Sun. Nov 22nd, 2026

പത്തനാപുരം നെടുംപറമ്പ് പുത്തൂക്കുന്ന് ഏലായിൽ വാടകയ്ക്ക് താമസിച്ച അഞ്ചൽ അഗസ്ത്യക്കോട്സ്വദേശി രാജനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതികളായ രാജന്റെ ഭാര്യ കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി മഞ്ജു (32), കാമുകൻ കിളിമാനൂർ മേലേവിള പുത്തൻവീട്ടിൽ അജിത്ത് (23) എന്നിവരെ പത്തനാപുരത്ത് സംഭവം നടന്ന വാടക വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാജനെ (45) കഴിഞ്ഞമാസം 24 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജുവാണ് മരണവിവരം നാട്ടുകാരെ അറിയിച്ചത്. അജിത്ത് പൊലീസിൽ വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകി മരിച്ചതെന്നായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മഞ്ജുവും കാമുകനുമായ കിളിമാനൂർ സ്വദേശി ജിത്തുവെന്ന് വിളിക്കുന്ന അജിത്തും (23 ) കുറ്റം സമ്മതിക്കുകയായിരുന്നു. രാജന്റെ മക്കളുടെ മൊഴിയും നിർണായകമായി. മദ്യത്തിൽ ലോഷൻ (ഹാർപ്പിക്ക് ) ഒഴിച്ച് നൽകി അബോധാവസ്ഥയിലായ രാജനെ മഞ്ജു കാമുകനായ അജിത്തിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു.

നേരത്തെ 17 കാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം ജയിലിലായിരുന്നു അജിത്ത്. ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം പെൺകുട്ടിയുമായി വിവാഹം നടത്താമെന്ന് അജിത്തിന് മഞ്ജുവും ബന്ധുക്കളും ഉറപ്പു കൊടുത്തിരുന്നു. രാജന്റെ വീട്ടിൽ സ്ഥിരമായി വരാറുള്ള അജിത്ത് അടുത്തബന്ധുവാണെന്നാണ് മഞ്ജു പത്തനാപുരത്ത് താമസിച്ച വാടക വീടിനടുത്തുള്ളവരോട് പറഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടി മഹിളാ മന്ദിരത്തിൽ താമസിച്ച് പഠിക്കുകയാണ്.

വല്ലപ്പോഴും മാത്രം വീട്ടിൽ വരുമായിരുന്ന രാജനും ഭാര്യയുമായി നിരന്തരം കലഹമുണ്ടാകുമായിരുന്നുവെന്ന് പരിസരവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. കൂടാതെ മരിച്ച രാജന്റെ കാൽതറയിൽ മുട്ടിനിന്നിരുന്നതും, തലേന്ന് രാത്രി ഏറെ വൈകിയും രാജനും ഭാര്യയും തമ്മിൽ കലഹിച്ചിരുന്നുവെന്ന പരിസരവാസികളുടെ മൊഴിയും പൊലീസിന്റെ സംശയത്തിന് കാരണമായി.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രാജൻ – മഞ്ജു ദമ്പതികൾക്ക് പന്ത്രണ്ടും ഒൻപതും ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. ഇവർ രാജന്റെ സഹോദരിക്കൊപ്പമാണ്.

https://newsgil.in/en/2018/08/03/online-cunsultency-advt/