Sat. Nov 21st, 2026

പ്രസാദ് അമോർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

ബഹു ഭാര്യാത്വവും, വേശ്യാവൃത്തിയും, വെപ്പാട്ടി – ദേവദാസി സമ്പ്രദായങ്ങളും കണ്ടുപിടിച്ചതും അത് പരിപോഷിപ്പിച്ചതും പുരുഷനാണ്.അതവന്റെ ആവശ്യമായിരുന്നു.സ്ത്രീകളുടെ സ്വച്ഛന്ദ ലൈംഗികതയോടുള്ള അസൂയയും അമർഷവും,പുരുഷന് ഗോത്രത്തിൽ സ്ഥാനമില്ലാത്തതിന്റെ വേവലാതിയും,ലൈംഗികസുഖത്തിന്‌ വേണ്ടി സ്ത്രീകളെ സ്വകാര്യസ്വത്താക്കേണ്ടതുണ്ടെന്ന തിരിച്ചറിവും എല്ലാം അതിന് കാരണങ്ങളായി. അധികാരം കൈയ്യിലുള്ള പുരുഷന്മാർ മതങ്ങളും നിയമാവലികളും ആചാരങ്ങളും രൂപപ്പെടുത്തി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചു അവരെ പാർശ്വവൽക്കരിച്ചു.നോക്കു,എല്ലാ മതങ്ങളിലും സ്ത്രീകൾ രണ്ടാം തരം പൗരരാണ്.

പാപത്തിന്റെ കനി ഭക്ഷിക്കാൻ ആദത്തിനെ (പുരുഷൻ)പ്രേരിപ്പിച്ചത് ഹൌവ്വ (സ്ത്രീ)യാണെന്ന് ബൈബിൾ വചനത്തിൽ പറയുന്നു.ക്രിസ്തുമതത്തിൽ എല്ലാ അധികാര സ്ഥാനങ്ങളിലും അവരോധിച്ചിരിക്കുന്നത് പുരുഷന്മാരെയാണ്.ഇസ്ലാം മതത്തിലാണെങ്കിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം പോലുമില്ല.മതചടങ്ങുകളിൽ സ്ത്രീപങ്കാളിത്തം പരിമിതമാണ്.സ്ത്രീ പർദ്ദ ധരിക്കണം, പരപുരുഷന്മാരുമായി സംസാരിക്കരുത്, സൗന്ദര്യം പ്രദര്ശിപ്പിക്കരുത് എന്നതാണ് അവരുടെ മതം.

ഹിന്ദു മതത്തിലാണെങ്കിലും സ്ത്രീകളുടെ അടിമത്തം ഭീകരമാണ്.ശൈശവ വിവാഹവും സതി അനുഷ്ടാനങ്ങളും ക്ഷേത്രങ്ങളിലെ വേശ്യാവൃത്തിയുമായി സ്ത്രീ ജീവിതം ഭീകരമാക്കിയ ഒരു മതമാണിത്.സുന്ദരികളായ സ്ത്രീകൾ അറുപത്തിനാല് കലകളും പഠിച്ചു് ഉയർന്ന വിഭാഗത്തിന് വേശ്യകളായി വർത്തിക്കണമെന്നും സാധാരണ സ്ത്രീകൾ വിദ്യ അഭ്യസിക്കരുത് എന്നുമായിരുന്നു ഹിന്ദുവിന്റെ ധർമ്മം.മാത്രമല്ല കന്യകാത്വം, പാതിവ്രത്യം, ചാരിത്ര്യം തുടങ്ങിയ സങ്കൽപ്പങ്ങൾ രൂപപ്പെടുത്തി സ്ത്രീകളെ അതിനുള്ളിൽ തളച്ചിട്ട് പീഡിപ്പിക്കുന്നു.ത്യാഗ സമ്പന്നയും സഹനശീലയുമായ സ്ത്രീയാണ് നല്ല ഭാര്യ എന്നും ഭർത്താവിനെ ശുശ്രുഷിക്കുക എന്നതാണ് അവളുടെ നിയോഗമെന്നുമാണ് ഇപ്പോഴത്തെ ഹിന്ദുമതത്തിന്റെ സാരം.

