Sat. Nov 21st, 2026

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി സമരത്തെ വീണ്ടും തള്ളിപ്പറഞ്ഞത്.ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുവെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തി. കന്യാസ്ത്രീ സമരത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായ സമര പരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി എത്തിയതും അവർക്ക് പിന്തുണയുമായ നാല് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിന് വന്നതും സഭയിൽതന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു.

ജലന്ധർ ബിഷപ്പിനെതിരായി കന്യാസ്ത്രീകൾ നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ്പ്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണം.

ബിഷപ്പിനെ രക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടർ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡന കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ് – നിയമ- ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽ.ഡി.എഫ് ഭരണത്തിൽ ഉണ്ടാകില്ല. തെളിവില്ലാത്ത കേസുകളിൽ ആരെയും കുടുക്കുകയുമില്ല.

കുറച്ചുനാൾ മുമ്പ് ഒരു ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക ആക്ഷേപമുണ്ടായി. മറച്ചുവയ്ക്കപ്പെടേണ്ട ശരീരഭാഗം ആ സന്യാസിക്ക് നഷ്ടപ്പെട്ടു. അതുപോലെ ചില മുസ്ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകളുമുണ്ടായി. കൊട്ടിയൂരിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു പുരോഹിതനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പസാര രഹസ്യത്തിന്റെ മറവിൽ ബലാത്സംഗം ചെയ്തെന്ന കേസിൽ ചില വൈദികരെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും സർക്കാർ തയ്യാറായി.

പ്രതികളുടെ ജാതിമതം നോക്കാതെ ശക്തമായ നടപടികളാണ് ഈ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളിൽ തെളിവുണ്ടെങ്കിൽ പ്രതികൾ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനമെന്നും കോടിയേരി പറഞ്ഞു.