Sat. Nov 21st, 2026

നവലിബറല്‍ ആക്റ്റിവിസത്തിന്റെ മറവില്‍ഫെമിനിസ്റ്റ് പുരുഷന്മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടിയുളള സ്ത്രീകളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോൾ ബാലപീഡനക്കേസിൽ പ്രതിയായിട്ടുള്ള രജേഷിന്റെ ആദ്യഭാര്യ അപർണ്ണക്കെതിരെ ചിലർ ഉന്നയിച്ച ആരോപണങ്ങൾക്ക് ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിൻറെ മകൾ മറുപടി പറയുന്നു.

ഞാൻ എനിക്കു രജീഷ്‌ പോളിൽ നിന്നുണ്ടായ മോശമായ അനുഭവങ്ങളെക്കുറിച്ച്‌ പോസ്റ്റ്‌ ഇട്ടതിനു ശേഷം ഞാൻ പരാമർശ്ശിച്ച ചില പേരുകൾ, ചില സന്ദർഭങ്ങൾ എന്നിവയിൽ ചില പ്രശ്നങ്ങളും തെറ്റിധാരണകളും ഉന്നയിച്ചതായി കണ്ടു. അതിൽ എന്റെ വശം വിവരിക്കണമെന്ന് തോന്നി.

“രജീഷ്‌ എന്നേ അപർണ്ണയുടേയും രജീഷിന്റേയും നടുവിൽ കിടത്തി” എന്ന സംഭവത്തിന്റെ പേരിൽ പലരും അപർണ്ണയുടെ വാളിൽ മോശമായി സംസാരിക്കുകയും അപർണ്ണക്കെതിരെ കേസെടുക്കണമെന്നു വരെ പറയുന്നതും കണ്ടു.

ആദ്യം നിങ്ങൾ മനസിലാക്കേണ്ടത്‌ അപർണ്ണ എന്നെപ്പോലെതന്നെ രജീഷിന്റെ മറ്റൊരു ഇരയാണു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് അവർ ലോകത്തെ തിരിച്ചറിഞ്ഞു വരുന്നതിനിടയിലാണു രജീഷിന്റെ വലയിൽ അകപ്പെട്ടത്‌. അവരുടെ മുൻപിൽ ഒരു പുരോഗമനകാരിയായി അഭിനയിക്കുകയും ഇതെല്ലാം പുരോഗമനകരമാണെന്ന് അവതരിപ്പിക്കുകയായിരുന്നു അയാൾ. എന്നിട്ടും അയാളിലെ കപടത തിരിച്ചറിഞ്ഞ ഉടനെ അവർ അയാളെ ഉപേക്ഷിക്കുകയും അയാളുടെ കപട മുഖത്തെ തന്നാൽ കഴിയുന്ന വിധം പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്‌ അവർ. അന്നും ഇന്നും എന്റെ കൂടെ അവർ നിന്നിട്ടുമുണ്ട്‌.

എന്റെ കാര്യത്തിൽ അവർക്ക്‌ കൃത്യമായി ധാരണയുണ്ടായിരുന്നില്ല. അയാൾ എന്നെ എതോ ചില സംഭാഷണങ്ങൾ വച്ചു ഭീക്ഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നേ അപർണ്ണക്ക്‌ അറിയുകയുള്ളൂ. അപർണക്ക്‌ മാത്രമല്ല സുബിനും നസീറക്കും അത്ര മാത്രമേ അറിയുമായിരുന്നുള്ളൂ. ആളുകൾ എങ്ങനെ ഇതിനെ മനസിലാക്കുമെന്ന ഭയത്തെ തുടർന്ന് ഉണ്ടായ കാര്യങ്ങൾ പറയാൻ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു. പോലീസും കോടതിയുമൊക്കെ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പോലും എനിക്ക്‌ ധാരണയുണ്ടായിരുന്നില്ല. തുടർച്ചയായ റൈഡുകളും പൊലീസ്‌ ഭീകരതകളും മാവേലിക്കര കേസിലെ അറസ്റ്റുമെല്ലാം മൂലം പോലീസിനോട്‌ ഒട്ടും വിശ്വാസ്യതയും ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെയാണു അതിത്രയും നാൾ പുറത്തു വരാതിരുന്നത്‌.

“രജീഷ്‌ മാവോയെ വായിക്കാൻ ശ്രമിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു” എന്ന് ഞാനെഴുതിയതിനെ ചില പത്രങ്ങളും ചില ആളുകളും അയാളൊരു മാവോയിസ്റ്റ്‌ ആയിരുന്നെന്ന് എഴുതിയിരുന്നു. അയാളൊരു കാലത്തും ഒരു മാവോയിസ്റ്റ്‌ ആയിരുന്നില്ല. എന്റെ മുമ്പിൽ അയാളുടെ അഭിനയമായിരുന്നു മാവോ വായന. അപർണ്ണയുടെ മുൻപിൽ പുരോഗമനകാരി യുടെ മുഖം മൂടിയായിരുന്നു അയാളുടേത്‌. മറ്റു ചിലരുടെ മുൻപിൽ ദളിത്‌ ആക്ടിവുസ്റ്റ്‌ മുഖം മൂടി.. ചിലയിടങ്ങളിൽ ഫെമിനിസ്റ്റ്‌… ചിലയിടങ്ങളിൽ അനാർക്കിസ്റ്റ്‌… അയാൾ ഒരോ സ്ഥലത്തും അതിനനുസരിച്ച മുഖം മൂടി ധരിക്കുന്നതിൽ പ്രശസ്തൻ ആണു…

അയാൾ ഉപദ്രവിച്ച സ്ത്രീകൾ ഇനിയും വെളിച്ചത്തു വരാനുണ്ട്‌. വരും ദിവസങ്ങളിൽ അവരും മുന്നോട്ട്‌ വരുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷാധിപത്യത്തിന്റെ അതിർ വരമ്പുകൾ വലിച്ചു പൊട്ടിച്ചു ഇവിടത്തെ പല ആണുങ്ങളുടേയും ശരിയായ മുഖം പുറത്തു കൊണ്ടുവന്ന മുഴുവൻ പെണ്ണുങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ…