സതി അങ്കമാലി
സദാചാരദുരന്തുക്കൾ അറിയേണ്ട ഒരു കാര്യം “സന്തോഷിക്കുന്നവർ” എന്നു പറഞ്ഞ് നിങ്ങളാൽആക്ഷേപിക്കപ്പെടുന്നവർ ലോണെടുത്തും ഉള്ള ഇത്തിരിപൊന്നു വിറ്റും ഇപ്പോഴും പണി പൂർത്തിയാക്കാത്തതും പൂർത്തിയാക്കിയതുമായ വീടുകൾ പൂർണ്ണമായി വെള്ളത്തിൽ മുങ്ങി കിടക്കുമ്പോൾ തന്നെയാണ് ഈ സന്തോഷിക്കുന്നത്.പ്രത്യേകിച്ച് ദലിതർക്ക് ദുഖമാചരിച്ചിരിക്കാൻ സമയമുണ്ടോ?
അച്ചൻ മരിച്ചാലും അമ്മ മരിച്ചാലും സ്വന്തം മക്കൾ മരിച്ചാലും അഞ്ചാംദിവസം അവര് പാറമടയിലോ ഇഷ്ടിക കളത്തിലോ തെങ്ങ് കയറനോ തൂമ്പാപണിക്കോ പോകേണ്ടി വരും ഇത്തരം ജോലി ചെയ്യുമ്പോ നെഞ്ചത്തടിച്ച് കരഞ്ഞ് മൂക്ക് പിഴിയണം എന്നൊക്കെ വാശിപിടിക്കരുത്. നടക്കണ കാര്യല്ല അല്ലെങ്കിൽ തന്നെ ദലിതരൊക്കെ ഈ ഭൗതിക സൗകര്യങ്ങൾ ഉപയോഗിച്ച് സന്തോഷിക്കാൻ തുടങ്ങിട്ട് എത്ര വർഷമായിട്ടുണ്ടാവും ?
അവരുടെ സന്തോഷോം സങ്കടോം അവരുടെ പാട്ടിലും ആട്ടത്തിലും വരയിലും മൊഴിയിലും അടക്കം ചെയ്യപെട്ടിരിക്കുന്നു. അത് പെറ്റാലും ചത്താലും ഉണ്ടാവും. ചുമ്മായിരുന്ന് പ്രാർത്ഥിച്ച് കണ്ണിരൊഴുക്കാൻ ഞങ്ങൾക്ക് ദൈവങ്ങളില്ല.ഞങ്ങടെ ദൈവങ്ങൾ ചുമ്മാതിരിന്നിട്ടുമില്ല.
വാൽ കഷ്ണം സ്പെഷ്യൽ
രണ്ടോ മൂന്നോ ദിവസം മുൻപ് കൃത്യമായി ഓർക്കുന്നില്ല Fbൽ നമ്മുടെ മുഖ്യമന്ത്രിയുടെ കൈയ്യിൽ കേരളമിരിക്കുന്ന ഒരു ചിത്രം കണ്ട് കിലുകിലെ ചിരിച്ച ഒരു കുട്ടിയോട് എന്ത്യേ നീ ചിരിക്കുന്നെ കൊച്ചേ എന്ന് ചോദിച്ചപ്പോ ” യ്യോ എങ്ങനെ ചിരിക്കാതിരിക്കും? ഇപ്പോഴാണോ കേരളം ഉണ്ടായത്? കേരളം മൊത്തം മുങ്ങികഴിഞ്ഞപ്പോൾ ആർമിയെ വിളിച്ചേക്കുന്നു. ആർമി യുദ്ധം ചെയ്യാൻമാത്രമുള്ളവർ ആണോ?
