Mon. Nov 23rd, 2026

പ്രശാന്ത് ഗീത അപ്പുൽ

അടുത്തിടെ നടക്കാൻ പോകുന്ന ഒരു ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാറിൻ്റെ കാച്ചിങ്ങ് വേഡ് ഇങ്ങനെയാണത്രേ,

“WOW എന്താലേ ജാതി/ഫെമിനിസം ഒന്നും ഇല്ലാത്ത ശാസ്ത്ര- സ്വതന്ത്ര ചിന്ത സെമിനാർ “

എന്താലേ!!!! നമ്മുക്കും തിരിച്ച് ചോദിക്കാം ശാസ്ത്രം-സ്വതന്ത്ര ചിന്ത വളർത്തുന്നു എന്ന് പറയുന്നവർ ജാതിയെകുറിച്ചോ ഫെമിനിസത്തെ കുറിച്ചോ പറഞ്ഞാൽ അത് എന്തോ നാസ്തികതയിൽ നിന്നുള്ള വഴി പിഴക്കലാണെന്ന് കരുതുന്ന സ്വതന്ത്രചിന്തകരുണ്ടത്രേ അതും ഒന്നും രണ്ടും അല്ല പത്തു മൂവായിരം പേരുണ്ടത്രേ എന്നാൽ അത്രത്തോളം ഗ്ലോബൽ ദുരന്തം വെറെന്തുണ്ട്?

കേരളത്തിൻ്റെയോ ഇന്ത്യയുടെ ചരിത്രത്തിലെവിടെ യെങ്കിലും നാസ്തികതയ്ക്ക് വേണ്ടി സമരം നടന്നിട്ടുണ്ടോ?? അമ്പലത്തിൽ കയറാത്തതിനോ ദൈവത്തെ ആരാധിക്കാതിരിക്കുന്നതിനോ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?? സെമിറ്റിക് മതം പോലല്ല ഹിന്ദു മതം എന്നത് തന്നെയാണ് കാരണം മറിച്ച് ഇവിടെ അമ്പലത്തിൽ കയറ്റാതിരിന്നിട്ടുണ്ട്. ചില ദൈവത്തെ ആരാധിച്ചതിനോ, സന്യസിച്ചതിനോ കൊന്നിട്ടുണ്ട്. ഇതാണ് സെമിറ്റിക് മതങ്ങളും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം.

പലപ്പോഴും യുക്തിവാദത്തിൻ്റെ അടിസ്ഥാന ധാരണകളായ നാസ്തികത ഒരു ചർച്ചയാകാത്തത് പൊതു സമൂഹത്തിന് ‘ധൈര്യമില്ലാത്തത്’ കൊണ്ടാണ്. എന്നാണ് യുക്തിവാദികൾ , സ്വതന്ത്രചിന്തകർ എന്നൊക്കെ സ്വയം വിളിക്കുന്ന ഈ നാസ്തികർ പ്രഖ്യാപിക്കാറ്. എന്നാൽ ഇതല്ല സത്യം നാസ്തികത എന്നത് പുരോഗമന സമൂഹം എറെ കുറെ അംഗീകരിച്ച ഒരു മാനസികാവസ്ഥയാണ്. അതെതാണ്ട് പറഞ്ഞ് സമൂഹത്തിന് മനസ്സിലായ കാര്യമാണ്. പിന്നെയും ദൈവമില്ല എന്ന് അഞ്ചുനേരം പ്രസംഗിക്കുന്നത് കൊണ്ട് സമൂഹത്തിന് പ്രത്യേകിച്ച് വലിയ ഗുണമൊന്നും ഇല്ല യുക്തിചിന്ത സമഗ്രമായ ഒരു ജ്ഞാന സമ്പാദന പദ്ധതിയാണ്. അതിന് കേവല നാസ്തികതയിലേക്ക് ചുരുക്കുന്നതാണ് എറെ അപരാധം.

സ്വതന്ത്രചിന്തകർക്ക് ജാതിയെയോ ഫെമിനിസത്തെയോ കൈവിട്ട് കൊണ്ട് ഒരു സ്വതന്ത്രചിന്ത പ്രവർത്തനം സാദ്ധ്യമല്ല പ്രത്യേകിച്ച് ഇന്ത്യയിൽ . എൻ്റെ അറിവിൽ ഒരു വിശ്വാസിയും മതപ്രസ്ഥാനത്തിനെതിരെ വിശ്വാസം തെറ്റിയെന്ന് പറഞ്ഞ് സമരം ചെയ്തതായി അറിവില്ല. മതാധികാരത്തെ പോലും വിശ്വാസികൾ എതിർക്കുന്നത് മറ്റുപല രൂപങ്ങളിലൂടെ ആണ്.

