സസ്‌പെന്‍ഷനിലായ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. മുളിയാര്‍ വില്ലേജ് ഓഫീസര്‍ എ.ബിന്ദു(45)നെയാണ് കൈഞരമ്പ് മുറിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഓഫീസില്‍ വച്ചാണ് ഇടതു കൈപ്പത്തിക്ക് മേല്‍ഭാഗത്ത് ഞരമ്പ് മുറിച്ചത്.
വില്ലേജ് ഓഫീസര്‍ ഓഫീസില്‍ എത്തുന്നില്ലെന്നെന്നും പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഏറെ കാലതാമസം വരുത്തുന്നുവെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ വെള്ളിയാഴ്ച ധര്‍ണ്ണ നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐ.ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയന്‍ കാടകം,ബ്ലോക്ക് സെക്രട്ടറി കെ.വി.നവീന്‍, ജോ.സെക്രട്ടറി സനത്ത് കോട്ടൂര്‍ എന്നിവര്‍ രാവിലെ പതിനൊന്നരയോടെ വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ ഓഫീസര്‍ ബിന്ദു സ്ഥലത്തുണ്ടായിരുന്നില്ല. നിരവധി പേര്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഈ സമയം ഓഫീസിലെത്തിയിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. പ്രവര്‍ത്തകര്‍ ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. അന്വേഷിക്കാനായി ഡപ്യൂട്ടി കളക്ടര്‍ രവികുമാര്‍ സ്ഥലത്തെത്തി.
ഇതിനിടെ ഇരുപതോളം ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ ഓഫീസിലെത്തി ധര്‍ണ്ണ നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ വില്ലേജ് ഓഫീസര്‍ ബിന്ദു ഓഫീസിലെത്തി. ഡപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലെ അലംഭാവത്തെ തുടര്‍ന്ന് കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു വില്ലേജ് ഓഫീസര്‍ ബിന്ദുവിനെ സസ്‌പെന്റ് ചെയ്തു. അനധികൃതമായി ഹാജരാകാതിരിക്കല്‍, പൊതുജനത്തിന് ലഭിക്കേണ്ട സേവനത്തിന് കാലതാമസം വരുത്തല്‍,ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് ഓഫീസില്‍ വെച്ച് ബിന്ദു ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിച്ചത്. ഓഫീസിലുണ്ടായിരുന്ന സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എം.ശിവരാമ,ഫീല്‍ഡ് അസിസ്റ്റന്റ് മാരായ ബി.രതീഷ്, ബി.ഷാജു എന്നിവര്‍ ചേര്‍ന്ന് കൈക്ക് ടവ്വല്‍ കെട്ടി ബിന്ദുവിനെ ഉടന്‍ ചെങ്കള സഹകരണ ആശുത്രിയിലെത്തിക്കുകയായിരുന്നു. കൈക്ക് ആഴത്തില്‍ മുറിവുണ്ടെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.
മാസാവസാനമായതിനാല്‍ കാസര്‍കോട് താലൂക്ക് ഓഫീസില്‍ പോയതിനാലാണ് വില്ലേജ് ഓഫീസിലെത്താന്‍ വൈകിയതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ബിന്ദു കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മുളിയാര്‍ വില്ലേജ് ഓഫീസറായി ചുമതലയേറ്റത്.കര്‍ണ്ണാടക ഉഡുപ്പിയില്‍ നിയമവിദ്യാര്‍ഥിയായ മകന്‍ ഫിറോസിനൊപ്പമാണ് ബിന്ദു താമസിക്കുന്നത്. നൂറു കിലോമീറ്റര്‍ അകലെയുള്ള ഉഡുപ്പിയില്‍ നിന്നാണ് ബസ് മാര്‍ഗം മുളിയാറില്‍ എത്തുനത്.