Sun. Feb 25th, 2024

ഒരു മനുഷ്യായുസ്സു മുഴുവൻ അഭയാർത്ഥിയെ പോലലഞ്ഞ്, ജീവിതം എന്നത് ഒരുത്സവം പോലെ കൊണ്ടാടിയ അയ്യപ്പൻ. ഭ്രാന്തിന്റെ വള പൊട്ടുകൾ “സർറിയലിസം” എന്ന ചങ്ങലക്കണ്ണികളിൽ ഒളിപ്പിച്ചു, കവിതകളുടെ ലോകത്ത്‌ ഉന്മാദമാടിയ അയ്യപ്പൻ. നഗ്നപാദനായി താൻ ചെന്നെത്തിയ ലോകത്തെല്ലാം അനുഭവങ്ങളുടെ ആൽമരത്തറയിലിരുന്ന് അദ്ദേഹം കവിതകളെഴുതി. കവിതയും,വായനയും, മദ്യപാനവും, വ്യഭിചാരവും പിന്നെ ചങ്ങാത്തവും..! ഇതായിരുന്നു അയ്യപ്പന്റെ ലോകം.

മനസ്സിൽ പൂത്തുലഞ്ഞ ഒരായിരം ബിംബങ്ങൾ അക്ഷരം വറ്റാത്ത തൂലികയാൽ പടർത്തിയപ്പോൾ അവയെല്ലാം തന്നെ ജീവനുള്ള, ചലിക്കുന്ന കവിതകളായി മാറി. തന്റെ ജീവിതത്തിലെ കൈപ്പാർന്ന അനുഭവങ്ങളെ കടലാസിന്റെ കൈവരിയിൽ തളച്ചിടാൻ കാതങ്ങളോളം അദ്ദേഹം യാത്ര ചെയ്തു. ഈ യാത്രയിലെല്ലാം തന്നെ വീണുകിട്ടിയ അനുഭവങ്ങൾ ഭ്രാന്തിന്റെ നൂലിഴകളിൽ കോർത്ത് “സർറിയലിസം”എന്ന ഭ്രമാത്മക ചിന്താഗതിയെ മനുഷ്യമനസിലേയ്ക്ക് അടുപ്പിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ശിഥിലബിംബങ്ങൾ എല്ലാം തന്നെ അയ്യപ്പന്റെ വേറിട്ട കാഴ്ചപ്പാടുകൾ ആയിരുന്നു. ഇവയെല്ലാം ഒരു കൊളാഷ് പോലെ കൂട്ടിയിണക്കിയാൽ ആ ദാർശനികനെ തന്നെ നമ്മുക്ക് ദർശിക്കാം.


“എന്റെ വാക്ക്
കരിഞ്ഞുപോയ ഭ്രൂണമാണോ,
എന്റെ വേഗം
കാലുകളറ്റ കുതിരയാണോ.

ഭ്രാന്തിനും മൗനത്തിനുമിടയിയിൽ ഒരു നൂൽപ്പാലമുണ്ടെന്നും അതിലെയാണ് നാമെല്ലാവരും നടക്കുന്നതെന്നും നമ്മെ നിരന്തരം ഓർമ്മിപ്പിച്ച കവിയായിരുന്നു എ അയ്യപ്പൻ. വാക്കുകൾക്ക് വജ്രസൂചിയിയുടെ മൂർച്ച മാത്രമല്ല തിളക്കവുമുണ്ടെന്നും നമ്മെ അറിയിച്ച കവികൂടിയായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തിലെ ഏകാകിയും, ഘോഷയാത്രയിലെ ഒറ്റയാനും, ആരവങ്ങളിലെ നിശബ്ദനുമായ അയ്യപ്പൻ പ്രത്യേകമായ കാഴ്ച്ചപ്പാടുകളിലോ സ്ഥായിയായ വിചാരങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ അടിമയാവാതെയാണ് കവിത എഴുതിയിരുന്നത്