കുടുംബം,മതം,നിയമം,വിദ്യാഭ്യാസം ഒക്കെ രൂപപ്പെടുത്തിയത് ലിംഗവിവേചനം ഉറപ്പിക്കുന്ന രീതിയിലാണ്.ദൈവങ്ങളെ ഉണ്ടാക്കിയതും പുരുഷന്മാരാണ്.ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ,അല്ലാഹു എല്ലാം പുരുഷന്മാർ. മന്ത്രിയും തന്ത്രിയും ജഡ്ജിയും ഒക്കെ പുരുഷന്മാർ തന്നെ .തീർച്ചയായും എല്ലാ ഇടങ്ങളിലും സ്ത്രീകളുടെ നില പരുങ്ങലിലാണ്.

സ്ത്രീകൾ മതപരമായ ആചാരങ്ങൾ പിന്തുടരണം,എല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കണം,സ്വന്തം രൂപഭംഗിയിൽ ശ്രദ്ധിച്ചു് അടക്കിയൊതുങ്ങി കഴിയണം. ഭർത്താവിന് വേണ്ടി നിലനിക്കുകയും മക്കളെ പ്രസവിക്കുകയും, വളർത്തുകയും ചെയ്യുന്ന ത്യാഗ സമ്പന്നയായിരിക്കണം അവൾ .രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ കുഴപ്പക്കാരികളാണ്.അതൃപ്‌തി തുറന്നു പറയുന്ന സ്ത്രീ കാമദാഹിയാണ്.അന്യ പുരുഷനോടൊപ്പം യാത്രചെയ്യുന്ന സ്ത്രീ സദാചാരമില്ലാത്തവളും ആർക്കും എളുപ്പം ലൈംഗിക വിധേയത്വമുള്ളവളുമാണ് തുടങ്ങിയ പൊതുബോധമാണ് ഇന്നും ആണിലും പെണ്ണിലും ഉള്ളത്.അവരുടെ വിശ്വാസങ്ങളും മനോഭാവങ്ങളും പുരുഷന്റെ സ്ത്രീകളോടുള്ള അതിക്രമത്തെ ന്യായീകരിക്കുന്നതാണ്. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പുരുഷന്മാരുടെ അടിമകളായിത്തന്നെ കഴിഞ്ഞുകൊള്ളാമെന്ന് സ്ത്രീകൾ മാനസികയായി തിരുമാനിച്ചിരിക്കുകയാണെന്ന് തോന്നും. നൂറ്റാണ്ടുകളായി പുരുഷൻ ഉണ്ടാക്കിയ ദൈവങ്ങളും മതങ്ങളും അതിന്റെ അലംഘനീയമായ അജ്ഞാനശക്തിയും സ്ത്രീകളെ നിശബ്ദമാക്കുന്നു.പീഡനങ്ങൾക്ക് വിധേയമാകുബോഴും പുരുഷാധിപത്യ മൂല്യങ്ങളുടെ പേരിൽ സ്ത്രീകൾ അതെല്ലാം സഹിച്ചു ക്ഷമിച്ചു് ജീവിക്കുകയാണ്. പരിപാലനം,സംരക്ഷണവാസന ,കരുതൽ തുടങ്ങിയ അവരുടെ സ്ത്രൈണ ഗുണങ്ങൾ പലപ്പോഴും അവരുടെ നില പരിതാപകരമാക്കുന്നു.

എന്തുകൊണ്ട് ബലാത്‌സംഗം ?

“പുരുഷാധിപത്യസമൂഹത്തിന്റെ അധികാരത്തിന്റെ,ആൺ മേൽക്കോയ്മയുടെ സൃഷ്ടിയാണ് ബലാത്‌സംഗം” എന്ന ആശയമാണ് മുഖ്യമായും സ്ത്രീപക്ഷ ചിന്തകർ ഉന്നയിച്ചുകൊണ്ടിരുന്നത്.ലിംഗവിവേചനമുള്ള സമൂഹത്തിലെ പുരുഷന്മാരായ സാമൂഹ്യശാസ്ത്രജ്ഞരുടെ/ മനഃശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരത്തിലുള്ള വിലയിരുത്തലുകൾ ജുഗുസ്പവാഹമാണ്. പുരുഷമേധാവിത്ത പരികല്പനകളായ നിഗമനങ്ങൾ പക്ഷപാതിത്വമുള്ളതും വസ്തുതകൾക്ക് നിരക്കാത്തതുമാകുന്നു.സ്ത്രീകൾ മെച്ചപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലും ബലാത്‌സംഗങ്ങൾ നടക്കുന്നുണ്ട്.ബലാത്‌സംഗം പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാനുള്ള ചോദനകളെക്കുറിച്ചുള്ള കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ ഇന്ന് ലഭ്യമാണ്.

