പി. തിലോത്തമൻ (ബഹു:ഭക്ഷ്യവകുപ്പ് മന്ത്രി)
പോഷകാഹാരം വേണ്ടത്ര ലഭിക്കാത്ത മനുഷ്യർ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലകളിലാണ്. 30 കോടിയോളം പേരാണ് പോഷകാഹാരമില്ലാതെ ഈ മേഖലയിൽ ജീവിക്കുന്നത്. ലോക ജനസംഖ്യയുടെ 12% അപ്രകാരം കഴിയുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിൽ മൂന്നിൽ ഒന്ന് ഭാഗം ഉപയോഗിക്കപ്പെടാതെ ദുർവ്യയം ചെയ്യുന്നു. എഫ്എഒ കണക്കുപ്രകാരം ലോകത്ത് 130 കോടി ടൺ ഭക്ഷ്യ വസ്തുക്കളാണ് ഒരു വർഷം പാഴാകുന്നത്.

മനുഷ്യസമൂഹത്തിന്റെ വികാസപ്രക്രിയയുടെ അടിസ്ഥാനശിലയാണ് കൃഷി. വേട്ടയാടിയും, പഴവർഗ്ഗങ്ങൾ ശേഖരിച്ചും, ഭക്ഷണാർത്ഥം അലഞ്ഞുതിരിഞ്ഞിരുന്ന നരവംശത്തിന് വലിയ പരിണാമങ്ങൾ സംഭവിച്ചത്, അവർ കാർഷികവൃത്തി ആരംഭിച്ചതിലൂടെയാണ്. സംസ്ക്കാരങ്ങളുടെ ആവിർഭാവവും അവിടെനിന്നും തുടങ്ങുന്നു. പ്രാചീന സംസ്കൃതികളെല്ലാം കൃഷിയോഗ്യമായ നദീതടങ്ങളിലായിരുന്നുവല്ലോ.? യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതട സംസ്ക്കാരവും, നെയിൽ നദീതട ഈജിപ്ഷ്യൻ സംസ്ക്കാരവും, സിന്ധുനദീതട സംസ്ക്കാരവും ഇത് വ്യക്തമാക്കുന്നു. ജീവജാലങ്ങൾക്ക് പൊതുവേയും മനുഷ്യന് സവിശേഷിച്ചും ശാരീരികവും മാനസികവുമായ ആവശ്യമാണ് ഭക്ഷണം. ആദിമകാലം മുതലെ മിശ്രഭുക്കായ മനുഷ്യരാശി ആധുനികകാലത്തും ബഹുഭൂരിപക്ഷവും ആ ഭക്ഷണക്രമമാണ് പിന്തുടരുന്നത്. നമുക്കാവശ്യമുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളേയും, മൃഗങ്ങളേയും സൂക്ഷ്മജീവികളേയും കൂട്ടത്തോടെ പരിപാലിച്ച് വളർത്തുകയും അവ പാകമാകുമ്പോൾ, ആ ഉൽപ്പന്നങ്ങൾ ശേഖരിച്ച് ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കൃഷി എന്ന് പൊതുവേ പറയാം. കൃഷിയെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ പരമപ്രധാന്യമുള്ളതാണ് കാലാവസ്ഥ.
മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി ഭക്ഷ്യക്ഷാമം ഉയർന്നുവന്ന സാഹചര്യത്തിൽ, 1945 ഒക്ടോബർ 16ന് ഐക്യരാഷ്ട്ര സംഘടനയുടെ ഉപവിഭാഗമായി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) രൂപീകൃതമായി. പട്ടിണിരഹിതമായ മനുഷ്യസമൂഹം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എഫ്എഒ യുടെ സ്ഥാപകദിനമായ ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായും ഒക്ടോബർ 17 ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായും ആചരിക്കുന്നു. ക്ലൈമറ്റ് ഈസ് ചെയ്ഞ്ചിങ്, ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ടൂ…. എന്ന ഈ വർഷത്തെ ഭക്ഷ്യദിന സന്ദേശത്തിന്റെ ഭാഗമായാണ്; നാം ‘മാറുന്ന കാലാവസ്ഥയും, മാറേണ്ട ഭക്ഷണ-കാർഷിക രീതിയും’ എന്ന വിഷയം ചർച്ച ചെയ്യുന്നത്.
