Mon. Nov 23rd, 2026

കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ നൃത്തവിഭാഗത്തിൽ ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ ആയിരുന്നു. ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയിൽ വച്ച് മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാർത്ഥിനിക്കും പരിക്കേറ്റിരുന്നു. അമിതവേഗത്തിലെത്തിയ മിനി ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാർക്കിലെ ഡ്രൈവർമാരും ചേർന്നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു. വെങ്ങോല വളയൻചിറങ്ങര വെട്ടുകാട്ടിൽ വീട്ടിൽ അഞ്ജന കാലടി സർവകലാശാലയിലെ ഒന്നാം വർഷ പി.ജി. നൃത്തവിഭാഗം വിദ്യാർത്ഥിനിയാണ്. മഞ്ജുഷ പി.ജി. രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്.