✍️ ടി. മുരളി
ഇഞ്ച പടര്‍ന്നു കയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്” ഇഞ്ചത്തലയും ഈഴ തലയും എത്രയും ചതച്ചാല് അത്രയും നന്ന് “, “ഇഞ്ചത്തലയും ഈഴ തലയും നീളുമ്പോള്‍ കൊത്തണം”, ” ഇഞ്ചത്തലയും ഈഴ തലയും വളര്‍ത്തരുത്”…

ഇളനീര്‍ തേങ്ങ മനുഷ്യ തലയോടിന്റെ ആകൃതിയില്‍ വിദഗ്ദമായി ചെത്തിയെടുത്ത്, മന്ത്രവാദികള്‍ രക്തവര്‍ണ്ണത്തിനായി ഉപയോഗിക്കുന്ന “ഗുരുതി” ചുവന്ന ലായനി ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്ന ആചാരം കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അടുത്തകാലം വരെ നിലനിന്നിരുന്നു. ബ്രാഹ്മണ പൌരോഹിത്യം ആചാരവല്‍ക്കരിച്ച് നടപ്പാക്കിയിരുന്ന ഈ ദുരാചാരത്തിന്റെ പേരാണ് “പൊങ്ങിലിടി”.
ദേശഭേദമനുസരിച്ച് ചിലയിടങ്ങളില്‍ “കൊങ്ങിലിടി” എന്നും ഈ വഴിപാട് അറിയപ്പെട്ടിരുന്നു. കാളീക്ഷേത്ര മുറ്റത്ത് പാതിരാത്രിനേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല. മനുഷ്യ ശിരസ്സിന്റെ പ്രതീകമായാണ് ഇളനീര്‍ തേങ്ങ കണക്കാക്കപ്പെടുന്നത്. ഗുരുതി എന്ന ചുവന്ന ലായനി മനുഷ്യ രക്തത്തിന്റെ പ്രതീകവും.
ഉരലില്‍ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയ ഇളനീര്‍ തേങ്ങയും ഗുരുതിയുമൊഴിച്ച് ഉലക്കകൊണ്ട് ഇടിച്ചു ചതക്കുമ്പോള്‍ രക്തവര്‍ണ്ണമുള്ള ഗുരുതി ഇടിക്കുന്ന സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ പുണ്ണ്യമായി കരുതുന്നു. വളരെ ഭീകരമായതും അട്ടഹസിച്ചുകൊണ്ട് നടത്തുന്നതുമായ ചടങ്ങാണിത്.
“കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍
ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍
കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍
കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍…….”
എന്നിങ്ങനെയുള്ള കാളിയെ പ്രകീര്‍ത്തിക്കുന്ന പാട്ടും നാമജപ മന്ത്രങ്ങളുമൊക്കെ ഉരുക്കഴിച്ച് കൊണ്ടാണ് പൊങ്ങിലിടി നടത്തുക.
