കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം വീടൊഴിഞ്ഞു. വീടൊഴിഞ്ഞ അവർ താക്കോൽ തൃക്കാക്കര വില്ലേജ് ഓഫീസർക്ക് കൈമാറി. ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോൽ കൈമാറണമെന്ന് പ്രീതയോട് ഹൈക്കോടതി നിർദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോൽ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കാൻ കോടതി ഉത്തരവ് അനുസരിക്കണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വീട് ഒഴിഞ്ഞ് താക്കോൽ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വൈകുന്നേരം മുതൽ വീട് കാവൽ സമരം തുടങ്ങി . വീട്ടിലേക്ക് കയറുന്ന വഴിയിൽ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക. സർഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി എന്നിവർ ഇവരുടെ സമരത്തിന് പിന്തുണ നൽകുന്നുണ്ട്.വീട് കാവല്‍ സമരം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ എന്‍.എം. പിയേഴ്സണ്‍ ഉദ്ഘാടനം ചെയ്തു.
പ്രീതാഷാജിയുടെ വീട് കേരളത്തിലെ നിസ്സഹായരും നിരാലംബരുമായ മുഴുവന്‍ നിസ്വകുടുംബങ്ങളുടെയും കിടപ്പാടമാണ്. അതൊരു കാരണവശാലും കടത്തില്‍ വീണവരുടെ വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വിട്ടുകൊടുക്കില്ലെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രഖ്യാപിച്ചു.
താനൊരു മഞ്ഞുകട്ടയേയല്ല നേരിടുന്നതെന്നും ജനവിരുദ്ധ ബാങ്കിംഗ് നയങ്ങളുടെ വലിയ മഞ്ഞുമലയെ തന്നെയാണെന്നും കടത്തില്‍ മുങ്ങിയ കേരള സമൂഹം അതില്‍ തട്ടിത്തകരുന്ന ദുരന്തം ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അധികാരികള്‍ തയ്യാറാവേണ്ടതുണ്ടെന്നാണ് പ്രീതാഷാജിയുടെ സമരം ചൂണ്ടിക്കാട്ടിയത്. പക്ഷെ സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും കോടതിയും കേന്ദ്രനിയമത്തിന്റെ പേര് പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് – ബാങ്ക് മാഫിയക്ക് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ഞെട്ടലോടെ നമ്മള് കാണുന്നത്.
ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവ് ഉണ്ടായി 3 വര്‍ഷത്തിനകം വില്പന നടത്തേണ്ടിയിരുന്ന ഈട് വസ്തു കാലഹരണപ്പെട്ട് 9 വര്‍ഷത്തിന് ശേഷമാണ് റിക്കവറി ഓഫീസര്‍ വില്പന നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് റിക്കവറി നടപടി നിലനില്‍ക്കില്ല എന്ന് കാണിച്ച് ഷാജി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കണമെങ്കില്‍ കുടിയൊഴിഞ്ഞ് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കണമെന്ന മുന്‍ ഉപാധി കോടതി നിര്‍ദ്ദേശിച്ചത്.
കോടതിയെ ധിക്കരിച്ച് സംഘര്‍ഷമുണ്ടാക്കി നിയമവാഴ്ചയെ ചോദ്യം ചെയ്യാന്‍ ഒരുക്കമല്ലാത്തത് കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് സമ്മര്‍ദ്ദത്തിലാക്കാതെ ഹര്‍ജി കേള്‍ക്കാന്‍ അവസരമൊരുക്കുന്നതിന് കുടിയിറങ്ങാന്‍ തയ്യാറാവുന്നത്. കുടിയൊഴിക്കുന്നത് ഒഴിവാക്കി ഹര്‍ജികള്‍ ഒരുമിച്ച് കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്ന ഷാജിയുടെ വാദം നിരാകരിച്ച് ഉപാധി അംഗീകരിക്കാതെ വാദം കേള്‍ക്കില്ലെന്ന കര്‍ക്കശ നിലപാട് എടുക്കുകയായിരുന്നു കോടതി.
പ്രളയത്തില്‍ ആറടിയോളം വെള്ളത്തില്‍ മുങ്ങിയ ആലങ്ങാട്ടെ പകരം ഭൂമിയും 10 ലക്ഷം രൂപയും വാങ്ങി പോകുന്നതിനേക്കാള്‍ അഭികാമ്യം മരണമാണെന്ന് പ്രീതാ ഷാജി വെളിപ്പെടുത്തി. ബലാത്സംഗം ചെയ്തയാളോടൊപ്പം പോകാന്‍ പെണ്ണിരയെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണത്. പൂര്‍വ്വാര്‍ജ്ജിതമായ പിറന്നുവീണ് വളര്‍ന്ന മണ്ണുവിട്ടുപോകാനാകില്ല. കച്ചവടസംഘം മുടക്കിയ 37.8 ലക്ഷം രൂപയ്ക്ക് 3 സെന്റ് ഭൂമി മതിയെന്നിരിക്കെ രണ്ടരകോടി വിലയുള്ള 18.5 സെന്റ് ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭൂമാഫിയയുടെ പകരം ഭൂമി ഔദാര്യമല്ല, കൊള്ളലാഭം ഉണ്ടാക്കാനുള്ള വിലപേശലാണ്. കോടതി അതില്‍ വീഴരുതെന്നും പ്രീതാ ഷാജി പറഞ്ഞു. കുടിയിറക്കില്ലെന്ന് രണ്ടുവട്ടം ഉറപ്പു നല്കിയ സര്‍ക്കാര്‍ പ്രീതാഷാജിയെ കൈവിട്ടതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ നിരാലംബരായ സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു ചരിത്രവിധി ഉണ്ടാകുമെന്നാണ് സമരസമിതി പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.