“കരൾ പകുത്തു നൽകാൻ വയ്യെന്റെ പ്രണയമേ..! പാതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ” മുമ്പെപ്പോളോ ക്യാംമ്പസ് പഠനകാലത്ത് ആരോ ചൊല്ലികേട്ട വരികളാണിത്. ഒരുപക്ഷേ അന്നേ എന്നിലെ കൾസ് കുടിയൻ പിച്ചവെച്ച് തുടങ്ങിയതിനാലാവാം ഈ വരികൾ അങ്ങ് ആഴത്തിൽ പതിഞ്ഞതും. പിന്നീടെപ്പോഴോ അറിഞ്ഞു ഈ വരികളുടെ സൃഷ്ടാവിനെ. മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്‌ടിച്ച ബ്രഹ്‌മാവിനെ പോലെ മദ്യംകൊണ്ട് കവിതൾ സൃഷ്‌ടിച്ച അയ്യപ്പൻ…! ഒരു മനുഷ്യായുസ്സു മുഴുവൻ അഭയാർത്ഥിയെ പോലലഞ്, ജീവിതം എന്നത് ഒരുത്സവം പോലെ കൊണ്ടാടിയ അയ്യപ്പൻ. ഭ്രാന്തിന്റെ വള പൊട്ടുകൾ “സർറിയലിസം” എന്ന ചങ്ങലക്കണ്ണികളിൽ ഒളിപ്പിച്ചു, കവിതകളുടെ ലോകത്ത്‌ ഉന്മാദമാടിയ അയ്യപ്പൻ. നഗ്നപാദനായി താൻ ചെന്നെത്തിയ ലോകത്തെല്ലാം അനുഭവങ്ങളുടെ ആൽമരത്തറയിലിരുന്ന് അദ്ദേഹം കവിതകളെഴുതി. കവിതയും, വായനയും, മദ്യപാനവും, വ്യഭിചാരവും പിന്നെ ചങ്ങാത്തവും..! ഇതായിരുന്നു അയ്യപ്പന്റെ ലോകം.


“ആരുതരുതെന്നു നിലവിളിച്ചിട്ടും പ്രേമമേ നീയെന്റെ നിഴലിൽ ചവിട്ടുന്നു” പ്രണയത്തെക്കുറിച്ച് അയ്യപ്പൻ എഴുതിയ വരികളാണിവ. മനസ്സിൽ പ്രണയമുണ്ടായിരുന്നു എങ്കിലും ഒരിക്കൽ പോലും ഒരു പെണ്ണിന്റെ പേരിനുപിന്നിൽ തന്റെ നാമം ചേർക്കാൻ അദ്ദേഹം മെനക്കെട്ടില്ല. ഒരു പെണ്ണ് ഒരാളുടേതു മാത്രമല്ല എന്നുറക്കെ പറഞ്ഞ അയ്യപ്പൻ തന്റെ ജീവിതത്തിൽ പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്നും, എന്നാൽ അവരുടെ ആരുടേയും വിലാസത്തിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഒരൊറ്റയാനെപോലെ നടന്നകന്നു. വേശ്യക്ക് ചുംബനം കൊടുത്ത കഥകളും, അവരോട് അനുരാഗം കാട്ടിയതുമൊക്കെ അയ്യപ്പനെപോലെ തുറന്ന് സമ്മതിക്കാൻ ഇന്നത്തെ എത്ര എഴുത്തുകാർക് ധൈര്യമുണ്ട്? ഈ ധൈര്യമാണ് എ. അയ്യപ്പനെ ആൾക്കൂട്ടത്തിലെ ഒറ്റയാനാക്കുന്നതും.