പണ്ടുകാലത്തെ ബ്രാഹ്മണരുടെ പേര്‍സണല്‍ സ്റ്റാഫ് വിഭാഗത്തിലെ വിശ്വസ്തകളായിരുന്ന ശൂദ്ര (നായര്‍) സ്ത്രീകള്‍ മാത്രമാണ് ഈ ഭീഭത്സമായ ചടങ്ങില്‍ പങ്കെടുക്കുക. സ്വന്തം വീട്ടില്‍ നിന്നും ഇതിനായി ഉരലും ഉലക്കയുമായി ക്ഷേത്രത്തിലെത്തുന്ന ശൂദ്ര (നായര്) സ്ത്രീകള്‍ക്ക് തലയോട്ടി പോലെ ചെത്തിയെടുത്ത തേങ്ങയും, ഗുരുതിയുമൊക്കെ ക്ഷേത്രത്തില്‍ നിന്നും പുരോഹിതര്‍ നല്‍കും.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത് മണ്ഡലകാല അവസാന ദിവസം ( ശ്രദ്ധിക്കുക: ബൌദ്ധരായ ശബരിമല വിശ്വാസികള്‍ക്ക് മണ്ഡലകാലം പ്രാധാന്യമേറിയതാണ്.) കുന്നംകുളത്തിനടുത്ത് “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം ശൂദ്ര (നായര്‍) സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരുന്നതായി “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും അദ്ധേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ശൂദ്രര്‍ (നായന്മാര്‍) വളരെ പ്രാകൃതരായിരുന്നെന്നും, ബ്രാഹ്മണ സംസര്‍ഗ്ഗത്താലാണ് നായന്മാര്‍ കുറച്ചെങ്കിലും പരിഷ്കൃതരായതെന്നും സ്ഥാപിക്കാനാണ് ഗ്രന്ഥകാരനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആഗ്രഹിച്ചതെങ്കിലും, പൊതുസമൂഹത്തില്‍ നിന്നും മറച്ചുവക്കപ്പെട്ട ചില ദുരാചാരങ്ങളെ കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുവരാന്‍ അദ്ദേഹത്തിന്റെ വിവരണം ഇടം നല്‍കുന്നുണ്ട്.
ബ്രാഹ്മണ്യത്തിന്റെ ഇരകളായ നായന്മാര്‍ (ശൂദ്രര്‍)
ജാതീയ ദുരഭിമാനം ബ്രാഹ്മണരെക്കാള്‍ എത്രയോ മടങ്ങായി ഇന്നത്തെ നായര്‍ക്കുണ്ട്. കാരണം, അത്രയും നീചമായിരുന്ന ബ്രാഹ്മണ അടിമത്വം തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിച്ചു അനുഭവിച്ച ജനതയാണ് ശൂദ്രര്‍. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ് തങ്ങളുടെ ജാതിപ്പേരായ ശൂദ്രര് എന്ന സവര്‍ണ്ണ നാമം (ജാതിപ്പേര്‍ ) നായര്‍ എന്നാക്കി മാറ്റാനായി ശൂദ്ര ഭൃത്യജന സംഘത്തിന്‍റെ (പഴയ കുപ്പിയിലെ NSS) ആഭിമുഖ്യത്തില്‍ നിവേദനങ്ങളുമായി തിരുവിതാംകൂര്‍ മഹാ (ശൂദ്ര) രാജാവിന്റെ മുന്നില്‍ അവര്‍ കാത്തുനിന്നിരുന്നത് !! ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ വെറും പാവകളായ ശൂദ്ര മഹാ രാജാക്കന്മാര്‍ക്ക് ബ്രാഹ്മണരുടെ സമ്മതമില്ലാതെ ജാത്യാചാരം ലംഘിക്കാന് അവര്‍ക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ശൂദ്ര പേര് നായര്‍ എന്നാക്കി കിട്ടാന്‍ കുറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.
ചരിത്ര പരമായി ബ്രാഹ്മണരുടെ ദാസ്യ ജോലിക്കാരായിരുന്ന ശൂദ്രര്‍ മോശക്കാരായിരുന്നില്ല. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിന്‍റെ ഒരു മിത്തായ മഹാബലിയെപ്പോലുള്ള നന്മനിറഞ്ഞ പുലയ ഭരണാധികാരികളുടെ (ചേരമാന്മാരുടെ) കീഴില്‍ ആദരണീയമായ കവികളുടെയും കലാകാരന്മാരുടെയും മഹത്തായ ചരിത്രമുള്ള ചേരമക്കളിലെ പറയ-പാണ വിഭാഗത്തില്‍ നിന്നുമാണ് ശൂദ്ര (നായര്‍) ജാതിയെ നിന്ദ്യമായ ജാത്യാചാരങ്ങളായ അടിമത്തത്തിലൂടെ ബ്രാഹ്മണര്‍ നിര്മ്മിച്ചെടുക്കുന്നത്. (ബ്രാഹ്മണര്‍ തട്ടിക്കൂട്ടി തയ്യാറാക്കിയ പറയി പെറ്റ പന്തിരുകുലം കഥയില്‍ പ്രതീകാത്മകമായി ഈ സവര്‍ണ്ണ ചരിത്രം സൂക്ഷിച്ചു വെച്ചതായി കാണാം.)
