Sat. Nov 21st, 2026

ശശിക്കെതിരെ ഒരു യുവതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയുടെ പേരിൽ, പാർടിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ ഒരു വിഭാഗം മാദ്ധ്യമങ്ങളും കോൺഗ്രസും ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശി എം.എൽ.എയ്‌ക്കെതിരായി ഒരു യുവതി സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിക്ക് നൽകിയ പരാതിയുടെ പേരിൽ, പാർടിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസ്സും ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങൾ അപലപനീയമാണ്.

2018 ആഗസ്റ്റ് 14നാണ് യുവതി സിപിഐ എം സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നൽകിയത്. പരാതി ലഭിച്ചപ്പോൾ പാർടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പരാതിയിൽ പരാമർശിച്ച പി കെ ശശിയെ എ കെ ജി സെന്ററിൽ വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണവും കേട്ടു. തുടർന്ന് ആഗസ്റ്റ് 31ന് ചേർന്ന പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ സംസ്ഥാനസെക്രട്ടറിയെന്ന നിലയിൽ വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

പി കെ ശ്രീമതി ടീച്ചർ, എ കെ ബാലൻ എന്നിവരെ പ്രസ്തുത പരാതി അന്വേഷിക്കാൻ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് ആഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. അവർ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. അവരുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ഉടനെ പാർടി ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതാണ്.<

പി കെ ശശിയ്ക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മേൽപ്പറഞ്ഞ വസ്തുതകളിൽ നിന്ന് ആർക്കും മനസ്സിലാകും. പാർടി പി ബി ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംസ്ഥാനകമ്മിറ്റിക്ക് നൽകിയിട്ടില്ലെന്ന് പി ബി തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ദിവസേന പുതിയ കഥകൾ മെനയുന്നവരുടെ താൽപ്പര്യം മറ്റെന്തോ ആണ്.

സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെനേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ കാര്യങ്ങളിൽ എക്കാലത്തും സിപിഐ എം ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പരാതികൾ ഉയർന്നുവന്ന അപൂർവ്വം ചില സന്ദർഭങ്ങളിൽ, കർശനമായ നടപടികളാണ് പാർടി സ്വീകരിച്ചിട്ടുള്ളത്. സിപിഐ എംന്റെ ഇത്തരം നിലപാടുകൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അപമാനിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ സംസ്ഥാനത്തെ മറ്റൊരു പാർടിയും സിപിഐ എം സ്വീകരിച്ചതുപോലെയുള്ള കർശനമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ നേതാക്കളെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയർപ്പിക്കുകയും ചെയ്ത ബൂർഷ്വാ രാഷ്ട്രീയപാർടികളുടെ പാരമ്പര്യമല്ല സിപിഐ എം ഉയർത്തിപ്പിടിക്കുന്നത്.

പി കെ ശശിക്കെതിരായി ഉയർന്നുവന്ന പരാതിയിലും പാർടിയുടെ ഭരണഘടനയ്ക്കും അന്തസ്സിനും സദാചാര മൂല്യങ്ങൾക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാർടി കൈക്കൊള്ളുക. അതിലാർക്കും സംശയം വേണ്ട.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913