ദുരിതാശ്വാസ ക്യാംപുകൾ പിടിച്ചെടുക്കാൻ സി.പി.എം ശ്രമിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പറഞ്ഞു. നേമം മണ്ഡലത്തിൽ കാര്യമായ മലയിടിച്ചിലോ ഉരുൾപൊട്ടലോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായിട്ടില്ല. എന്നാൽ മറ്റിടങ്ങളിലുണ്ടായ പ്രശ്നകാരണം നേമം മണ്ഡലത്തിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടാകുകയം എട്ട് ദുരിതാശ്വാസക്യാംപുകൾ സംഘടിപ്പിക്കേണ്ടിയും വന്നു.
വെള്ളപ്പൊക്കമുണ്ടായ ആദ്യദിവസങ്ങളിലൊന്നും സർക്കാർ സഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരും സന്നദ്ധസംഘടനകളും ചേർന്നാണ് ദുരിതബാധിതരെ സഹായിച്ചത്. പിന്നീടാണ് സർക്കാർ ഉദ്യോഗസ്ഥർ എത്തുന്നത്.
എന്നാൽ ഇതിനുശേഷം ദുരിതാശ്വാസക്യാംപുകൾ പിടിച്ചെടുക്കാനായി പാർട്ടിക്കാരുമെത്തി. ക്യാംപുകൾ പിടിച്ചെടുക്കുക എന്ന പുതിയൊരു രീതി ഇതിനിടയിൽ വന്നു. ഇതൊന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.