നരാധമ ഹിംസാത്മക ഗുണ്ടാ പ്രവര്‍ത്തനത്തിനായി താന്ത്രികമായി നിര്‍മ്മിച്ചെടുത്ത ശൂദ്രന്മാരുടെ (നായന്മാരുടെ) അടിമക്കൂട്ടം ഇല്ലാതെ ഒരു പരാന്നജീവി പൌരോഹിത്യ സമൂഹമായ വൈദിക ബ്രാഹ്മണ്യത്തിനു സാമൂഹ്യ മേധാവിത്വം സാധ്യമല്ല. ബുദ്ധരുടെയും, ജൈനരുടെയും സവര്ണ്ണ പര്യായങ്ങളായ ക്ഷത്രിയ വൈശ്യ വിഭാഗങ്ങള് കേരളത്തില്‍ വേണ്ടെന്ന്‍ മലയാളി ബ്രാഹ്മണര്‍ തീരുമാനിച്ചതും വളരെ ബുദ്ധിപരമായ തന്ത്രമായിരുന്നു.
തങ്ങളുടെ ദാസ്യവൃത്തിക്കായി ബ്രാഹ്മണര്‍ തിരഞ്ഞടുത്ത ശൂദ്രരെ നരാധമമായ ഹിംസാത്മക ജോലികള്‍ മനസാക്ഷികുത്തില്ലാതെ നിര്‍വ്വഹിക്കാനായി ധാരാളം ആചാരങ്ങളും പുരാണങ്ങളും ഏര്‍പ്പെടുത്തിയതായി കാണാം.
തീണ്ടല്‍, തൊടീല്, തീണ്ടാപ്പാട്, അയിത്തം.
എന്തുകൊണ്ടാണ് പോങ്ങിലിടി എന്ന മനുഷ്യത്വ രഹിത ആചാരം ബ്രാഹ്മണ പൌരോഹിത്യം നടപ്പിലാക്കിയത് എന്ന് മനസ്സിലാകണമെങ്കില്‍ തീണ്ടല്‍, തൊടീല്, തീണ്ടാപ്പാട്, അയിത്തം.. തുടങ്ങിയ ആചാരങ്ങള്‍ എന്താണെന്നും എന്തിനാണെന്നും അറിയേണ്ടതുണ്ട്. ബ്രാഹ്മണരുടെ മുടിഞ്ഞ വൃത്തി ബോധാമാണ് അത്തരം ആചാരങ്ങളുടെ ഉത്ഭവത്തിനു ആധാരം എന്ന വാദം കുറ്റകരമായ നിഷ്ക്കളങ്കതയാണ്. അതിലേക്കു പോകുന്നതിനു മുന്‍പ് ഈ ആചാരങ്ങളെ മനസ്സിലാക്കാം.
ബ്രാഹ്മണര്‍ തങ്ങളുടെ ജാതീയ വ്യവസ്ഥിതി സമൂഹത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയപ്പോള്‍ ഓരോ ജാതിക്കാരും ചെയ്യേണ്ട ജോലി എന്തെന്നും ജീവിതരീതി എങ്ങനെ ആയിരിക്കണം എന്നും കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ജാതി അടിമത്വത്തിന്റെ കീഴിലെ ജീവിതം പരസ്പ്പരം കൂടിക്കലര്‍ന്ന്‍ ജാതി നുകത്തില്‍ നിന്നും അടിമകള്‍ രക്ഷപ്പെട്ട് ബ്രാഹ്മണ മേധാവിത്വത്തിനു വെല്ലുവിളി ആകാതിരിക്കാന്‍ ഓരോ ജാതികള്‍ക്കും പെട്ടെന്ന് തിരിച്ചറിയാനുള്ള ഹെയര്‍ സ്റ്റൈലും പൂണൂലും വേഷഭൂഷാധികളും മാറ് മറക്കാതിരിക്കലും കുട വടി തുടങ്ങിയ അടയാളങ്ങളും കൃത്യമായി നിഷ്ക്കര്ഷിച്ച് തങ്ങളുടെ വളര്‍ത്തു പട്ടികളായ ശൂദ്ര രാജാക്കന്മാരെക്കൊണ്ട് സാമൂഹ്യ നിയമമായി അവ നടപ്പിലാക്കിക്കുകയാണ് ചെയ്തിരുന്നത്. ബ്രാഹ്മണനും അവന്‍റെ വിശുദ്ധ പശു രാഷ്ട്രീയത്തിനും താഴെയുള്ള ശൂദ്ര രാജാക്കന്മാര്‍ അടക്കമുള്ള എല്ലാ അടിമ ജാതികള്ക്കും ബ്രാഹ്മണരില് നിന്നും അകന്നു നില്‍ക്കേണ്ട ദൂരം വളരെ കണിശമാണ്.