ബലാത്കാര രതിയിലുടെ ഒരിക്കലും നല്ല ഇണബന്ധങ്ങളും -ശിശുപരിപാലനവും രൂപപെടുകയില്ല. അതിനാൽ പരിണാമപരമായി അക്രമ ലൈംഗികതയ്ക്ക് പ്രകൃത്യാ മനുഷ്യസമൂഹത്തിൽ നിലനില്പില്ല .ജീവൻ അതിന്റെ നിലനിൽപിന് ഉതകുന്ന പെരുമാറ്റത്തിനെയാണ് നിലനിർത്തുക.

ജീവി വർഗങ്ങളിൽ മനുഷ്യൻ മാത്രമല്ല ബലാത്‌സംഗം ചെയ്യുന്നത് .കോഴികൾ ഡോൾഫിനുകൾ ചില പക്ഷികളിൽ ഒക്കെ ബലാത്സംഗമുള്ള ലൈംഗികത കാണാം.പക്ഷെ ഇത്തരം ജീവികളിൽ ആണിന്റെ പെണ്ണിനോടുള്ള ലൈംഗിക താല്പര്യം അണ്ഡോത്പാദനം നടത്തുന്ന സമയത്താണ് കാണുന്നത്. പെണ്ണിൽ നിന്ന് വരുന്ന ഫെറമോണുകളും സൂചനകളും ഗ്രഹിച് അവൾ രതിക്ക് പ്രാപ്തമാണെന്നറിഞ്ഞ് ആണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നു.ഓരോരുത്തരുടെയും വളർച്ചാകാലത്ത് അവരുടെ മസ്തിഷ്കത്തിൽ നടക്കുന്ന ന്യൂറൽ ക്രമീകരണങ്ങളും ജനിതകസ്വഭാവത്തിനനുസരിച് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളും യോജിച്ചു് പ്രവർത്തിച്ചു രൂപപ്പെടുന്നതാണ് ലൈംഗിക പെരുമാറ്റവും ലൈംഗിക ആസ്വാദനരീതിയുമെല്ലാം.

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും ഈസ്ട്രോജന് , പ്രൊജസ്ട്രോൺ എന്നീ സ്ത്രീ ഹോർമോണുകളുമാണ് മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ലൈംഗിക ഹോർമോണുകൾ. മറ്റു ജീവിവർഗ്ഗങ്ങളിലെ ആൺ ജാതിയിൽ നിന്ന് വ്യത്യസ്തമായി മനുഷ്യവർഗ്ഗത്തിലെ ആണിന്റെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർഷത്തിൽ 365 ദിവസവും ഉയർന്നു നിൽക്കുന്നു. സ്ത്രീയെ അപേക്ഷിച്ചു് പുരുഷനിൽ കാണുന്ന ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ, വലിപ്പമേറിയ ഹൈപ്പോതലാമസ്((മനുഷ്യലൈംഗികതയുടെ കേന്ദ്രമാണ് ഹൈപ്പോതലാമസ്} – എന്നിവ പുരുഷനെ തീവ്രമായ ലൈംഗികതാല്പര്യത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്.പ്രലോഭനങ്ങളെ അതിജീവിക്കാൻ കെല്പില്ലാതെ വന്യജീവിയെ പോലെ അലയുകയാണ് പുരുഷൻ. എന്നാൽ ജനിതകസംബന്ധമായ മര്യാദയുള്ളവരാണ് സ്ത്രീകൾ.പുരുഷന്മാരെപ്പോലുള്ള ലൈംഗികതൃഷ്‌ണ സ്ത്രീകളിലില്ല.അവളിൽ പുരുഷ ഹോർമോണായ ടെസ്റ്റോറോണിന്റെ അളവ് താരതമേന്യ കുറവാണ്,അവളുടെ ഹൈപ്പോതലാമസ് ചെറുതാണ്. ജനിതക പ്രകൃതങ്ങളെ സമൂഹത്തിന് അഭിലഷണനീയമായരീതിയിൽ പ്രകടിപ്പിക്കാനുള്ള അവളുടെ വഴക്ക പ്രകൃതം പുരുഷന് അന്യമാണ്.മാത്രമല്ല ആക്രമണ രതി അവൾക്ക് പഥ്യമല്ല.ഗര്ഭധാരണം, ശിശുപരിപാലനം, മാസമുറ തുടങ്ങിയ ജീവശാസ്ത്രപരമായ പ്രത്യേകതകൾ എല്ലാം അവളുടെ സാമൂഹ്യ പരുവപെടുത്തലുകളെ സഹായിക്കുന്ന പ്രകൃതാംശങ്ങളാണ്.

