സി.ആർ. സുരേഷ്
ഒക്ടോബർ 2: ഇന്ത്യൻ ചിത്രകലയെ വീടുകളിലെത്തിച്ച വരയുടെ തമ്പുരാൻ, രാജാ രവിവർമ (29 ഏപ്രിൽ 1848 – 1906) ദിനം
മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമായി നിലനിന്ന ഭാരതീയചിത്രകലയെ സ്വതന്ത്രരൂപങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും വിമോചിപ്പിച്ച മലയാളത്തിന്റെ പുത്രനാണ് രാജാ രവിവർമ. പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിനു വിരുദ്ധമായി എണ്ണച്ചായം എന്ന പാശ്ചാത്യ മാധ്യമത്തെ ഇന്ത്യയിൽ പരിചിതമാക്കി.
പാശ്ചാത്യ മാതൃകയിൽ രൂപങ്ങളുടെ ഫോട്ടോഗ്രാഫിക് പകർപ്പുകൾ വരച്ച്, ഭാരതീയചിത്രകലയെ പാശ്ചാത്യവത്കരിച്ചു എന്ന നിലയിൽ അദ്ദേഹം വിമർശനങ്ങൾക്കിരയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ചുമർചിത്രങ്ങൾ, ധൂളി ചിത്രങ്ങൾ, മുഖത്തെഴുത്തുകൾ തുടങ്ങിയ പരമ്പരാഗത രീതികളിലെ മനുഷ്യ ദേവതാരൂപങ്ങളിലും പശ്ചാത്തല ദൃശ്യങ്ങളിലും നിന്നു വ്യത്യസ്തമായവ ആയിരുന്നു രവിവർമ ചിത്രങ്ങൾ.
ക്ഷേത്രങ്ങളിലോ രാജകൊട്ടാരങ്ങളിലോ ഒതുങ്ങി നിന്ന ചിത്രകലയെ പുറത്തെത്തിച്ച് ആർക്കും വാങ്ങാവുന്ന നിലയിലെത്തിച്ചത് രവിവർമയാണ്.
അമ്മാവൻ രാജരാജവർമയിൽ നിന്നാണ് രവിവർമ്മ ചിത്രകല പഠിച്ചത്. 1868-ൽ തിരുവനന്തപുരത്ത് കൊട്ടാരത്തിലെത്തിയ തിയോഡാർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്ന് പാശ്ചാത്യ ശൈലിയും എണ്ണച്ചായാ രചനാ സമ്പ്രദായവും പരിചയപ്പെട്ടു.
തിരുവതാംകൂർ ദിവാൻ സർ. ടി മാധവറാവുവിലൂടെ പരിചയപ്പെട്ട ബറോഡ (വഡോദര) രാജകുടുംബമാണ് രവിവർമയുടെ കലാജീവിതത്തിൽ വലിയ പങ്കുവഹിച്ചത്.

രവിവർമ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡ രാജകുടുംബത്തിന്റെ കൈവശമാണ്.
1873-ൽ ചെന്നൈയിൽ നടന്ന ചിത്രപ്രദർശനത്തിൽ ‘മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ’ ഒന്നാം സമ്മാനം നേടിയതോടെയാണ് രവിവർമ പ്രശസ്തനായത്. തുടർന്ന് ഓസ്ട്രിയയിലെ വിയന്നയിലും ഈ ചിത്രം സമ്മാനം നേടി. 1874 -ൽ ‘തമിഴ് മഹിളയുടെ സംഗീതാലാപാനം’, 1876-ൽ ‘ശകുന്തളയുടെ പ്രേമവീക്ഷണം’ എന്നിവ ചെന്നൈയിൽ ഒന്നാം സ്ഥാനം നേടി. 1893-ൽ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന ലോകപ്രദർശനത്തിൽ രവിവർമയുടെ പത്തു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
1904-ൽ ബ്രിട്ടീഷ് സർക്കാർ ‘കേസർ-ഇ-ഹിന്ദ്’ ബഹുമതി നൽകി
ഹംസദമയന്തി, സീതാസ്വയംവരം, വിശ്വാമിത്ര നും മേനകയും, അർജുനനും സുഭദ്രയും, നർത്തകി, സരസ്വതി, വിരാട രാജധാനിയിലെ ദ്രൗപദി, ഇന്ത്യയിലെ സംഗീതജ്ഞർ, അച്ഛൻ ഇതാ വരുന്നു, ലക്ഷ്മി, യശോദയും കൃഷ്ണനും, കാദംബരി, ശ്രീരാമ പട്ടാഭിഷേകം, സീതാപഹരണം തുടങ്ങിയവയാണ് പ്രശസ്തമായ മറ്റു ചിത്രങ്ങൾ.
രാജസ്ഥാനിലെ ഉദയപ്പൂർ മഹാരാജാവിനു വേണ്ടി വരച്ചുകൊടുത്ത അദ്ദേഹത്തിന്റെ പൂർവികരുടെ ചിത്രങ്ങളിലൊന്നായ ‘മഹാറാണാ പ്രതാപി’ന്റെ ചിത്രം ഛായാപട രചനയിലെ മാസ്റ്റർപീസുകളിലൊന്നാണ്.
ഇന്ത്യയിൽ പലയിടങ്ങളിലുമുള്ള സ്വകാര്യ ശേഖരങ്ങളിലും, തിരുവനന്തപുരത്തെ ആർട്ട് ഗാലറിയിലും, ഡൽഹിയിലെ നാഷ്ണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഉൾപ്പെടെയുള്ള നിരവധി മ്യൂസിയങ്ങളിലുമാണ് രവിവർമ ചിത്രങ്ങളുള്ളത്.
2002-ൽ ഡൽഹിയിൽ നടന്ന ലേലത്തിൽ ‘ യശോദയും കൃഷ്ണനും ‘ 56 ലക്ഷം രൂപയ്ക്ക് വിറ്റുപോയത് ഇന്ത്യയിൽ വിൽക്കപ്പെട്ട ഏറ്റവും വിലയേറിയ പെയിന്റിങ്ങുകളിലൊന്നാണ്.
പാശ്ചാത്യചിത്രകലയിലെ മൂന്നു മഹാപ്രതിഭകളായ പോൾ ഗോഗിൻ, പോൾ സെസെയ്ൻ, വിൻസന്റ് വാൻഗോഘ് എന്നിവർ രവിവർമയുടെ സമകാലികരാണ്.

