നാലു ചുമരുകളല്ല, വീടെന്ന് ആദ്യം മനസ്സിലാക്കുക. ട്രെന്റുകൾ മാറിമാറി വരുമ്പോൾ സൗന്ദര്യവത്കരണം തികച്ചും വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും വീടിനുള്ള ബ്യൂട്ടീഷ്യനായി ഇന്റീരിയർ ഡിസൈനേഴ്സ് എന്നൊരു വിഭാഗം തന്നെ പ്രവർത്തിക്കുമ്പോൾ വലിയ തലവേദനയില്ല.
വിവാഹത്തിനൊരുങ്ങി നിൽ ക്കുന്ന സുന്ദരിയെപ്പോലയാണ് വീട്. എത്ര ഒരുക്കി കണ്ടാലും മതിയാവില്ല, എത്ര ആഭരണങ്ങളണിഞ്ഞാലും മതിവരില്ല. എത്ര നോക്കിയാലും കൊതിതീരില്ല. വീട് കെട്ടിപ്പൊക്കിയെങ്കിലും സൗന്ദര്യം തുളുമ്പണമെങ്കിൽ അലങ്കാരം പൂർണമാകണം.

വീട് സൗന്ദര്യവത്കരിക്കുമ്പോൾ ചിന്തിക്കേണ്ട പ്രധാന കാര്യം സ്വന്തം പോക്കറ്റാണ്. അതിന്റെ ഭാരമനുസരിച്ച് വേണം വീടിനെ സുന്ദരിയാക്കാൻ ഇന്നത്തെ കാലത്ത് ഏത് ബജറ്റിനും പാകമാകുന്നവ വിപണിയിൽ ലഭ്യമാണ്. തിരഞ്ഞെടുക്കുന്നതിലും ഒരുക്കുന്നതിലും ചെറിയൊരു ജാഗ്രത വെച്ചാൽ നമ്മുടെ വീടും ഒരു നവോഢയെപ്പോലെ ഒരുങ്ങും. ആരും നോക്കിനിന്നു പോകും.
മുറികളുടെ സൗന്ദര്യത്തിന് പ്രധാനമാണ് ഉപയോഗിക്കുന്ന നിറവും കർട്ടനുകളും. ചെറിയമുറികളാണെങ്കിൽ കൂടുതൽ വിശാലത തോന്നിക്കുവാൻ നിറത്തിനും കർട്ടനുകൾക്കും കഴിയും. പിന്നെ ഫർണിച്ചറുകളുടെ കാര്യം.

പണ്ട് മുറികൾ നിറയെ മേശയും കസേരയും അലമാരയും കൊണ്ട് നിറഞ്ഞിരുന്നു. തട്ടിമുട്ടി നടക്കാൻ തന്നെ പ്രയാസം. ഇന്ന് ഈ ട്രെന്റ് മാറി. ആവശ്യത്തിന് മാത്രം ഫർണിച്ചർ മുറിയുടെ വിശാലത വ്യക്തമാക്കുന്ന രീതിയിൽ അടുക്കി ഒതുക്കിയായിരിക്കും ഇവ വെക്കുന്നത്. അതിനാൽ മുറി കൂടുതൽ വിശാലമായി തോന്നും. മുറികൾ വിശാലമാക്കാനുള്ള ചില പൊടിക്കൈകളിതാ….
ചുമരുകൾക്ക് ഇളം നിറങ്ങൾ ഉപയോഗിക്കുക. അതായത് വെള്ള, ഇളം മഞ്ഞ പോലുള്ള നിറങ്ങൾ നിങ്ങളുടെ ഇഷ്ടനിറങ്ങളുടെ ലൈറ്റ് ഷേഡ്സ് ആയാലും മതി. ഈ നിറങ്ങൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കും. അതിനാൽ മുറിക്ക് കൂടുതൽ വലിപ്പം തോന്നിക്കും.