തീണ്ടല്‍ ദൂരം
നമ്പൂതിരി ബ്രാഹ്മണരില്‍ നിന്നും നായര്‍ 16 അടി ദൂരവും ഈഴവന്‍ 32 അടി ദൂരവും (ചേരമാന്‍ പെരുമാളിന്‍റെ ബന്ധുവായ) പുലയന്‍ 64 അടി ദൂരവും മാറി നില്ക്കണമായിരുന്നു. പൊതു ജീവിതത്തില് ജാതീയ അകലം തിരശ്ചീനമാണേങ്കിലും മാനവിക മൂല്യ തലത്തില്‍ പുലയനില്‍ നിന്നുള്ള 64 അടി ദൂരം ബ്രാഹ്മണനെ സമൂഹത്തിന്‍റെ ഉന്നതമായ തലത്തിലേക്ക് ഉയര്‍ത്തുകയും പുലയനെ 64 അടി താഴ്ച്ചയിലേക്ക് ചവിട്ടി താഴത്തുകയും ചെയ്തിരുന്നു.
ബ്രാഹ്മണന്റെ ഭ്രുത്യനായിരുന്ന നായരില് നിന്നും ഈഴവന്‍ 16 അടിയും പുലയന് 32 അടിയും അകന്നു നില്ക്കണം. ഈഴവനില്‍ നിന്നും പുലയന്‍ ആറടിയെങ്കിലും മാറി നില്ക്കണം. ഉള്ളാട ജാതിക്കാരെ ബ്രാഹ്മണന് വളരെ ദൂരെ നിന്നും കണ്ടാല് പോലും ബ്രാഹ്മണന്‍ ആയിത്തമാകും.
പരസ്പ്പരമുള്ള ഈ ജാതീയ ദൂരത്തിന്റെ പരിധി/ അതിര്ത്തി ലംഘിച്ച് ആരെങ്കിലും അടുത്തുപോയാല് ഉയര്ന്ന ജാതിക്കാരന് ആയിത്തമായി. പരസ്പ്പരം തൊട്ടുപോയാല്‍ “തൊടീല്‍” ആയി.
മേല് ജാതിക്കാരന് കുളിയും പുണ്ണ്യഹവും നടത്തിയാല്‍ അയിത്തം മാറിക്കിട്ടും. എന്നാല്‍ , അയിത്തത്തിനു കാരണക്കാരായ നിയമ ലംഘകരായ കീഴ് ജാതിക്കാര്‍ ബ്രാഹ്മണ ശാപത്തിനും കോപത്തിനും ശൂദ്ര രാജാവിന്‍റെ ശിക്ഷക്കും വിധേയമായിരുന്നു.