പ്രവചനാതീതമായ കാലാവസ്ഥ ലോകമെമ്പാടും കൃഷിയുടെ താളം തെറ്റിച്ചിരിക്കുന്നു. അപ്രതീക്ഷിതമായ കൊടുംവരൾച്ചയും, കനത്ത മഴയും സംഭവിക്കുന്നു. ഇവ മൂലവും അന്തരീക്ഷ ഊഷ്മാവിലെ വർധനവ് മൂലവും പ്രകടമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കൂടുതൽ രൂക്ഷമാകുമെന്നും, ആഗോള കാർഷികോത്പാദനത്തേയും ഭക്ഷ്യഭദ്രതയേയും അട്ടിമറിക്കുമെന്നും വിവിധ പഠനങ്ങൾ മൂന്നാര്റിയിപ്പ് നൽകുന്നു. കൃഷിയുമായി ബന്ധപ്പെട്ട്, കാർഷികോത്പാദനം, മൃഗസംരക്ഷണം, മത്സ്യം വളർത്തൽ, മണ്ണ്, ജലം, വനം, ജൈവ വൈവിധ്യം, സാമുദ്രിക ജൈവ മണ്ഡലം തുടങ്ങിയ സമസ്ത മേഖലകളേയും കാലാവസ്ഥാ മാറ്റം ദോഷകരമായി ബാധിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ അടിസ്ഥാന കാരണം ആഗോള താപനം ആണ്. പെട്രോളിയം ഉത്പന്നങ്ങളും, വൻതോതിലുള്ള വ്യവസായ വൽക്കരണവും, വനനശീകരണവും, ആധുനിക കൃഷിരീതികളും, ആഗോളതാപനത്തിന്റെ കാരണങ്ങളാണ്. ഇതിന് നിദാനം ആകുന്ന ഹരിതഗൃഹ വാതകത്തിന്റെ ഉറവിടത്തിൽ 14 ശതമാനം കൃഷിയിൽ നിന്നാണെന്ന് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. വ്യാപകമായി കൃഷിയിൽ ഉപയോഗിക്കുന്ന നൈട്രജൻ രാസവളങ്ങളിൽ നിന്നുണ്ടാകുന്ന നൈട്രസ് ഓക്സൈഡാണ് ഒരു പ്രധാന ഹരിതഗൃഹ വാതകം.
കാലാവസ്ഥാ മാറ്റം കാരണം 2050 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യ ഉത്പാദനം 9 മുതൽ 21 ശതമാനം വരെ കുറയുമെന്ന് എഫ്എഒ പ്രവചിക്കുന്നു. ഹരിതഗൃഹവാതക വിസർജനം മാറ്റമില്ലാതെ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആഗോള താപനില 6.4 ഡിഗി കണ്ട് ഉയരുമെന്ന് ശാസ്ത്രഞ്ജർ മൂന്നാര്റിയിപ്പു നൽകുന്നു. ജനങ്ങളുടെ ജീവിതവും സമ്പദ്വ്യവസ്ഥയും, ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയും അട്ടിമറിക്കാൻ കേവലം 2 ഡിഗ്രിയുടെ വർദ്ധനവു മാത്രം മതിയെന്നോർക്കുക. കൂടിയ താപ നില ചെടികളുടെ വളർച്ചാ കാലഘട്ടത്തെ ഗണ്യമായി കുറയ്ക്കും. നിർണ്ണായക വളർച്ചാകാലഘട്ടത്തിൽ താപനില 34 ഡിഗ്രി സെൽഷ്യസ് കടന്നാൽ നെല്ലിന്റെ ഉത്പാദനം കുറയും. താപനിലയിലെ ഓരോ ഡിഗ്രി സെൽഷ്യസിന്റേയും വർദ്ധനവ് ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനത്തിൽ 40-50 ലക്ഷം ടൺ കുറവ് വരുത്തിയേക്കാം.
