Thu. Apr 25th, 2024

മണിക്കൂറുകൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ തമിഴകത്തിന്റെ പ്രിയ കലൈഞ്ജർ തന്റെ ഗുരു അണ്ണാ ദുരൈയുടെ ഓർമകൾക്കരികിൽ അന്തിയുറങ്ങി. അകമ്പടി സേവിച്ച പതിനായിരങ്ങളെയും അന്ത്യോപചാരമർപ്പിക്കാനെത്തിയ പ്രമുഖരെയും സാക്ഷിനിറുത്തി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതിയെ തമിഴ് മണ്ണ് ഏറ്റുവാങ്ങി.

അഞ്ച് തവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുത്തുവേൽ കരുണാനിധിക്ക് പൂർണ ദേശീയ ബഹുമതികളോടെയാണ് യാത്ര അയപ്പ് നൽകിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതാക്കന്മാരായ ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

വൈകുന്നേരം നാല് മണിയോടെയാണ് ചെന്നൈ രാജാജി ഹാളിൽ നിന്ന് കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലെ അണ്ണാ സമാധിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ കാത്തുനിന്ന പതിനായിരങ്ങളുടെ ആദരമേറ്റ് വാങ്ങി ആറോടെ മറീനാ ബീച്ചിലെത്തി.

തുടർന്ന് പതിനാല് വയസ് മുതൽ തമിഴകത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച കരുണാനിധിക്ക് രാജ്യത്തിന്റെ ആദരവ് നൽകി. പിന്നെ പ്രിയപ്പെട്ടവർ ഓരോന്നായി അന്തിമോപചാരം അർപ്പിക്കാൻ വരിവരിയായി എത്തി. പ്രിയ നേതാവിന്റെ കാൽചുവട്ടിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ച് തേങ്ങലോടെ അവരോരുത്തരും പിന്നിലേക്ക് മടങ്ങി. ഭൗതികശരീരം മണ്ണിലേക്ക് താഴ്ത്തുമ്പോഴും എടുക്കുമ്പോഴും കൂടിനിന്ന ജനങ്ങൾ വാഴ്ക, വാഴ്ക തലൈവരേ എന്ന് വിളിക്കുന്നുണ്ടായിരുന്നു. ദ്രാവിഡ മനസുകളിൽ ആത്മാഭിമാനത്തിന്റെ ജ്വാല പകർന്ന വിപ്ലവ സൂര്യൻ ഇനി തമിഴ് മനസിന്റെ ഓർമയിൽ ജീവിക്കും.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913