ജാതീയ നീതി ബോധത്തിന്‍റെ ഈ തീണ്ടല്‍ നിയമം ഉപയോഗിച്ച് കുറ്റവും ശിക്ഷയും നടപ്പാക്കിക്കൊണ്ട് ശൂദ്രര്‍ (നായന്മാര്‍) ബൌദ്ധരുടെ സാമൂഹ്യ പദവികളും സ്വാധീനവും ഇല്ലാതാക്കാനായി പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തങ്ങള്‍ക്കു വിധേയരാകാത്തവരുടെ തല അരിഞ്ഞെടുക്കണമെന്ന ബ്രാഹ്മണ നിര്ദ്ദേശം അനുസരിക്കേണ്ടി വന്നിരിക്കാം.
”ഇഞ്ച പടര്‍ന്നു കയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്”
“ഇഞ്ചത്തലയും ഈഴ തലയും എത്രയും ചതച്ചാല് അത്രയും നന്ന് “
” ഇഞ്ചത്തലയും ഈഴ തലയും നീളുമ്പോള്‍ കൊത്തണം”
” ഇഞ്ചത്തലയും ഈഴ തലയും വളര്‍ത്തരുത്”
(പഴഞ്ചൊല്‍ പ്രപഞ്ചത്തില്‍ ഗ്രന്ഥകാരനായ പ്രൊ. പി.സി.കര്‍ത്ത ഇതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം : “ഇഞ്ച പടര്‍ന്നു കയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്” എന്നാണ്.)
തുടങ്ങിയ പഴം ചൊല്ലുകള് മലയാളത്തില്‍ ഉണ്ടാകാന്‍ കാരണം തന്നെ ബൌദ്ധരുടെ തല കൊത്തല്‍ സവര്‍ണ്ണത ഒരു ആചാരമായി ഏറ്റെടുത്തിരുന്നു എന്നതിന്‍റെ തെളിവാണ്.
ഇങ്ങനെ ബൌദ്ധരെ നശിപ്പിക്കുന്നതിനായി തീണ്ടലിന്റെ പേരിലുള്ള അതി നീചമായ നരഹത്യയെ മഹത്വവല്‍ക്കരിക്കാനായി ആരംഭിച്ച ആചാരമായിരിക്കണം പോങ്ങിലിടി.
ഭദ്രകാളിക്കുള്ള നിവേദ്യ നിര്‍മ്മാണത്തിനായി ബൌദ്ധരുടെ തലകള്‍ ശൂദ്ര (നായര്) സ്ത്രീകള്‍ക്ക് അത്യാവശ്യമായി വരുമ്പോള്‍ അവ കാളി ക്ഷേത്രങ്ങളില്‍ ആവശ്യത്തിന് സംഭരിക്കാനായി ശൂദ്ര (നായര്‍) പുരുഷന്മാരെ ചുമതലപ്പെടുത്താന്‍ പ്രയാസമില്ല.
ശൂദ്ര (നായര്‍) സമൂഹത്തെ ഈ വിധം സാംസ്ക്കാരികമായി നായ് കോലമാക്കിയതും അവരെക്കൊണ്ട് നരാധമമായ ഗുണ്ടായിസം രാജഭരണമായി ആടി അഭിനയിപ്പിച്ചതും അതിന്റെ ഗുണഭോക്താക്കളായിരുന്ന ബ്രാഹ്മണ്യം തന്നെയായിരുന്നുവല്ലോ.

പൊങ്ങിലിടി
“പൊങ്ങിലിടിയും” വളരെ വിലപ്പെട്ട ഒരു ചരിത്ര രേഖയാണ്. കേരളത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടു മുതല്‍ ബുദ്ധധര്‍മ്മക്കാരായ (അസവര്‍ണ്ണര്‍/ അവര്‍ണ്ണര്‍) പുലയര്‍/ അരയന്മാര്‍/ആശാരിമാര്‍/ ഈഴവര്‍/തിയ്യര്‍ /മല അരയന്മാര്/…) തുടങ്ങിയ സമുദായക്കാരെ വഴിനടക്കുമ്പോള്‍ സംഭവിക്കുന്ന തീണ്ടല്‍ അയിത്തം ആരോപിച്ച് കൊല്ലുക എന്നത് നായന്മാരുടെ (ശൂദ്രന്മാരുടെ) ഒരു ദിനചര്യയായതില്‍ അതിശയപ്പെടാനില്ല..
