ഗോമൂത്രമടങ്ങിയ ദാഹ ശമനിക്ക് പിന്നാലെ പിന്നാലെ ചാണകത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നവുമായി ആര്.എസ്.എസ് പിന്തുണയുള്ള ഗവേഷണ കേന്ദ്രം. ചാണകത്തില്‍ നിന്നും ഇവിടെ വികസിപ്പിച്ച സോപ്പുകള്‍ ഇനി മുതല്‍ ആമസോണ്‍ വഴി വില്പനയ്ക്കുണ്ടാകും! ആര് എസ് എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന ഫാര്‍മസി സ്ഥാപനം ദീന് ദയാല്‍ ദാം ലാബിലാണ് പശുവിന്റെ വിസര്‍ജ്ജ്യത്തില്‍ നിന്നുള്ള അനവധി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.
ഉടന്‍ ഇവര്‍ പുറത്തിറക്കുന്ന ഉത്പന്നത്തില്‍ ചാണക സോപ്പ്, മോദി കുര്‍ത്ത,യോഗി കുര്‍ത്ത തുടങ്ങിയവ ഉള്‍പ്പെടും. ഉത്തർ പ്രദേശിലെ മധുരയില്‍ ആര് എസ് എസ് സംഘടനയുടെ ചുമതലയിലുള്ള ദീന് ദയാല്‍ ധാം ഇതിനകം ആരോഗ്യ-സൗന്ദര്യ മേഖലയില്‍ 30 ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.
സോപ്പിന്റെയും സൗന്ദര്യവർധകവസ്തുക്കളുടെയും ചന്ദനത്തിരികളുടെയും അടിസ്ഥാനഘടകങ്ങൾ ഗോമൂത്രവും ചാണകവുമാണ്. മറ്റു രാസവസ്തുക്കളൊന്നും ഇതിൽ ചേർക്കുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ തന്നെ ഗോശാലയിൽ നിന്നാണ് ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്.
പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓൺലൈൻ വിൽപനയിലേക്കു കടക്കുന്നതെന്നാണ് സ്ഥാപനത്തിന്റെ അവകാശവാദം. പ്രതിമാസം ഒരു ലക്ഷം രൂപയുടെ മരുന്നുകളും മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും ഇപ്പോൾ വിൽക്കുന്നതായും ഇവർ അവകാശപ്പെടുന്നു.
പശുമൂത്രം പ്രധാന അസംസ്കൃത വസ്തുവായി ഉത്പാദിപ്പിക്കുന്ന ഗോമാതാ ഫേയ്സ്പാക്ക് ഉൾപ്പെടെ 30 ഓളം കാമധേനു ശ്രേണിയിലുള്ള ഉത്പന്നങ്ങളാണ് ഉടന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകുന്നത്. 90 പശുക്കളാണ് ഇവിടെ ഫാമിലുള്ളത്.