Sat. Nov 21st, 2026

കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാൻ സ്റ്റേഷനിൽ കരുതിയിരുന്ന പുത്തൻ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി. ആറ് കാറുകളിൽ നാപ്കിൻ ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തി. സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യേണ്ട സാധനങ്ങൾ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാൻ ഈ സീനിയർ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങൾ കടത്തുകയായിരുന്നു വെന്നാണ് ആക്ഷേപം. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്റ്റേഷനിലെ സി.സി ടി.വിയിൽ ഈ ദൃശ്യമുണ്ട്. പൊലീസുകാരി 34 നൈറ്റികൾ ഉൾപ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്. അടിവസ്ത്ര പായ്ക്കറ്റുകൾ കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

അതോടൊപ്പം ആന്ധ്രയിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ എത്തിച്ച വസ്ത്രങ്ങൾ കോട്ടയത്തെ ഒരു ഗ്രാമ പഞ്ചായത്ത് അംഗം അടിച്ചുമാറ്റിയതായും അറിയുന്നു. കോൺഗ്രസ് അംഗമാണ് ആരോപണ വിധേയനായ പഞ്ചായത്ത് അംഗം. ഇയാളുടെ വീട്ടിലാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ലോഡ് വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽനിന്നാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മുണ്ടുകളും നാപ്കിനുകളും അടിച്ചുമാറ്റി ബന്ധുക്കൾക്ക് വിതരണം ചെയ്തത്. ഇതേക്കുറിച്ചും അന്വേഷണം നടക്കും.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913