Mon. Nov 23rd, 2026

✍️സി.ആർ.സുരേഷ്

എണ്ണമറ്റ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ യുവജന പ്രസ്ഥാനം ഡി വൈ എഫ് ഐ. തീഷ്ണമായ സമര പോരാട്ടങ്ങളുടെ കനൽ വഴികൾ നാടിന് വേണ്ടി ജീവൻ നൽകിയ അനേകം അനശ്വര രക്തസാക്ഷികളുടെ ഓർമ്മകൾ തുടിക്കുന്ന ഇന്നിന്റെ പോരാട്ട വീര്യമാണ് 1980 ൽ പഞ്ചാബിലെ ലുധിയാനയിൽ പിറന്നു വീണ ഡി വൈ എഫ് ഐ. 1980 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിൽ സഹീദ് കർത്താർസിംഗ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിലാണ് ഇടതുപക്ഷ വിപ്ലവ യുവജന സംഘടനയായ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ രൂപീകരിച്ചത്.

ജനകീയപ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് അവകാശപോരാട്ടങ്ങൾക്കും, സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അസമത്വങ്ങൾക്കും ജാതി ഭ്രാന്തിനുമെതിരെയും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, കലാകായിക മേഖലയിലും, രക്തദാന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

മാരകമായ കീടനാശിനി എൻഡോസൾഫാൻ രാജ്യവ്യാപകമായി നിരോധിച്ച സുപ്രിം കോടതി വിധിയുണ്ടായത് ഡി വൈ എഫ് ഐ സംസ്ഥാന ഘടകം നടത്തിയ നിയമയുദ്ധത്തിന്റെ ഫലമായിരുന്നു.അതിനു മുമ്പ് കൊച്ചിയിലെ എൻഡോസൾഫാൻ ഉത്പ്പാദന കേന്ദ്രമായ എച്ച് ഐ എൽ (HIL)ൽ ഈ കീടനാശിനിയുടെ ഉത്പ്പാദനം നിർത്തിവയ്പ്പിച്ചത് ഡി വൈ എഫ് ഐ യുടെ കരുത്തുറ്റ സമരമായിരുന്നു.

ലോകയുവജനസംഘടനയുടെ ഏഷ്യാ-പസഫിക് റീജണൽ കോ-ഓർഡിനേറ്റർ പദവി വഹിക്കുന്നത് ഡി വൈ എഫ് ഐ ആണ്.