Sun. Nov 15th, 2026

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസും മിഷനറീസ് ഒഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസുമാണ് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുറവിലങ്ങാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ.

ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിച്ചാൽ പത്തനംതിട്ട ജില്ലയിലോ ഇടുക്കി ജില്ലയിലോ പത്തേക്കർ സ്ഥലവും ഒരു മഠവും നിർമ്മിച്ച് നൽകാമെന്നായിരുന്നു ഫാ.എർത്തയിലിന്റെ വാഗ്ദ്ധാനം. പിൻവലിച്ചില്ലെങ്കിൽ ഉണ്ടാവുന്ന ഭവിഷത്ത് വലുതാവുമെന്നും ഫാ.എർത്തയിൽ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന വിധേയയായ സിസ്റ്ററെ കാണാൻ രണ്ടു തവണ ഫാ.എർത്തയിൽ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നു. എന്നാൽ നേരിൽ കാണാൻ സാധിച്ചില്ല. പിന്നീടാണ് ടെലിഫോണിലൂടെ സിസ്റ്ററെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇക്കാര്യം അന്നു തന്നെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പീഡന കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് കുര്യനാട് ആശ്രമത്തിലെത്തി ഫാ.എർത്തയിലിനെ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സി.എം.ഐ പ്രിയോർ ജനറാൾ ഫാ.എർത്തയിൽ നിന്നും വിശദീകരണം തേടിയിരുന്നു. തുടർന്ന് ഫാ.എർത്തയിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് മിഷനറീസ് ഒഫ് ജീസസ് പി.ആർ.ഒ സിസ്റ്റർ എം.ജെ.അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തി വിശദീകരണം തേടും. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർക്ക് നോട്ടീസ് അയയ്ക്കുകയാണ് ചെയ്യുക. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.പീഡന പരാതി അന്വേഷിക്കാൻ ഇവർ വച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് സ്വകാര്യ ചടങ്ങിൽ ബിഷപ്പിനൊപ്പമിരിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവും പ്രസിദ്ധീകരിച്ചത്. മൂന്ന് പേജുള്ള റിപ്പോർട്ടിന്റെ അവസാനമാണ് ഒരു വീട് വെഞ്ചിരിപ്പിൽ മറ്റുള്ളവർക്കൊപ്പം ഇരിക്കുന്ന ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും ചിത്രം ഉൾപ്പെടുത്തിയത്.

പി.സി ജോർജിനെതിരെ ക ന്യാസ്ത്രീ പരാതി നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ സ്ത്രീത്വത്തെ അപമാനിച്ചതിന് പി.സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി. വാർത്താ സമ്മേളനത്തിൽ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് പരാതി നൽകിയത്. കോട്ടയം ജില്ലാ പൊലീസ് മേധവി ഹരി ശങ്കറിനാണ് കന്യാസ്ത്രീ പരാതി നൽകിയത്. പരാതി ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുബാഷിന് കൈമാറി.

കന്യാസ്ത്രീക്കിതിരായ പരാതിയുടെ പേരിൽ ഒക്ടോബർ നാലിനകം കോടതിയിൽ ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ ജോർജിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിഭാഷകൻ വിശദീകരണം നൽകുമെന്നാണ് ജോർജിന്റെ നിലപാട്. ജലന്ധർ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13ആം തവണ കന്യാസ്ത്രീ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ ആരോപണം.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622