രാജ്യത്ത് നെല്ലും, ഗോതമ്പും ഉത്പാദിപ്പിക്കുന്ന മേഖലകളിൽ തന്നെ കാലാവസ്ഥാവ്യതിയാനം മാറ്റം വരുത്തിയേക്കാം. ഈ ധാന്യങ്ങളുടെ കൃഷിക്ക് ഇപ്പോൾ അനുയോജ്യമായ പല പ്രദേശങ്ങളും ചൂട് കൂടുന്നതോടെ ഉപേക്ഷിക്കേണ്ടതായി വരും. ചൂടുകൂടുന്നതോടെ വിളകൾ നേരത്തെ മൂപ്പെത്തുകയും നെല്ലിലും ഗോതമ്പിലും മറ്റും മണി നിറയ്ക്കൽ (ഗ്രയിൻ ഫില്ലിങ്) നടക്കാതെയാവുകയും ചെയ്യുന്നതോടെ ഉത്പാദനം കുറയും. ചൂട് കൂടിയ കാലാവസ്ഥ വിളകളിലെ പ്രോട്ടീൻ അളവ് കുറയ്ക്കുമെന്നതിനാൽ കീടങ്ങളുടെ ആക്രമണം കൂടും. പുതിയ കീടങ്ങളും, രോഗങ്ങളും, കളകളും വിളകളെ കൂട്ടത്തോടെ ആക്രമിച്ചു തുടങ്ങും. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലാവസ്ഥയും കാരണം രോഗങ്ങളുടെ ആക്രമണം പ്രവചിക്കാൻ ആവില്ല.
കാലാവസ്ഥാ വ്യതിയാനം, കൃഷിയുടെ പാരിസ്ഥിതിക അടിത്തറയെത്തന്നെ തകർക്കും. നമ്മുടെ രാജ്യത്ത് കാലവർഷാധിഷ്ഠിതമായ കൃഷി സമ്പ്രദായം ആയതിനാൽ മൺസൂൺ മഴയിൽ ഉണ്ടാകുന്ന പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയിലെ ഭക്ഷ്യ ഉത്പാദനത്തെ അസ്ഥിരപ്പെടുത്തുന്നു. മൺസൂണിന്റെ അപ്രതീക്ഷിതമായ വിരാമങ്ങളും കണക്കു കൂട്ടാത്ത ഇടവേളകളും മഴയെ ആശ്രയിച്ചുള്ള കൃഷിയെ തകർക്കും. തുടർച്ചയായ വിളനാശം ആയിരിക്കും ഇതിന്റെയെല്ലാം ഫലം. ചൂട് കൂടുന്ന കാലാവസ്ഥയിൽ കീടനിയന്ത്രണത്തിന് കൂടുതൽ കീടനാശിനി ഉപയോഗിക്കേണ്ടതായും തന്മൂലം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉളവാകുകയും ചെയ്യും.
സമുദ്രജലത്തിന്റെ ചൂട് കൂടുന്നതോടെ മത്സ്യങ്ങളുടെ വൈവിധ്യവും പ്രജനനവും അപകടത്തിലാവും. തണുപ്പുള്ള പ്രദേശങ്ങളിലേക്ക് മത്സ്യങ്ങൾ പലായനം ചെയ്യുന്നതോടെ ഉഷ്ണമേഖല പ്രദേശങ്ങളിൽ മത്സ്യബന്ധനം പ്രതിസന്ധിയിലാവും. ചൂട് കൂടിയ കാലാവസ്ഥയിൽ ശുദ്ധജല ലഭ്യത വലിയ വെല്ലുവിളികൾ ഉയർത്തും. ലോക ജനതയുടെ 30% ഇപ്പോൾതന്നെ ശുദ്ധജലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ജീവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം 2050ൽ ഇവരുടെ സംഖ്യ 50 ശതമാനം ആയും ഉയരും. ശുദ്ധജല സ്രോതസ്സുകളുടെ അമിതമായ ചൂക്ഷണം ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് താഴുന്നതിന് ഇടയാക്കും. ജലത്തിനൊപ്പം മണ്ണും മരിക്കുന്ന അവസ്ഥയുണ്ടാവും. മണ്ണിലെ ഈർപ്പവും ജൈവാംശവും കുറയും. കാലിത്തീറ്റ ഉത്പാദനം കുറയുന്നതോടെ കന്നുകാലികളും മൃഗസമ്പത്തും ചൂടേറിയ കാലാവസ്ഥയിൽ കൂടുതൽ രോഗാവസ്ഥകൾ ഏറ്റുവാങ്ങേണ്ടി വരും. താപസമ്മർദ്ദം പശുക്കളുടെ പാലുൽപാദനത്തേയും ബാധിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന ഘടകമായ ഹരിതഗൃഹ വാതക വിസർജ്ജനത്തിന്റെ പ്രധാന