അത്രെം പറഞ്ഞു നിർത്തി തിരിയാനൊരുങ്ങിയപ്പോൾ ബാക്കി കൂടി പറയു എന്ന് പറഞ്ഞു ” Fbൽ ഇടരുത് എന്നെ ആളുകൾ തുറിച്ചു നോക്കൂം മുഖ്യമന്ത്രിനെ നോക്കി ചിരിച്ചെന്ന് പറഞ്ഞ് അതൊക്കെ എനിക്ക് ഡിസ്റ്റർബെൻസാവും, ” ഇല്ല കുഞ്ഞേ നീ ബാക്കികൂടിപറയു ” “ശരിയാണോന്ന് അറിയില്ല എങ്കിലും ഞാനി ക്യംപിലിരുന്ന് ചിന്തിച്ചത് ഇതാണ് കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് താഴ്ന്ന പ്രദേശങ്ങൾ ഏതെക്കെയാണെന്ന് ‘ ഈ മന്ത്രിമാർക്കും മെമ്പർമാർക്കൊന്നും അറിയാതിരിക്കോ? അപ്പോ ഷട്ടർ തുറക്കുന്നതിന് മുൻപേതന്നെ ആർമി യെ വിളിച്ച് ആളുകളെ സുരക്ഷിതരാക്കാമായിരുന്നല്ലോ?
ഒരു അനൗൺസ്മെന്റ് പോലും ഉണ്ടായില്ല. എങ്കിൽ പെട്ടെന്ന് ആളുകൾ അലർട്ട് ആയേനെ.
അതിന് എല്ലാ വീട്ടിലും TVയൊക്കെ ഉണ്ടല്ലോ?
“പിന്നെ ഇപ്പോഴും Tvയൊന്നും ഇല്ലാത്ത പത്രമൊന്നും വരുത്താത്ത വീടുകൾ ഉണ്ട്.
ഇലക്ഷനൊക്കെ ഓടുന്ന ഒരു വണ്ടി മതിയായിരുന്നു.
അതിനിത് പെട്ടെന്നല്ലെ സംഭവിച്ചത്?
“ഓ പിന്നെ ഞാൻ ജനിച്ചപ്പോ തുടങ്ങി ഈ മുല്ലപെരിയാർ മുല്ലപെരിയാർന്ന് കേക്കണതല്ലേ? ഇത് പൊട്ടിയാൽ നമ്മൾ എന്തു ചെയ്യണമെന്ന് മുൻപേ പ്ലാൻ ചെയ്ത് വെക്കണ്ടേ? അതെങ്ങന്യാ ബുദ്ധിയുള്ള സയന്റിസ്റ്റുകൾ ഉണ്ടായിട്ട് കാര്യമില്ലല്ലോ ബുദ്ധിയുള്ള മന്ത്രിമാരും വേണം.
അപ്പോ സുനാമിയൊക്കെ വന്നതോ? “അതൊക്കെ നമ്മൾ സുക്ഷ്മമായി പഠിക്കണം, അതിനൊക്കെ എന്തെങ്കിലും കാരണം കാണും. ദൈവം വരുത്തിവച്ചതാണെന്ന് പറഞ്ഞാ പിന്നെ പഠിക്കണ്ടല്ലോ?”
“ഇവിടെ എല്ലാവരും ഒരുപോലെയാണ് സംസാരിക്കുന്നത്, എനിക്ക് ബോറടിക്കുന്നു. ഇനി എന്ന് വീട്ടിലോട്ട് പോകാൻ പറ്റും?”
(ആ കുഞ്ഞിനോട് കാണിക്കുന്ന നീതികേടാണെങ്കിൽ ക്ഷമിക്കുക. ഞങ്ങൾ’ തമ്മിലുള്ള ചർച്ചകേട്ട ഒരാൾ എന്റെ Fbസുഹൃത്താണ്. ദയവു ചെയ്ത് ആ കുഞ്ഞിന്റെ പേര് ഇപ്പോ ഇവിടെ പരാമർശിക്കരുത്. ആ കുട്ടി അനുവദിക്കുമ്പോൾ മാത്രം ഞാനത് പറയും)