പുരുഷന്റെ രതി പലപ്പോഴും വ്യത്യസ്തവും വിചിത്രവുമായ വഴികൾ തേടിപ്പോകുന്നു. ഒരു തരം ആക്രമണ രതി പുരുഷന്മാരിൽ കാണാം. ചില പുരുഷന്മാർ തങ്ങളുടെ കഴുത്തിൽ കയറുമുറുക്കി സ്വയം ശ്വാസം മുട്ടിച്ചുകൊണ്ട്(asphyxiophilia)ലൈംഗിക സുഖം തേടുന്നു. മനുഷ്യർ ഷൂസ്, ടവൽ, അടിവസ്ത്രം, കണ്ണാടികൾ തുടങ്ങിയ അചേതന വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും, കുഞ്ഞുങ്ങളെയും വൃദ്ധരേയുമൊക്കെ ലൈംഗിക ഇംഗിതത്തിനായി തെരെഞ്ഞെടുക്കുന്നതായി കാണാം.പങ്കാളിയെ ശാരീരികമായി പീഡിപ്പിച്ചും സ്വയം പീഡിപ്പിച്ചുമുള്ള രതിയും മനുഷ്യരിലുണ്ട്.പുരുഷന്റെ ലൈംഗിക പ്രചോദനങ്ങൾ തീഷ്ണമാണ്.അതിനാൽ സാമൂഹികവും സാംസ്കാരികവുമായ സമ്മർദ്ദങ്ങളെ അതിലംഘിക്കുവാൻ പുരുഷന്മാർ ശ്രമിച്ചുകൊണ്ടിരിക്കും.ചിലർ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയുന്നത് ഭാവനയിൽ കണ്ട് ലൈംഗിക ഉത്തേജനം അനുഭവിക്കുന്നു. നിന്ദ്യവും ക്രൂരവുമായ കാര്യങ്ങൾ ഓർക്കുകയും കാണുകയും ചെയ്ത് രതിയിൽ ഏർപ്പെടുന്നവരുമുണ്ട്.

ബലാത്സംഗം ഒരു സ്വാഭാവിക രതി അല്ല.മനുഷ്യ ലൈംഗികതയിൽ സ്ത്രീയുടെ സമ്മതമാണ് മുഖ്യം. സമ്മതമില്ലാതെ നടത്തുന്ന ഏതൊരു ലൈംഗികതയും ബലാത്സംഗമാണ്.സാമൂഹിക തിരസ്കാരവും കഠിനമായ ശിക്ഷയും ലഭിക്കുമെന്നറിയാമെങ്കിലും ചിലർ ബലാൽക്കാരത്തിന് മുതിരുന്നു. ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകൾ മാത്രമല്ല , ആൺകുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും മൃഗങ്ങൾ പോലും അതിന് ഇരയാകുന്നു. അതിൽ സ്ത്രീകൾക്കെതിരെയുള്ള ബലാൽക്കാരം മാത്രമേ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുള്ളു.

ലൈംഗിക തൃഷ്ണ ഉള്ളതുകൊണ്ട് മാത്രം ഒരു പുരുഷൻ ബലാത്സംഗത്തിന് മുതിരണം എന്നില്ല. അതോടൊപ്പം നിലനിൽക്കുന്ന ജീവശാസ്ത്രപരമായ അക്രമ വാസന, അധികാരത്തിന്റെ പ്രകടനം, മസ്തിഷ്കപരമായ ന്യൂനതകൾ മനോവൈകല്യങ്ങൾ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതായി വരുന്നു.

പുരുഷന്മാർ അവർ ഇഷ്ടപെട്ട സ്ത്രീകളെ നേടിയെടുക്കാനുള്ള അവരുടെ തന്ത്രങ്ങൾ പലപ്പോഴും വിജയിക്കണമെന്നില്ല . സ്ത്രീകളുടെ തിരസ്കരം ജനിതകമായി അക്രമണ വാസനയുള്ള പുരുഷന്മാരിൽ ബലം
പ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും.അനുകൂലമായ സാഹചര്യത്തിൽ അത്തരക്കാർ ബലാൽക്കാരത്തിന് തയാറാകുന്നു.

