പി.കെ.ശശി എം.എൽ.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവ് ജീവൻ ലാലിനുമെതിരെ വാട്സാപ്പിൽ പരാമർശം നടത്തിയതിന്റെ പേരിൽ നഗരസഭാ ജീവനക്കാരന് സസ്പെൻഷൻ. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
റിയാസ് അഡ്മിനായ നഗരപാലിക എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് എം.എൽ.എയ്ക്കും ജീവൻ ലാലിനുമെതിരെയുമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നഗരസഭയിലെ ജീവനക്കാരും, മുൻ ജീവനക്കാരും, കൗൺസിലർമാരും അംഗങ്ങളായ വാട്സാപ്പ് കൂട്ടായ്മയാണിത്.
പി.കെ.ശശി എം.എൽ.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവിനും എതിരെ ഉയർന്ന ലൈംഗീക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പാണ് ഗ്രൂപ്പിൽ പ്രചരിച്ചത്. പോസ്റ്റിൽ പാർട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശിക്കുന്നു.
ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നഗരസഭ ചെയർമാൻ വി.വി.രമേശൻ തദ്ദേശ സ്വയംഭരണ വകുപ്പിന് പരാതി നൽകുകയായിരുന്നു. ജീവനക്കാരൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.കൃത്യനിർവഹണത്തിൽ മുഹമ്മദ് റിയാസ് നിരന്തരം വീഴ്ച വരുത്താറുണ്ടെന്നും പരാതിയിലുണ്ട്.
എന്നാൽ തനിക്കെതിരായ നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് റിയാസ് പ്രതികരിച്ചു.