മനസ്സിൽ പൂത്തുലഞ്ഞ ഒരായിരം ബിംബങ്ങൾ അക്ഷരം വറ്റാത്ത തൂലികയാൽ പടർത്തിയപ്പോൾ അവയെല്ലാം തന്നെ ജീവനുള്ള, ചലിക്കുന്ന കവിതകളായി മാറി. തന്റെ ജീവിതത്തിലെ കൈപ്പാർന്ന അനുഭവങ്ങളെ കടലാസിന്റെ കൈവരിയിൽ തളച്ചിടാൻ കാതങ്ങളോളം അദ്ദേഹം യാത്ര ചെയ്തു. ഈ യാത്രയിലെല്ലാം തന്നെ വീണുകിട്ടിയ അനുഭവങ്ങൾ ഭ്രാന്തിന്റെ നൂലിഴകളിൽ കോർത്ത് “സർറിയലിസം”എന്ന ഭ്രമാത്മക ചിന്താഗതിയെ മനുഷ്യമനസിലേയ്ക്ക് അടുപ്പിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ശിഥിലബിംബങ്ങൾ എല്ലാം തന്നെ അയ്യപ്പന്റെ വേറിട്ട കാഴ്ചപ്പാടുകൾ ആയിരുന്നു. ഇവയെല്ലാം ഒരു കൊളാഷ് പോലെ കൂട്ടിയിണക്കിയാൽ ആ ദാർശനികനെ തന്നെ നമ്മുക്ക് ദർശിക്കാം.


മലയാള ആധുനികകവിതയുടെ ശൈശവത്തിൽ തന്നെയാണ് അയ്യപ്പൻ കടന്നു വരുന്നതും. വൃത്തങ്ങളും, താളങ്ങളും കവിതയുടെ മുഖമുദ്രയാക്കിയ ചുള്ളിക്കാടും, കടമ്മനിട്ടയും, കക്കാടും, സച്ചിദാന്ദനും ഒക്കെ എഴുതാൻ ഒരുപാടുണ്ടായിരുന്നു. പക്ഷെ അവരുടെയൊന്നും കവിതയിലില്ലാത്ത എന്തോ ഒന്ന് അയ്യപ്പന്റെ കവിതയിൽ ഉണ്ടായിരുന്നു. അത് ഒരു സാധാരണക്കാരന്റെ ജീവിതമായിരുന്നു. അവന്റെ മജ്ജയും മാംസവും ഒരു വൃത്തത്തിന്റെയോ താളത്തിന്റെയോ അകമ്പടിയില്ലാതെ അദ്ദേഹമെഴുതി. “അത്താഴം” എന്ന കവിത അതിനൊരു ഉദ്ദാഹരണം മാത്രം. സമൂഹത്തിൽ ഭ്രഷ്ട് കൽപ്പിച്ചവരെ, ക്രൂശിച്ചവരെ, ഇങ്ങനെ പലരുടെയും അനുഭവങ്ങൾ അദ്ദേഹം തന്റെ കവിതകളിൽ പാത്രമാക്കി. അവരെ തന്റെ കാഴ്‍ചയിലൂടെ നോക്കികണ്ടു. യേശുക്രിസ്തു, ബുദ്ധൻ, വാൻഗോഗ്, കോമാളി, ഭ്രാന്തൻ, ജയിൽപുള്ളി, പ്രവാസി, ആരാച്ചാർ, സഞ്ചാരി, അഭിസാരിക,അങ്ങനെ എത്രെയോ ജീവിതങ്ങൾ അദ്ദേഹം കടലാസിൽ പകർത്തി. ഇവയിൽ എല്ലാംതന്നെ അദ്ദേഹത്തിന്റെ ആത്മാംശം ഉണ്ടായിരുന്നു. ആ ഒറ്റപെടലുകൾ കവിയുടെ ഒറ്റപെടലുകൾ ആയിരുന്നു.

1949 ഒക്‌ടോബർ 27-നു തിരുവന്തപുരത്തുള്ള നേമത്തു ഒരു സ്വർണ്ണപണിക്കാരന്റെ മകനായി ജനനം. സ്വർണത്തിന്റെ ലോകതേയ്‌ക്കു അദ്ദേഹം പിച്ചവെയ്ക്കും മുൻപേ യുവതിയായ അമ്മയുടെ മിന്നറ്റു. ശേഷം അമ്മയുടെയും രണ്ടു വയസ്സ് മൂത്ത സഹോദരിയോടുമൊപ്പമുള്ള ജീവിതം. പിന്നീട് അമ്മയും പോയി. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ സെക്രട്ടറിയായിരുന്നു അയ്യപ്പൻ.