ഉറവിടം ആണ് കൃഷിയെങ്കിലും, അതിന് കൃഷിയിലൂടെ തന്നെ പരിഹാരം കണ്ടെത്താൻ കഴിയേണ്ടതുണ്ട്. മണ്ണിലും ചെടികളിലും കാർബൺ സംഭരിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശേഷി കൃഷിക്കുണ്ട്. കൃഷിയിലും മൃഗസംരക്ഷണത്തിലും അനുയോജ്യമായ സാങ്കേതിക വിദ്യകൾ പിന്തുടർന്നാൽ ഏകേദശം 6 ജി ടി കാർബൺഡയോക്സൈഡ് അന്തരീക്ഷത്തി ൽനിന്നും സ്വീകരിച്ച്, കൃഷിയിലൂടെ മണ്ണിലും ചെടികളിലും സംഭരിച്ച് വയ്ക്കാം.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ ശേഷിയുള്ള വിത്തിനങ്ങളുടെ വികസനം, ബഹുവംശ വിളകളുടെ കൃഷി, ആവർത്തന വിളകളുടേയും പയറു വർഗ്ഗങ്ങളുടേയും കൃഷി, ഉഴവു കുറഞ്ഞതോ വേണ്ടാത്തതോ ആയ കൃഷി, തരിശായി കിടക്കുന്നത് ഒഴിവാക്കൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ആഗോള താപനത്തേയും കാലാവസ്ഥ വ്യതിയാനങ്ങളേയും പ്രതിരോധിക്കാൻ നമുക്ക് ശ്രമം തുടങ്ങണം. ഭക്ഷ്യ ഭദ്രത സംബന്ധിച്ച് എഫ്എഒ 2013ൽ പുറത്തിറക്കിയ റിപ്പോർട്ടു പ്രകാരം ലോകത്ത് 84 കോടി മനുഷ്യർ പട്ടിണിയിലാണ്.
പോഷകാഹാരം വേണ്ടത്ര ലഭിക്കാത്ത മനുഷ്യർ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലകളിലാണ്. 30 കോടിയോളം പേരാണ് പോഷകാഹാരമില്ലാതെ ഈ മേഖലയിൽ ജീവിക്കുന്നത്. ലോക ജനസംഖ്യയുടെ 12% അപ്രകാരം കഴിയുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിൽ മൂന്നിൽ ഒന്ന് ഭാഗം ഉപയോഗിക്കപ്പെടാതെ ദുർവ്യയം ചെയ്യുന്നു. എഫ്എഒ കണക്കുപ്രകാരം ലോകത്ത് 130 കോടി ടൺ ഭക്ഷ്യ വസ്തുക്കളാണ് ഒരു വർഷം പാഴാകുന്നത്. ഭക്ഷ്യ ഉത്പാദനവും വിതരണവും വലിയ പ്രതിസന്ധി നേരിടുമ്പോഴും പരിസ്ഥിതിയെ തന്നെ തകർക്കുന്ന വിധത്തിൽ നടക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ ദുർവ്യയം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
ഭക്ഷ്യോൽപന്നങ്ങളുടെ പാഴാക്കലിൽ 54ശതമാനവും സംഭവിക്കുന്നത് ഉത്പാദനം സംഭരണം എന്നീ ഘട്ടങ്ങളിലാണ്. സംസ്ക്കരണം, വിതരണം എന്നീ ഘട്ടങ്ങളിൽ പാഴാക്കലിന്റെ 46 ശതമാനം സംഭവിക്കുന്നു. ഭക്ഷ്യവിതരണ ശൃംഖലയിലെ കാര്യശേഷിയില്ലായ്മയാണ് പ്രശ്നം. മോശമായ അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യയുടെ കുറവ്, വൈവിധ്യമില്ലായ്മ ഭരണനിർവ്വഹണത്തിലെ പ്രാപ്തിക്കുറവ് തുടങ്ങിയവയ്ക്കു പുറമെ പ്രകൃതിക്ഷോഭങ്ങളും ഇതിനു കാരണമാകുന്നു. ഉപഭോക്താക്കളും വിൽപനക്കാരും മറ്റും മനപ്പൂർവ്വം ഭക്ഷ്യയോഗ്യമായ വസ്തുക്കൾ ഉപേക്ഷിക്കുന്നതും ഭക്ഷ്യ നഷ്ടം ഉണ്ടാക്കുന്നു. ഉപഭോക്താക്കളുടെ ആഹാരശീലങ്ങളും ആവശ്യത്തിലധികം ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ എത്തുന്നതും ഇതിനു കാരണം ആകുന്നു.
