റോയി മാത്യു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ഭാരവാഹി കളുടെ ശ്രദ്ധയിലേക്ക്.
മലയാളത്തിലെ പ്രമുഖ ദിനപത്രമായ ദീപികയുടെ ( ഓഗസ്റ്റ് 5) തിരുവനന്തപുരം എഡീഷനിൽ വന്ന വാർത്ത ഐഎം എ യുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
* ട്യൂമർ അപ്രത്യക്ഷമായ സൗഖ്യത്തിന് നന്ദി പറഞ്ഞ് ജോസഫും കുടുംബവും * എന്നാണ് വാർത്തയുടെ തലക്കെട്ട്.
തലയ്ക്കുള്ളിലെ ട്യൂമർ സിസ്റ്റർ ഷാന്താളമ്മയോട് പ്രാർത്ഥിച്ചു ഭേദമായി എന്നാണ് ദീപിക റിപ്പോർട്ട്. കോട്ടയം – അതിരമ്പുഴ പാറോലിക്കൽ മഠത്തിക്കുഴിയിൽ എം. എം. ജോസഫ് (പാപ്പച്ചൻ ) എന്ന 84 കാരനാണ് ഈ അവകാശവാദമുന്നയിച്ചിരിക്കുന്നത്.
2008 ഒക്ടോബറിൽ കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് ന്യൂറോ സർജൻ നിർദ്ദേശിച്ചു. സർജറി ചെയ്യാതെ ഷാന്താളമ്മയുടെ കബറിടത്തിൽ പോയി കണ്ണീരോടെ പ്രാർത്ഥിച്ചപ്പോ തലയിൽ നിന്ന് എന്തോ ഒന്ന് തെറിച്ചു പോകുന്നതായി അനുഭവപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിന് ശേഷം ചികിത്സിച്ച ഡോക്ടറെ പോയി കണ്ടു. സ്കാൻ ചെയ്തപ്പോൾ ട്യൂമറിന്റെ അംശം പോലും കണ്ടെത്താനായില്ല.- ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ രോഗം മാറ്റിയത് ഷാന്താളമ്മയുടെ മാധ്യസ്ഥമാണെന്ന് പാപ്പച്ചൻ ചേട്ടൻ ഉറപ്പിച്ചു പറയുന്നു -ഇങ്ങനെ യാണ് ദീപിക റിപ്പോർട്ട് അവസാനിക്കുന്നത്. – ഈ അവകാശ വാദം ശരിയാണോ എന്നൊന്നും സ്ഥാപിക്കുന്ന വസ്തുത ക ളൊന്നും ദീപികയുടെ റിപ്പോർട്ടിൽ കാണാനുമില്ല.
മദർ മേരി ഷന്താളിന്റെ നാമകരണ നടപടിക്ക് മുന്നോടിയായുള്ള അത്ഭുത പ്രവർത്തിയായിട്ടാണ് ഈ കഥ പടച്ചിരിക്കുന്നത്. കത്തോലിക്ക സഭ വിശുദ്ധരെ വാഴിക്കുന്നതിന് മുന്നോടിയായി ഇമ്മാതിരി അത്ഭുത രോഗശാന്തി കഥകൾ സ്ഥിര മായി അടിച്ചു വിടാറുണ്ട്. സർജറി നടത്തണമെന്ന് ന്യൂറോ സർജൻ പറഞ്ഞ ട്യൂമർ സിസ്റ്റർ ഷാന്താളിന്റെ കബറിടത്തിൽ പോയി പ്രാർത്ഥിച്ചപ്പോൾ തലയിൽ നിന്ന് തെറിച്ചു പോയി എന്നൊക്കെയുളള അവകാശ വാദം ഐ എം എ ഒന്ന് പരിശോധിച്ചേ മതിയാകൂ –
ആധുനിക ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ നമ്മുടെ പൗരന്മാർക്ക് ലഭ്യമാക്കാൻ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ( AllMS) സംസ്ഥാനത്ത് സ്ഥാപിക്കാനായി സർക്കാർ കേന്ദ്രത്തിന്റെ മുമ്പിൽ നിവേദനങ്ങളുമായി കയറിയിറങ്ങി നടക്കുമ്പോഴാണ് പ്രാർത്ഥനയുടെ ഫലമായി പാപ്പച്ചൻ ചേട്ടന്റെ തലയിലെ ട്യൂമർ പുല്ല് പോലെ തെറിച്ചു പോയത് – എങ്കിൽ പിന്നെ AIIMS ഉം വേണ്ട, ഇക്കണ്ട മെഡിക്കൽ കോളജുകളും വേണ്ട – ഐ എം എ മുൻ കൈ എടുത്ത് നമുക്ക് മന്ത്രവാദം, കൂടോത്രം, അത്ഭുത രോഗ ശാന്തി കച്ചോടവുമായി മുന്നേറാം. – നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അസുഖത്തിനായി അമേരിക്കയിലൊന്നും പോകാതെ അതിരുമ്പുഴയിലോട്ട് വിട്ടാ പോരെ.- ?