ബലാത്സംഗം ചെയുന്ന ആണിന്റെ മസ്തിഷ്ക്കത്തിൽ സംഭവിക്കുന്ന അനേകം ജൈവ രാസ മാറ്റങ്ങൾ ഉണ്ട്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്നലുകളുടെ സാന്നിധ്യമാണ് മനുഷ്യരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസിൽ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേൽക്കുന്ന അമിതമായ വൈദ്യുത സിഗ്നൽ അവിടേക്ക് ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാർ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.

കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന ലിംബിക് വ്യവസ്ഥ മസ്തിഷ്ക്കത്തിന്റെ പുറംഭാഗമായ കോർട്ടക്സിന് താഴെ നിലനിൽക്കുന്ന ഒരു കൂട്ടം മസ്തിഷ്ക്ക ഭാഗമാണ്. വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങൾ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്, എന്നാൽ ചിലരിൽ കാഴ്ച, കേൾവി, സ്പർശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങൾ ലിംബിക് സിസ്റ്റത്തിലേക് തീവ്രമായി അയക്കുന്നതിനാൽ സ്വയം നിയന്ത്രിച്ചു് ജീവിക്കാൻ അവർക്ക് കഴിയുകയില്ല. പ്രീഫ്രോണ്ടൽ കോർട്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകൾ വേർതിരിക്കുകയും ഓർത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടൽ കോർട്സ്സിന്റെ താഴെഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് ക്ഷതം പറ്റിയാൽ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവർ അക്രമകാരികളാകാം ,കുട്ടികളെയും സ്ത്രികളെയും പീഡിപ്പിക്കാം .

മനുഷ്യന്റെ പെരുമാറ്റങ്ങൾ മസ്തിഷ്കത്തിന്റെ സങ്കീർണമായ വ്യവസ്ഥപ്പെടുത്തലിൽനിന്നാണ് രൂപപ്പെടുന്നത് .ബലാത്‌സംഗത്തിനും അതുപോലുള്ള ക്രിമിനൽ പെരുമാറ്റത്തിനും കാരണമാകുന്ന ഒരേ ഒരു ജീൻ ഇല്ല .പല ഘടകങ്ങൾ ചേർന്ന അനേകം ജീനുകളും അതിന്റെ പ്രകടനത്തിന് കാരണമാകുന്ന സാഹചര്യങ്ങളുമാണ് ഒരാളിൽ അത് ഉല്പാദിപ്പിക്കുന്നത് .അനാരോഗ്യകരമായ സമൂഹിക ചുറ്റുപാടുകൾ, കുടുംബ ബന്ധങ്ങളിലെ ശൈഥല്യങ്ങൾ , കുട്ടിക്കാലത്തുണ്ടായ പീഡനാനുഭവങ്ങൾ തുടങ്ങിയ ഘടകങ്ങളോടൊപ്പം ജനിതകപരവും. ജീവശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും ചേർന്ന് വരുന്ന അവസ്ഥയാണ് ഒരാളെ ക്രൂരമായ ലൈംഗിക പീഡനം നടത്താൻ പ്രേരിപ്പിക്കുന്നത്.

ജീവശാസ്ത്രപരമായ ഈ കണ്ടെത്തലുകളെല്ലാം പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള ഒരു ജാമ്യമെടുപ്പല്ല .പുരുഷന്മാരുടെ ചില സഹജസ്വഭാവങ്ങൾ സമൂഹത്തിന് അഭിലഷണീയമായിക്കൊള്ളണമെന്നില്ല.മാത്രമല്ല ക്രൂരതകൾ ചെയ്യാനുള്ള പ്രേരണസൃഷ്ടിക്കുന്ന ചിലഘടകങ്ങൾ ചിലരിൽ ഉണ്ടെന്നുള്ള തിരിച്ചറിവ് ഇത്തരം മനുഷ്യരെ ഫലപ്രദമായി നേരിടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ സഹായിക്കും. ലിംഗ പദവിയെ പറ്റിയുള്ള കേവലം ബോധവൽക്കരണം കൊണ്ട് തീരുന്ന ഒന്നല്ല അത്.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താലുള്ള നടപടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

By Prasad Amore

References:

1,Sex and Power: Defining History, Shaping Societies By Rita Banerji.
2,Behave: The Biology of Humans at Our Best and Worst By Robert M. Sapolsky.
3,Sex on the Brain: The Biological Differences Between Men
and Women By Deborah Blum

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622