കണ്ണൂർ വനിതാ ജയിലിൽ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസിക സംഘർഷവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം, ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകുന്നില്ല.
ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കണ്ണൂർ വനിതാ ജയിലിൽ തൂങ്ങിമരിച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കൾ നിരസിച്ച സാഹചര്യത്തിൽ പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.