മുറിയിലെ വസ്തുക്കൾക്കും ചുമരുകൾക്ക് ഉപയോഗിച്ച നിറങ്ങളുടെ ഷേഡുകൾ തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ഇളം നീലയാണ് ചുമരിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ കാർപെറ്റും കർട്ടനുകളും ഇതിന്റെ വിവിധ ഷേഡുകളാക്കുക. ഇത് വേണമെങ്കിൽ ഇതേ ഷേഡിലുള്ള കടും നിറമായാലും മതി. ഫർണിച്ചറുകൾക്കും ഇതിന്റെ ഭാവഭേദങ്ങൾ നൽകുക. പൊതുവായി പറഞ്ഞാൽ ഒരേ നിറത്തിന്റെ വിവിധ ഷേഡുകൾ മുറിയിൽ നൽകുകയെന്നത്.
മുറിയുടെ ചുമരുകളിൽ ഉപയോഗിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും വലിയ വലിപ്പത്തിലുള്ളതാവരുത്. വലിയ രൂപത്തിലുള്ളവയാണെങ്കിൽ മുറി വളരെ ചുരുങ്ങിയതായി തോന്നും. മുറികളിൽ ഉപയോഗിക്കുന്ന ചില്ലുകൊണ്ടുള്ള ഫർണിച്ചറുകളാണെങ്കിൽ മുറിയുടെ വലിപ്പക്കുറവ് ഫീൽ ചെയ്യില്ല. എല്ലാ ഭാഗത്തേക്കും നല്ല കാഴ്ചകിട്ടുകയും ചെയ്യും. മറ്റൊന്ന് ചുമരുകളോട് ചേർന്ന് ഫർണിച്ചറുകൾ ഇടുകയാണെങ്കിൽ അതും മുറിയുടെ വലിപ്പം കുറച്ച് കാണിക്കും.

ചുമരിലെ കണ്ണാടികളും മുറിക്ക് വലിപ്പം തോന്നിക്കും. ഇതിലെ പ്രതിഫലനം തന്നെ കാരണം. മുറിയിലെ ഫർണിച്ചറുകൾക്കും ഇതിൽ പ്രധാന ഭാഗമുണ്ട്. വലിയ സോഫയും മറ്റും മുറിയുടെ ഭംഗി ആകെ നശിപ്പിക്കും. ആഡംബരം തുളുമ്പുന്ന വിലകൂടിയ സോഫകൾ മുറിയുടെ സൗന്ദര്യം കൂട്ടുമെങ്കിലും ഒറ്റനോട്ടത്തിൽ മുറിയുടെ വലിപ്പം കുറച്ച് കാണിക്കും. ലിവിങ് റൂമിലായാലും ബെഡ്റൂമിലായാലും ആവശ്യത്തിന് ഫർണിച്ചറുകൾ മാത്രം ഇടുക.
ചിലപ്പോൾ മനസ്സിന് ഇഷ്ടപ്പെടുന്നവ ഉണ്ടായിരിക്കും. അവ അതിന് അനുയോജ്യമായ ഇടത്തായിരിക്കണം. ഫർണിച്ചറുകൾ ചുമരിനോട് ചേർത്ത് ഇടുമ്പോൾ കൂടുതൽ സ്ഥലം തോന്നിക്കുമെങ്കിലും ഭംഗി കുറയ്ക്കും. എന്നാൽ ചിലവ അതായത്, കോർണർ ടേബിൾ പോലുള്ളവ മുറിയുടെ അരികിൽ വെക്കുകയാണെങ്കിൽ സ്ഥലം നഷ്ടവുമില്ല, ഭംഗി തോന്നിക്കുകയും ചെയ്യും.

ബെഡ് റൂമുകളിൽ വിവിധോദ്ദേശ്യ ഫർണിച്ചറുകളായിരിക്കും കൂടുതൽ ഉപകാരം. അതായത് കട്ടിലിനോടൊപ്പമുള്ള അലമാര. കട്ടിലിനടിയിലുള്ള അലമാര ഒട്ടും സ്ഥലം മെനക്കെടുത്തില്ല. വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാൻ സൗകര്യവുമായിരിക്കും.
കട്ടിലിന്റെ അടിയിൽ കുനിഞ്ഞ് നിന്ന് തൂത്തുവാരുന്ന പണിയും ഒഴിവായി കിട്ടും. ബുക്ക്ഷെൽഫ് പോലുള്ളവ സീലിങ്ങിനോട് ചേർത്ത് നിർമിച്ചാൽ കുറെയേറെ സ്ഥലം തോന്നിക്കും. പ്രധാനമായ മറ്റൊന്ന് മുറിയിലേക്ക് കടന്നുവരുമ്പോൾ കാഴ്ച തടസ്സപ്പെടുത്തുന്ന വസ്തുക്കൾ ഒഴിവാക്കുക എന്നതാണ്. അവിടേയും ഇവിടേയും ചിതറിച്ച് വെക്കുന്ന സാധനങ്ങൾ ഒരു ഷെൽഫിൽ അടുക്കിവെക്കുക. ഇത്തരം ചില്ലറ കാര്യങ്ങൾ ആദ്യം തന്നെ ശ്രദ്ധിച്ചാൽ ചെറിയ മുറിയാണെങ്കിലും നല്ല വിസ്താരം തോന്നിക്കും.
