ലിബി. സി. എസ്
ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം.തിരുവിതാംകൂർ തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറി കൂടി ആയിരുന്ന മഹാകവി ഉള്ളൂര്‍ ഒരു ദിവസം രാവിലെ ഗുരുവിനെ സന്ദര്‍ശിക്കുന്നതിനായി ശിവഗിരിയിലെത്തി . ഒരു കാറില്‍ എത്തിയ അദ്ദേഹം ശിവഗിരി കുന്നിനു താഴെയുള്ള വഴിയില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ ശേഷം തന്റെ ഔദ്യോഗിക ചിഹ്നങ്ങളായ തലപ്പാവും കസവ് നേര്യതും ഊരി കാറിന്റെ സീറ്റില്‍ വച്ചു, ചെരുപ്പ് ഊരിയിട്ട് കുന്നിന് പടികള്‍ കയറി മുകളിലെത്തി. കുന്നിന്റെ മുകളില്‍ കവിയെ സ്വീകരിക്കുവാന്‍ നാരായണ ഗുരു നിൽക്കുന്നുണ്ടായിരുന്നു അതിഥിയെ സ്വീകരിച്ചു ഗുരു ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോയീ, വളരെനേരം വർത്തമാനം പറഞ്ഞു. കവിതയെ അഗാധമായി സ്നേഹിച്ചിരുന്ന ഒരു കവികൂടി ആയിരുന്ന ഗുരു കവിതയെ കുറിച്ചും സംസാരിച്ചു. ഉള്ളൂരിനോട് അങ്ങേയറ്റം ആദരവോടു കൂടിയാണ് ഗുരു സംസാരിച്ചത്.

മദ്ധ്യാഹ്നം കഴിഞ്ഞതോടെ ഗുരു ഉള്ളൂരിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സ്നേഹപൂര്‍വ്വം ക്ഷണം സ്വീകരിച്ച ഉള്ളൂര്‍ ഗുരുദേവനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലേക്ക് നടന്നു . അവര്‍ അവിടെയെത്തുമ്പോള്‍ ഒന്ന് രണ്ടു സന്യാസി ശിഷ്യന്മാരും കുറെ ദളിത് കുട്ടികളും ഊണ് കഴിക്കുവാന്‍ അവിടെയുണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും യോഗ്യരല്ലെന്ന് ആ കുട്ടികളെ കണ്ടപ്പോള്‍ ഉള്ളൂരിന് തോന്നി. ഉള്ളൂര്‍ ഒന്ന് പകച്ചതായി ഗുരുവിനും തോന്നി.
സാഹിത്യ ഭാവനയുടെ ലോകത്തും വ്യക്തി ജീവിതത്തിലും മാനസിക പുരോഗതിയുടെ പടവുകള്‍ കയറിയ ആ വലിയ മനുഷ്യന് ജാതിയുടെ മുൻപിൽ പതറിയാതായി ഗുരുവിനു മനസ്സിലായി. അടുത്തു നിന്ന ദളിത് കുട്ടികളുടെ തലയില്‍ ഗുരു തടവുന്നുണ്ടായിരുന്നു.

ഗുരുസ്വാമിയുടെ വലതുവശത്ത് തന്നെയാണ് ഉള്ളൂരിനും ഇലയിട്ടിരുന്നത്.തൊട്ടടുത്ത് ഇടതുവശത്തായി മറ്റേ കുട്ടികളും ചോറ് വിളമ്പി പരിപ്പ് കറി ഒഴിച്ച് പിന്നീട് പപ്പടം വന്നു. അപ്പോള്‍ ഗുരു അവരോടു പറഞ്ഞു “പപ്പടം നമുക്ക് ഒരുമിച്ചു പൊടിക്കണം”, ഒരു നിമിഷത്തിനു ശേഷം അവർ പപ്പടങ്ങള്‍ ഉത്സാഹത്തോടെ ഒരുമിച്ച് പൊടിച്ചു. പപ്പടങ്ങള്‍ പട പടാ എന്ന് പോടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരുദേവന് ഉള്ളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?”. ഗുരു ചോദിച്ചത് തന്റെ മനസ്സിലെ ജാതിചിന്ത പോടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാന്‍ ഉള്ളൂരിനു ഒരു നിമിഷം വേണ്ടി വന്നില്ല. അദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
ഈ സംഭവം നടന്നിട്ട് നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേരള സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു. ചൊവ്വ എന്ന കല്യാണം മുടക്കിയായ ഗ്രഹത്തിലേക്ക് ഉപഗ്രഹങ്ങള്‍ അയക്കാന്‍ പോലും ഇന്ത്യ ഇന്ന് പ്രാപ്തമായിക്കഴിഞ്ഞു, എങ്കിലും പൊടിയാത്ത ചിലപപ്പടങ്ങൾ ഇവിടെ അവശേഷിക്കുന്നു.ആവ നമ്മൾ ഒരുമിച്ചു പൊടിക്കണം.എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.