്നുണ്ട്. ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചത് ഉചിതമായ നടപടിയല്ലെന്ന് കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായം ഉയർന്നിരുന്നു. സീനിയോറിറ്റി മറികടന്നാണ് നിയമനെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും മുതിർന്ന സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നു.