ഏതായാലും ഐ എം എ യുടെ ഒരു സംഘത്തെ വിട്ട് പാപ്പച്ചൻ ചേട്ടന്റെ തലയിൽ നിന്ന് തെറിച്ചു പോയ ട്യൂമറിനെക്കുറിച്ച് വിശദമായി ഒന്നന്വേഷിക്കണം –
ആധുനിക വൈദ്യശാസ്ത്രം ഒരു പാട് മുന്നേറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് – അതും 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്താണ് ഇമ്മാതിരി തട്ടിപ്പുകൾ അരങ്ങേറുന്നത്-
അതിലുപരി കേരളത്തിലെ ആരോഗ്യ രംഗത്ത് മികച്ച സംഭാവനകൾ നല്കിയ കത്തോലിക്ക സഭ തന്നെയാണ് ഇമ്മാതിരി രോഗ ശാന്തി കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്നത്.
ആഗോള തലത്തിൽ കത്തോലിക്ക സഭ വിശുദ്ധരെ വാഴിക്കുന്നതും അതുമായി ബന്ധപ്പെട്ട് ചടങ്ങുകൾ സംഘടിപ്പിക്കുന്നതു മൊക്കെ പതിവ് കലാ പരിപാടികളാണ്. സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസ സംരക്ഷണവും ഒപ്പം ഇത്തരം ഏർപ്പാടുകളൂം മികച്ച ധനാഗമന മാർഗങ്ങളുമാണ്. ദൈവത്തെ തന്നെ ധന സമ്പാദനത്തിനുള്ള നല്ല ഒന്നാന്തരം ഏർപ്പാടായി മനുഷ്യൻ മാറ്റിക്കഴിഞ്ഞു. ഭീതിയും അരക്ഷിതാവസ്ഥ യും പാപബോധവും സൃഷ്ടിച്ച് മനുഷ്യനെ അടിമകളാക്കി നിർത്തുന്ന സമ്പ്രദായങ്ങളാണ് മതങ്ങൾ കാലാകാലങ്ങളായി നടത്തിപ്പോരുന്നത്. പണമാണ് ഏക വിശുദ്ധ ദൈവം. – അത് നേടാനുള്ള തത്രപ്പാടി ലാണ് മതങ്ങളും അതിന്റെ സംരക്ഷകരും. – ഇതൊക്കെ മുറപോലെ നടന്നോട്ടെ – പക്ഷേ, ശാസ്ത്ര സത്യങ്ങള പിറകോട്ടടിക്കുന്ന കോപ്രായ ങ്ങൾക്ക് വിശ്വാസികൾ തല വെച്ചു കൊടുക്കരുത്.
കോഴിക്കോട്ട് നിപ്പ വൈറസ് പൊട്ടി പുറപ്പെട്ടപ്പോൾ ദൈവത്തേയും ദേവനേയു മൊക്കെ ചുരുട്ടി മടക്കി മനുഷ്യൻ ആശുപത്രികളെ അഭയം തേടിയത് നമ്മൾ കണ്ടതാണ്. കത്തോലിക്ക സഭയുടെ താമരശ്ശേരി രൂപത കുർബാന നൽകുന്ന ആചാര ക്രമത്തിൽ പോലും മാറ്റം വരുത്തി. സ്വന്തം ജീവനിൽ കൊതിയില്ലാത്തവർ ആരുമില്ലല്ലോ – ഇമ്മാതിരി കബറിടങ്ങളും രോഗശാന്തി ഇൻസ്റ്റന്റായി നൽകുന്ന വിശുദ്ധന്മാരും കത്തോലിക്കാ സഭയ്ക്കുണ്ടെങ്കിലും മെത്രാന്മാരും വൈദികരും രോഗം വരുമ്പോൾ ആധുനിക സൗകര്യങ്ങളുള്ള സഭയുടെ ആശുപത്രി കളിലാണ് ചികിത്സ തേടുന്നത്.