ആർ.സുഗതന്റെയും, സി.അച്ചുതമേനോന്റെയും സ്വാദീനം അയ്യപ്പനെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാക്കി. പഠനകാലത്തു തന്നെ ജയിൽവാസം അനുഷ്ഠിച്ച അയ്യപ്പൻ ഇരുപത്തിയൊന്നാം വയസ്സിൽ അക്ഷരം മാസികയുടെ പ്രസാധകനും, പത്രാധിപരുമായി മാറി. ഇടക്കാല ത്ത് ബോംബെ വേദി പത്രത്തിന്റെ കറസ്സ് പോണ്ടന്റായി പ്രവർത്തിച്ച അദ്ദേഹം ഈ കാലത്ത് കവിതകളെഴുതി തുടങ്ങി. ബഷീർ കൃതകളോടായിരുന്നു അയ്യപ്പന് പ്രിയം. തന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയും. അഭ്രപാളികളിൽ അത്ഭുതം വിരിയിച്ച ജോൺ എബ്രഹാം അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു. മദ്യമെന്ന താഴ്വരയിൽ പൂത്തുലഞ്ഞു, വാടിക്കരിഞ്ഞു, ചേതനയറ്റ രണ്ടു സുഹൃത്തുക്കൾ. മദ്യപിക്കാത്ത അയ്യപ്പൻ മൗനിയായിരുന്നു. ആർത്തുല്ലസിച്ചു കവിതകൾ പാടുന്ന അയ്യപ്പനെ കാണണമെങ്കിൽ മദ്യം വേണമെന്നു സാരം. സിരകളിൽ മദ്യവും, കണ്ണുകളിൽ വിപ്ലവവും, കൈതുമ്പത് കവിതകളും..! അതായിരുന്നു അയ്യപ്പൻ. സ്വന്തം അച്ചുതണ്ടിൽ തിരിഞ്ഞൊരു കവി, അസ്തമയങ്ങളിൽ തന്റെ കൂട്ടുകാരുടെ അടുത്ത് ഏതു ലോകത്തുനിന്നും കാൽനടയായി എത്താൻ കൊതിച്ചവൻ.

മരണക്കിടക്കയിലും അയ്യപ്പന്റെ കീശയിൽ മഷിയുണങ്ങാത്ത ഒരു കവിതയുണ്ടായിരുന്നു. കവിതയുടെ ലോകത്തു ജീവിച്ച് കവിതയുടെ ലോകത്തു അദ്ദേഹം മരിച്ചുവീണു. ആരും തിരിഞ്ഞു നോക്കാനില്ലാതെ തമ്പാനൂരിൽ മണിക്കൂറുകളോളം കിടന്നപ്പോളും അയ്യപ്പൻ പരിഭ്രമിച്ചു കാണില്ല. കാരണം ജീവിതം എന്തെന്ന് പഠിച്ചവന് മരണത്തെക്കുറിച്ചു വിശാലമായ ഒരു കാഴ്ചപാട് കാണും.

“സുഹൃത്തേ, മരണത്തിനപ്പുറവും ഞാൻ ജീവിക്കും
അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും” (എ.അയ്യപ്പൻ)

1999-ൽ ‘വെയിൽ തിന്നുന്ന പക്ഷി’ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടി.
ആശാൻ പുരസ്കാരമടക്കം മറ്റു നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ: കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ഗ്രീഷ്മവും കണ്ണീരും, ചിറകുകൾ കൊണ്ടൊരു വീട്, കൽക്കരിയുടെ നിറമുള്ളവൻ, പ്രവാസിയുടെ ഗീതം, ഭൂമിയുടെ കാവൽക്കാരൻ, കാലം ഘടികാരം.