വിശ്വാസി മത സമൂഹത്തെ ചോദ്യം ചെയ്യുന്നത് നേരിട്ടല്ല അത് ഫെമിനിസത്തിൻ്റെ രൂപത്തിലും. ജാതിയുടെ രുപത്തിലും മറ്റുമാണ്. അതാണ് കന്യാസ്ത്രീകളുടെ സമരം തെളിയിക്കുന്നത്.

ഇപ്പോൾ പോലുംമതത്തിൻ്റെ വിശ്വാസം കൊണ്ടുണ്ടാകുന്ന ആണധികാരത്തെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിറുത്തിയിരിക്കുന്നത് ഫെമിനിസ്റ്റ് ചോദ്യത്തിലൂടെ ആണ്. ഒരോ വിശ്വാസിയും ഇത്തരം ചോദ്യം നേരിടുന്നത് ഫെമിനിസം ആധാരമാക്കിയുള്ള ചോദ്യത്തെ അടിസ്ഥാനമാക്കിയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവും, മുത്തലാഖിനെതിരെയുള്ള കോടതി വഴക്കുകളും എല്ലാം ശ്രദ്ധിച്ചാൽ കാണാം മതം ഈയിടെ ആയി ചോദ്യം ചെയ്യപ്പെടുന്നത് ലിംഗ നീതി ഫെമിനിസ്റ്റ് ചോദ്യങ്ങളിലൂടെ ആണ് അല്ലാതെ മതത്തിലെ മണ്ടൻ വിശ്വാസങ്ങളെ ശാസ്ത്രീയ മായി പൊളിച്ചല്ല. അങ്ങനെ ചെയ്യുന്ന നാസ്തികർ പോലും മാക്സിമം 3000 പേരേ കാണു എന്നാണ് അവർ പോലും സമ്മതിക്കുന്നത്. അപ്പോ മാറ്റം ഉണ്ടാകാൻ 3000 പേര് പോരാ എന്ന് വ്യക്തം.

സമാനമാണ് ജാതി , ജാതിയുടെ Question സമൂഹത്തിന് മുമ്പിലേക്ക് വരുന്നത് നേരിട്ട് വിവേചനമായല്ല മറിച്ച് അത് ഭൂ അധികാരവും, പ്രാതിനിധ്യ സമരവുമായിട്ടാണ്. 80 കൾക്ക് ശേഷം കേരള സമൂഹം നേരിട്ട എല്ല ജാതി ചോദ്യങ്ങളും ഭൂമിക്ക് വേണ്ടിയുള്ള സമരത്തിൻ്റെ രൂപത്തിലായിരുന്നു. ചെങ്ങറയും മുത്തങ്ങയും മുതൽ വടയമ്പാടി വരെ അതിനെ അങ്ങനെ കാണാതെ കേവലം സ്ഥല തർക്കമായി കാണുന്ന ‘കേവല’ യുക്തിയാണ് ഈ നാസ്തികർ വെച്ചു പുലർത്തുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതി ഒരു ചോദ്യമായി ഉയർന്ന വരുന്നത് പോലും പ്രാതിനിധ്യ സമരങ്ങളുമായി ബന്ധപെട്ടാണ് ഇതിലേക്ക് വടക്കാഞ്ചേരി സ്റ്റൈൽ ചെറി പിക്കിങ്ങ് നടത്തി അത് പറയുന്നവരെ മുഴുവൻ സ്വത്വ വാദി എന്ന് ചാപ്പയടിച്ച് എന്ത് സ്വതന്ത്രചിന്തയാണ് പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും ജാതിയും ഫെമിനിസവും പറയാത്ത സ്വതന്ത്രചിന്തയുടെ വളർച്ച പടവലം പോലെ തഴോട്ടായിരിക്കും എന്ന് മാത്രം.

നബി പരിപാടിക്ക് ആവശ്യത്തിന് പരസ്യം കിട്ടുന്നത് കൊണ്ടാണ് പേര് മറിച്ചിട്ടത് ഞാനായിട്ട് ഈ മാതിരി ഊള സെമിനാറുകളെ പ്രമോട്ട് ചെയ്യില്ല