മുൻ മന്ത്രിയും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായിരുന്ന ലോനപ്പൻ നമ്പാടൻ തന്റെ ആത്മകഥയിൽ (സഞ്ചരിക്കുന്ന വിശ്വാസി- DC ബുക്ക്സ് ) “വിശുദ്ധ” രാകാൻ വ്യാജ സർട്ടിഫിക്കേറ്റ് എന്നൊരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്.
1980 ൽ അദ്ദേഹം നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് കുറെ കന്യാസ്ത്രീകൾ വന്ന് ‘മരിച്ചു പോയ തിരു ക്കുടുംബാംഗ മായ മറിയം ത്രേസ്യായോടു പ്രാർത്ഥിച്ച് മാഷിന് കിട്ടിയ അനുഗ്രഹങ്ങൾ സാക്ഷ്യപ്പെട്ടുത്തി ഒരു സർട്ടിഫിക്കേറ്റ് വേണമെന്നാവശ്യപ്പെട്ടു. റോമിലേക്ക് അയക്കാനായിരുന്നു സർട്ടിഫിക്കേറ്റ് – വിശുദ്ധയാക്കുന്നതിന് രണ്ട് അത്ഭുത പ്രവർത്തികൾ നടന്നതായി സാക്ഷ്യങ്ങൾ വേണം. – അതിനാണ് കന്യാസ്ത്രീകൾ നമ്പാടന്റെ സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടത്.
അവരുടെ നിർബന്ധത്തിന് വഴങ്ങി നമ്പാടൻ രണ്ട് ലെറ്റർ പാഡ് അവർക്ക് കൊടുത്തിട്ട് പറഞ്ഞു – ആവശ്യമായ വിവരങ്ങൾ ഇതിൽ ടൈപ്പ് ചെയ്ത് കൊണ്ടു വരിക. കന്യാസ്ത്രികൾ ലെറ്റർ പാഡിൽ എഴുതി കൊണ്ടുവന്ന വാചകങ്ങൾ കണ്ട് നമ്പാടൻ അന്തം വിട്ടു – ” മറിയം ത്രേസ്യായോട് പ്രാർത്ഥിച്ചതിനാൽ എനിക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ എം എൽ എ യും മന്ത്രിയും ആയത് ആ പ്രാർത്ഥനയുടെ ഫലമാണ്. “
പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിരുന്നെങ്കിലും സർട്ടിഫിക്കേറ്റിൽ ഒപ്പും സീലും വെച്ചു കൊടുത്തുവെന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ദൈവ കൃപയാൽ സഭ നമ്പാടൻ എഴുതിയ ഈ അത്ഭുത കഥ നാളിതു വരെ നിഷേധിച്ചിട്ടുമില്ല.
ഇതോടൊപ്പം തന്നെ മറിയം ത്രേസ്യയോട് പ്രാർത്ഥിച്ച് രോഗം ഭേദമായി എന്ന് ഒരു പെൺകുട്ടിയുടെ പേരിൽ കള്ള സർട്ടിഫിക്കേറ്റ് നൽകിയ ഡോ. സണ്ണി പഴയാറ്റിൽ എന്നൊരാളെക്കുറിച്ചും നമ്പാടൻ മാഷ് എഴുതിയിട്ടുണ്ട്.
ആധുനിക വൈദ്യ ശാസ്ത്രം പരാജയപ്പെട്ടിടത്ത് മറിയം ത്രേസ്യയോട് പ്രാർത്ഥിച്ച് രോഗം ഭേദമായി എന്നാണ് ഈ ഡോക്ടർ സർട്ടിഫിക്കേറ്റ് കൊടുത്തത്.
