എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും പ്രളയ ദുരന്തത്തില്‍ കേരളം തകര്ന്നുനില്ക്കവേ യഥാര്‍ത്ഥ നേതാവിന്റെ സംഘടനാശേഷിയെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തെളിയിച്ചു. ആരെയും കുറ്റപ്പെടുത്താതെയും, വിവരശൂന്യതയുടെ കുറ്റപ്പെടുത്തലുകള്‍ക്ക് കാതുനല്കാതെയും മുഖ്യമന്ത്രി നയിച്ച ധീരയുദ്ധത്തിന്റെ വിജയമാണ് വലിയ ഞെട്ടലുകളില്‍ നിന്ന് കേരളത്തെ രക്ഷിച്ചത്. ഓരോ മലയാളി കുടുംബത്തിന്റെ ജേഷ്ഠ സഹോദരന് എന്ന വികാരം പ്രതിഫലിപ്പിച്ച അദ്ദേഹത്തിന് പ്രത്യേകം നന്ദിപറയേണ്ടതില്ല.
പൊടുന്നനെയാണ് ദുരന്തം കേരളത്തെ വിഴുങ്ങിയത്. തന്റെ പൊതുപരിപാടികളെല്ലാം റദ്ദാക്കി, ചികിത്സപോലും മാറ്റിവച്ച് ദുരന്തമുഖത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സംവിധാനങ്ങളെയും സമര്‍ത്ഥമായി ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആര്‍ത്തലച്ചെത്തിയ പ്രളയത്തിനുമുന്നില്‍ കരുത്തുറ്റ പ്രതിരോധക്കോട്ടതീര്ത്തു.
സ്വതവേ മാധ്യമ വിരോധിയെങ്കിലും നിത്യേന മാധ്യമങ്ങളെകണ്ട് കൃത്യമായ വിവരണങ്ങളിലൂടെ ജനങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടേയും ആത്മവീര്യം വളര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം സമാനതകളില്ലാത്തതായിരുന്നു.
കേന്ദ്രസംസ്ഥാന സേനകളും, സന്നദ്ധപ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ അത്ഭുതങ്ങളാണ് സംഭവിച്ചത്. നമ്മള് എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ധീരയോദ്ധാക്കളായി ദുരന്തമുഖത്ത് കുതിച്ചെത്തി. അലറിയെത്തുന്ന കുത്തൊഴുക്കിനെ അവര്‍ നിസ്സാരമായി നേരിട്ട് ആയിരങ്ങളെ രക്ഷിച്ചു. വിശ്രമരഹിതമായി രാവും പകലും പോരാടിയ മത്സ്യത്തൊഴിലാളികള്‍ ആവേശകരമായ ഇതിഹാസമാണ് കേരളത്തിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയത്.
വിഡ്ഢിത്തം വിളമ്പുന്നതില്‍ ഭരണപ്രതിപക്ഷ നേതാക്കൾ ഇത്തവണയും വിരുതുകാട്ടി. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവും, പ്രതിപക്ഷത്തെ പ്രമുഖരും തട്ടിവിട്ടത്. സൈന്യത്തെ തന്നെയാണ് ഏല്‍പ്പിച്ചത്. ഇതുതന്നെയാണ് രീതിയെന്ന് സേനാ കേന്ദ്രങ്ങളും വ്യക്തമാക്കി. ചെളിവെള്ളത്തിന് കുറച്ചു മീന്‍ പിടിക്കാനാവുമോയെന്നാണ് പ്രതിപക്ഷം നോക്കിയത്.
വിവരമുള്ള നേതാവായാണ് സി.പി.ഐ.(എം) ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെയും മറ്റുചില ഭരണകക്ഷിക്കാരുടേയും ആവശ്യം ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ്. ദേശീയ പതാകയും, ദേശീയ ഗാനവുമൊക്കെപ്പോലെ ദുരന്തവും ദേശീയമാക്കണം പോലും. ഇങ്ങനെയൊരു ഏര്‍പ്പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഏതുദുരന്തത്തിലും ഇങ്ങനെയും ചില ദുരന്തങ്ങള്‍! ഈ ദുരന്തം നല്കുന്ന പാഠങ്ങള്‍ നമ്മള് എങ്ങനെ മറക്കും?
കാലാവസ്ഥാവ്യതിയാനമാണ് മുഖ്യകാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വ്യാപകമായുണ്ടായ ഉരുള്‍പൊട്ടലിന് നമ്മള്‍തന്നെ മുഖ്യകാരണക്കാര്‍. പണക്കൊഴുപ്പും അന്ധമായ വികസനവാദവും, ലാഭക്കൊതിയും നമ്മുടെ മനോജ്ഞമായ പ്രകൃതി കുത്തിക്കീറിയത് ഓരോ മലയാളിയും കുറ്റബോധത്തോടെ ഓര്‍ക്കുന്നുണ്ടാവണം. മലകളും, പുഴകളും പാറക്കെട്ടുകളും ഭ്രാന്തമായ പണക്കൊതിയാല്‍ തകര്‍ത്ത മലയാളികള്‍; അതിന് ഒത്താശ നല്കിയ സര്‍വ്വകാല ഭരണാധികാരികള്‍, ഇനിയെല്ലാം വരും. ഇരുന്നു ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇനി, പുനര്‍നിര്‍മ്മാണത്തിന്റെ നാളുകളില്‍ ഓരോ ഇഷ്ടിക കെട്ടിപ്പൊക്കുമ്പോഴും, മണലും പാറയും കോരിയെടുക്കുമ്പോഴും പ്രകൃതിയെ ഓര്‍ക്കാം. അധികമായി പരിക്കേല്പ്പിക്കാതിരിക്കാം. പുനര്‍ നിര്‍മ്മാണം വലിയ ദൗത്യമാണ്. സര്‍ക്കാരും ജനങ്ങളും ലോകമെമ്പാടുമുള്ള മലയാളികളുടെ അഭ്യൂദയകാംക്ഷികളും ചേര്‍ന്ന് വലിയൊരു ദൗത്യത്തിനിറങ്ങുകയാണ്. സങ്കുചിത രാഷ്ട്രീയവാദങ്ങളും, വ്യാജപ്രചാരണങ്ങളും അവസാനിപ്പിക്കുക. മലയാളിയുടെ ഗ്രേറ്റ് കമാന്‍ഡര്‍ എന്ന വിശേഷണത്തിന് എല്ലാത്തരത്തിലും യോഗ്യനായ മുഖ്യമന്ത്രിയുടെ പിന്നില്‍ ഒന്നിച്ചണിനിരക്കാം.