Sun. Feb 25th, 2024

✍️ സുരേഷ്.സി.ആർ

അരയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ എന്നിവർക്കൊപ്പം കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഇരുപതാം നൂറ്റാണ്ടിൽ സംഗീത ലോകത്തിന് കേരളം നൽകിയ അമൂല്യ സംഭാവനയാണ്‌.

ജന്മനായുള്ള സംഗീതവാസനയും സംഗീത വിദ്വാനായ പിതാവ് അനന്തൻ ഭാഗവതരുടെ കർശനമായ അഭ്യസനവും പിതാവിനെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തുന്ന സംഗീതജ്ഞന്മാരുമായുള്ള സഹവാസവും ചെമ്പൈയെ മികച്ച ഗായകനാക്കി. അനുപമമെന്നും അത്യുത്തമമെന്നു വിശേഷിപ്പിക്കുന്നതും ഗംഭീരത്തിലധിഷ്ഠിതവുമാണ് അദ്ദേഹത്തിന്റെ വെങ്കല നാദം.


ജാതിമത ചിന്തകൾക്കതീതമായി ശിഷ്യരെ സ്വീകരിക്കുകവഴി താൻ ജീവിച്ച കാലത്തിനുമപ്പുറം സഞ്ചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. യേശുദാസ്, ജയവിജയന്മാർ, പല്ലാവൂർ മണി, ടി വി ഗോപാലകൃഷ്ണൻ, ബാലമുരളീകൃഷ്ണ, ആലങ്കുടി രാമചന്ദ്രൻ, പി ലീല, ടി വി രമണി, മനയ്ക്കൽ രാമൻ നമ്പൂതിരി, സി ആർ മണി എന്നിവർ അദ്ദേഹത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ശിഷ്യരിൽ പ്രധാനികളാണ്.

1923-ൽ ‘ചെമ്പൈ സൗജന്യ സംഗീത വിദ്യാലയം’ സ്ഥാപിച്ചു.

1932-ൽ ചെമ്പെെയുടെ ഒരു പാട്ട് ആദ്യമായി റെക്കോഡ് ചെയ്തു.

1946-ൽ വയലിൻ ചക്രവർത്തി ചൗഡയ്യ നിർമ്മിച്ച ‘വാണി’ എന്ന കന്നഡ ചലച്ചിത്രത്തിൽ ചെമ്പെെയുടെ ഒരു ശാസ്ത്രീയഗാനം ഉൾപ്പെടുത്തി.

1931-ൽ മദ്രാസ് മ്യൂസിക് അക്കാഡമിയുടെ സംഗീതകലാനിധി, തഞ്ചാവൂരിൽനിന്ന് ‘സംഗീത സമ്രാട്ട്, ബാംഗ്ലൂരിൽനിന്ന് ഗാനഗന്ധർവ്വ, ഗുരുവായൂരിൽനിന്ന് അഭിനവത്യാഗബ്രഹ്മം തുടങ്ങിയ ബിരുദങ്ങൾ ലഭിച്ചു.

1937-ൽ മൈസൂർ രാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി.

1958-ൽ മികച്ച സംഗീതവിദ്വാനുള്ള ദേശീയ പുരസ്കാരം ലഭിച്ച ചെമ്പൈക്ക് 1973-ൽ ഭാരത സർക്കാർ പദ്മഭൂഷൺ പുരസ്കാരം നൽകി.