ബ്രാഹ്മണര്‍ മനസ്സില്‍ കുത്തി നിറച്ചുകൊടുത്ത അയിത്താചാരത്തിന്റെ മറവില്‍/പ്രേരണയില്‍ ഈ നരാധമ പ്രവൃത്തി നായന്മാര്‍ നിസങ്കോചം ചെയ്തിരുന്നു എന്ന് എത്രയോ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.(ലോഗന്‍, സൊണറാട്ട്, ബുക്കാനാന്‍…). ശൂദ്രന്‍മാര്‍ അരയന്മാരുടെയും, ആശാരിമാരുടേയും ഈഴവരുടെയും തല തീണ്ടാപ്പാടിന്‍റെ അടിക്കണക്ക് വെച്ചു അളന്നു തിട്ടപ്പെടുത്തി കുറ്റകാരായി ബോധ്യപ്പെടുത്തി സവര്‍ണ്ണ രാജ നിയമം അനുസരിച്ച് ആണ് തല വെട്ടിയിരുന്നത്. ശൂദ്രന്‍ ബൌദ്ധന്റെ തല വെട്ടാതിരുന്നാല്‍ രാജാവ് ശൂദ്രന്‍ന്‍റെ തല വെട്ടും.
ഇങ്ങനെ വെട്ടിയെടുക്കുന്ന ബൌദ്ധരുടെ /അവര്‍ണ്ണരുടെ തലകള്‍ കാളി ക്ഷേത്രങ്ങളില്‍ ബലിക്കല്ലില്‍ സമര്‍പ്പിക്കേണ്ടത് ശൂദ്രന്‍റെ ചുമതലയാണ്. കാളി ക്ഷേത്രങ്ങളില്‍ ഈ ബൌദ്ധരുടെ തലകള്‍ ശേഖരിച്ചു സൂക്ഷിക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന പൊങ്ങിലിടി ചടങ്ങാകുംബോഴേക്കും മനുഷ്യ തലകള്‍ വെറും തലയോട്ടികളായി തീര്‍ന്നിരിക്കും.
ബ്രിട്ടീഷ് ഭരണകാലത്ത് ബൌദ്ധരുടെ തല മുറിച്ചു എടുക്കലും, ഒരു വര്ഷക്കാലം അവ സൂക്ഷിക്കലും സാധിക്കാതെ വന്നതുകൊണ്ടായിരിക്കാം ഇളനീര്‍ തേങ്ങ മനുഷ്യന്‍റെ തലയോട്ടി രൂപത്തില്‍ പ്രതീകാത്മകമായി ചെത്തി ഉണ്ടാക്കാന്‍ തുടങ്ങിയത്.
നായര്‍ സ്ത്രീകളെക്കൊണ്ട് തല ഉരലിലിട്ട് ഇടിപ്പിച്ച് ഭദ്രകാളിക്ക് നിവേദ്യമായി സമര്‍പ്പിക്കാന്‍ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണ്യം വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ആരാധനാ ക്രമത്തിന്റെ പ്രതീകാത്മക രൂപാന്തരമായെ “പൊങ്ങിലിടിയെ” കാണാനാകു.
കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നമ്മുടെ നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിലേക്ക് തുറന്നുവെച്ച ഒരു വാതായനമായും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.
ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 2014 വരച്ച ഹിംസയുടെ വേഷ വിധാനങ്ങള് (Costumes of Violence) എന്ന അക്രിലിക് പെയിന്റിങ്ങാണ്. എന്റെ ചിത്രങ്ങളുടെ സമാഹാരമായ അമണ എന്ന പുസ്തകത്തില്‍ ഈ ചിത്രം ഉള്‍പ്പെട്ടിരിക്കുന്നു.

വായനക്കാര്‍ ശ്രദ്ധിക്കുക:
ജാതി മത വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന അസുഖമുള്ളവർ ഇത് വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം എടുക്കേണ്ടതാണ്.

