Sun. Nov 22nd, 2026

ഡിവൈ.എസ്‌.പി: കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നു ജലന്ധറിലെത്തിയ അന്വേഷണസംഘം ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് ചോദ്യംചെയ്യും. തെളിവുകളും മൊഴികളും ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാന്‍ പര്യാപ്‌തമാണെന്ന്‌ അന്വേഷണസംഘം സൂചന നല്‍കി.

ജലന്ധറിലെ രൂപത ആസ്‌ഥാനത്തെത്തിയ അന്വേഷണസംഘം മദര്‍ ജനറല്‍ സിസ്‌റ്റര്‍ റെജീന, അന്വേഷണ കമ്മിഷനംഗം സിസ്‌റ്റര്‍ അമല എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. രാത്രി വൈകിയും സംഘം സഭാ ആസ്‌ഥാനത്ത്‌ തെളിവു ശേഖരിക്കുന്നതു തുടരുകയാണ്‌. ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെയാണ്‌ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ മൊഴിയെടുക്കുന്നത്‌ നാളത്തേക്കു നീട്ടിയത്‌.

ഇന്നലെ ഞായറാഴ്‌ചയായതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ സഭാ ആസ്‌ഥാനത്തെത്താന്‍ ഇടയുള്ളതായാണ്‌ പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. ജലന്ധര്‍ രൂപത ആസ്‌ഥാനത്ത്‌ അന്വേഷണമെത്തുന്നതോടെ വിശ്വാസികളെ കൂട്ടമായെത്തിക്കാന്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. ഇന്നലെ മുതല്‍ സഭാ ആസ്‌ഥാനത്തേക്കു വിശ്വാസികള്‍ കൂട്ടമായെത്തുന്നുണ്ട്‌.

അന്വേഷണസംഘം പഞ്ചാബ്‌ പോലീസിന്റെ സംരക്ഷണത്തിലാണ്‌. ആംഡ്‌ പോലീസിന്റെ സംരക്ഷണമാണ്‌ ഒരുക്കിയിരിക്കുന്നത്‌. രണ്ടു വാഹനങ്ങളിലായി സായുധ പോലീസ്‌ സേനാംഗങ്ങള്‍ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘത്തെ അനുഗമിക്കുന്നുണ്ട്‌. ജലന്ധര്‍ ബിഷപ്‌ ആസ്‌ഥാനത്തുനിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള ആംഡ്‌ പോലീസിന്റെ കേന്ദ്രത്തിലാണ്‌ കേരളത്തില്‍നിന്നെത്തിയ ഡിവൈ.എസ്‌.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ ക്യാമ്പ്‌ ഓഫീസ്‌.

അന്വേഷണസംഘത്തിനു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ജലന്ധര്‍ പോലീസ്‌ കമ്മിഷണര്‍ക്ക്‌ പഞ്ചാബ്‌ പോലീസ്‌ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.