വികസ്വര രാജ്യങ്ങളിൽ ഭക്ഷ്യ നഷ്ടം ഉണ്ടാകുന്നത് ഉത്പാദനശൃംഖലയിലാണ്. ഉത്പാദനത്തിന്റെ 30 മുതൽ 40 ശതമാനം വരെ വിപണിയിൽ എത്തുന്നതിനുമുമ്പ് നഷ്ടം സംഭവിക്കുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ വിപണിയിലെത്തിയതിനുശേഷമാണ് കൂടുതൽ പാഴാകുന്നത്. ധനാഢ്യരായ ഉപഭോക്താക്കളുടെ ‘വലിച്ചെറിയൽ മാനസികാവസ്ഥയും’ ആഹരിക്കുന്നതിനേക്കാൾ വാങ്ങിക്കുന്ന സ്വഭാവവും ഇതിനു കാരണമാണ്. ഭക്ഷ്യ ദുർവ്യയം ഒരു വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിലൂടെ ഒരു വർഷം 75000 കോടി ഡോളറാണ് ലോകത്തിന് നഷ്ടമാകുന്നത്. ലഘൂകരിക്കുക, പുനരുപയോഗിക്കുക, പുനരുത്പാദിപ്പിക്കുക എന്നിവയാണ് ഭക്ഷ്യ ഉത്പന്നങ്ങൾ പാഴാകുന്നത് ഒഴിവാക്കാൻ എഫ്എഒ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. വിളവെടുപ്പിനും, സംഭരണത്തിനും, സംസ്ക്കരണത്തിനും, ചില്ലറ വിൽപന പ്രകിയയിലും മെച്ചപ്പെട്ട മാർഗ്ഗങ്ങൾ വികസിപ്പിക്കണം. അമിതമായി കെട്ടിക്കിടക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിക്കുന്നതിനു പകരം ദരിദ്രരുടെ വിശപ്പടക്കാൻ അവ ഉപയോഗിക്കണം. ഭക്ഷ്യ അവശിഷ്ടങ്ങളും മനുഷ്യന് ഭക്ഷ്യ യോഗ്യമല്ലാത്തവയും കന്നുകാലികളുടെ ആഹാരമായി ഉപയോഗിക്കണം.
2050 ആം ആണ്ടിൽ ലോക ജനസംഖ്യ 900 കോടി കവിയും. അന്ന് ലോക ജനതക്ക് ഭക്ഷണം ഉറപ്പുവരുത്തണമെങ്കിൽ ഭക്ഷ്യോൽപാദനം ഇന്നത്തേതിൽ നിന്ന് 70ശതമാനം കണ്ട് വർദ്ധിപ്പിക്കേണ്ടുതുണ്ട്. അതിന് കാർഷികവൃത്തിയെ ഒരു സംസ്ക്കാരമായി വളർത്തിയെടുക്കണം. അതിനായി ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ഭൂപരിഷ്ക്കരണം പ്രാവർത്തകമാക്കി കൃഷി ഭൂമി തരിശിടുന്നതും രൂപമാറ്റം വരുത്തുന്നതും കർശനമായി തടയണം. പാഠ്യപദ്ധതിയിൽ കൃഷിയും ഭക്ഷ്യ ഉത്പാദനവും ഉൾപ്പെടുത്തണം. സുശക്തവും സാർവത്രികവുമായ പൊതുവിതരണ സംവിധാനത്തെ വളർത്തിയെടുക്കണം. ഇവയെല്ലാം അടിസ്ഥാനമാക്കി തീരുമാനം എടുത്ത് മുമ്പോട്ടു പോയാൽ ഈ ഭക്ഷ്യ ദിനാചരണം സാർത്ഥകമാകും.