വിശുദ്ധന്മാരെ തട്ടിക്കൂട്ടാനുള്ള സഭയുടെ ഓരോ പങ്കപ്പാടുകൾ ! മദർ തെരേസയുടെ പേരിലും ഇമ്മാതിരി എന്തോ നട്ടാൽ കുരുക്കാത്ത രോഗശാന്തി ക്കഥയുണ്ട്. കത്തോലിക്കാ സഭയുടെ ഇമ്മാതിരി ഉടായിപ്പുകൾ കണ്ടാണ് കേരളത്തിലെ ചില പെന്തക്കോസ്ത് പാസ്റ്റന്മാർ അവരുടെ രോഗശാന്തി കച്ചവടങ്ങൾക്കായി ആൾക്കാരെ ട്രെയിനിംഗ് കൊടുക്കുന്ന വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്.
വട്ടായി, മുട്ടായി, കുട്ടായി, തങ്കു, പങ്കു, മുല്ലക്കര , ഇമ്മാതിരി രോഗശാന്തി ക്കച്ചവടക്കാർ മലയാള ദേശത്ത് പൂന്ത് വിളയാടുകയാണ്. ആരും ചോദിക്കാനും പറയാനുമില്ല. ഉത്തരവാദിത്തപ്പെട്ട ഡോക്ടറന്മാരുടെ സംഘടനകളെ ങ്കിലും ഇമ്മാതിരി തട്ടിപ്പുകൾ പുറത്തു കൊണ്ടുവരണം –
ശവക്കല്ലറയുടെ മുമ്പിൽ പോയി കരഞ്ഞ് പ്രാർത്ഥിക്കുമ്പോൾ തലയിലെ ട്യൂമർ തെറിച്ചു പോകുന്ന തട്ടിപ്പുകൾ പൊളിച്ചു കാണിച്ചില്ലെങ്കിൽ ഈയാംപാറ്റകളെ പ്പോലെ ഒരു പാട് പേർ ഇവിടെല്ലാം കൊണ്ടുപോയി തല വെച്ച് കൊടുക്കുന്നത് കാണേണ്ടി വരും. വല്ല ചൊറിയോ, ചെരങ്ങോ ഒക്കെ ഇങ്ങനെ തലയിൽ നിന്ന് ഊരിത്തെറിച്ചു പോകുന്നത് സഹിക്കാം – പക്ഷേ, പാപ്പച്ചൻ ചേട്ടന്റെ തലയിൽ നിന്ന് ട്യുമർ ഊരി തെറിച്ചു പോയി എന്നൊക്കെ എഴുതി വെച്ചിരിക്കുന്നത് വായിച്ചാൽ പെറ്റ തള്ള പോലും സഹിക്കുല –
ഐ എം എ ഇക്കാര്യത്തിൽ ഇടപെടണം – രാജമാണിക്യം സിനിമ യിൽ മമ്മൂട്ടി പറഞ്ഞ പോലെ – ” മൊട കണ്ടാൽ ഇടപെടും” എന്ന ദൗത്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തേ മതിയാവൂ. ഇമ്മാതിരി ഏർപ്പാടുകൾ മനുഷ്യരാശി യോടുള്ള തീവെട്ടിക്കൊള്ളയും തീക്കളിയുമാണ്.

ഓപ്പറേഷന് മാജിക് ഹണ്ട് എന്ന പ്രൊജക്റ്റുമായി ഐ.എംഎയും കേരളാ പോലീസും കേരളത്തിലെ വിവിധ സ്ഥലങ്ങളില് നടക്കുന്ന വ്യാജ ചികിത്സകളും അല്ഭുത ചികിത്സകളും നിയന്ത്രിക്കാന് ഇറങ്ങുമ്പോൾ കത്തോലിക്കാ സഭയുടെ അദ്ഭുത രോഗശാന്തി തട്ടിപ്പിലൂടെ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ രോഗം മാറ്റിയെന്ന തട്ടിപ്പ് വാർത്ത പ്രചരിപ്പിക്കുന്ന ദീപകയ്ക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു ഫെയ്സ് ബുക്കിൽ ഇട്ട വൈറൽ ആയ പോസ്റ്റ് ചുവടെ.
