Sun. Nov 22nd, 2026

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യൽ. ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാൽ ബിഷപ്പ് ഹൗസിന് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷ വേണമെന്ന് കേരളാ പൊലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബിഷപ്പിനെതിരായ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.