പളളി’ എന്നപദം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് മുസ്ലിം, സഹോദരങ്ങളുടെയോ അല്ലെങ്കിൽ ക്രൈസ്തവ സഹോദരങ്ങളുടെയോ ദേവാലയമാണ്. കേരളത്തിലെ ക്രിസ്ത്യാനികളും, മുസ്ലിംകളും അവരുടെ ദേവാലയത്തിന് ‘പള്ളി‘ എന്ന ഒരേ പേരാണ് നൽകിയിരിക്കുന്നത്. അതേസമയം, ഹിന്ദു’ ഈ പദം ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പക്ഷെ ഹൈന്ദവ രാജാക്കന്മാരുടെ പ്രവർത്തികളെ ഒരു കാലത്ത് പള്ളി ചേർത്താണ് പറഞ്ഞിരുന്നത്. പളളി ഉറക്കം, പളളിവേട്ട, പളളിഅറ, പളളിയോടം, തുടങ്ങിയവ ഉദാഹരണങ്ങളാണ്. അന്ന് സമൂഹത്തിലെ അധികാരികൾ ബുദ്ധിസ്റ്റുകളായിരുന്നു. അവരെ ബഹുമാനിക്കാൻ പളളി ശബ്ദം ചേർത്തു പോന്നു. ‘ പളളി ‘ബഹുമാനത്തിന്റെ പര്യായമായിരുന്നു. പിന്നെ അവർ ബുദ്ധ ധമ്മത്തിൽ നിന്ന് മാറിയതിനു ശേഷവും പളളി ശബ്ദം തുടർന്നു പോന്നു.
‘പള്ളി’ അറബിഭാഷയിലോ ലാറ്റിൻ ഭാഷയിലോ ഉള്ള ഒരു പദമല്ല. മലയാളവുമല്ല, സംസ്കൃതവുമല്ല. അത് പാലി ‘ഭാഷയിലെ ഒരു പദമാണ്. ബുദ്ധ വിഹാരം എന്നാണ് അതിന്റെ അർത്ഥം. യഥാർത്ഥത്തിൽ പള്ളികൾ ബുദ്ധമത കേന്ദ്രങ്ങളായിരുന്നു.
ആര്യവൽക്കരണവും ചാതുർവർണ്യ വ്യവസ്ഥയുടെ അടിച്ചമർത്തലും തുടങ്ങുന്നതിനു മുമ്പ് ആയിരത്തിയിരുനൂറോളം വർഷത്തെ ബുദ്ധമതപാരമ്പര്യം കേരളത്തിനുണ്ടായിരുന്നു. എട്ട്, ഒൻപത് നൂറ്റാണ്ടുകളിൽ ബുദ്ധമത കേന്ദ്രങ്ങളായിരുന്ന ‘പള്ളി’ കളെ പൈശാചികമായി തകർത്തു കൊണ്ടാണ് ബ്രാഹ്മണമേധാവിത്തത്തിലധിഷ്ഠിതമായ ഹിന്ദു മതത്തിലേക്ക് കേരളത്തെ അമർത്തിയത്. കൊല്ലവർഷം (കൊല്ലൽ വർഷം) ആരംഭിക്കുന്നത് അന്നു മുതലാണ്. കേരള ചരിത്രം പരശുരാമനിലൂടെയാണ് തുടങ്ങിയതെന്ന നുണ പ്രചരിപ്പിച്ചവർ ഈ വസ്തുത മറച്ചുവെക്കുകയാണ് ചെയ്തത്.
കേരളത്തിലുടനീളംസഞ്ചരിക്കുമ്പോൾ ‘പള്ളി’ എന്ന പദത്തിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ആയിരക്കണക്കിന് സ്ഥലങ്ങൾ കാണാം. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, കാഞ്ഞിരപ്പള്ളി, പള്ളിപ്പുറം, പളളിക്കര, തോട്ടപ്പള്ളി, വട്ടപ്പള്ളി, എന്നിവ ഉദാഹരണങ്ങളാണ്. ഇവയെല്ലാം ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. നമ്മുടെ സ്ക്കൂളുകൾ യഥാർത്ഥത്തിൽ പള്ളിക്കൂടങ്ങളായിരുന്നുവെന്ന കാര്യം ഓർക്കുക. ശബരിമലക്ക് കൊണ്ടു പോകുന്ന കെട്ട് പള്ളിക്കെട്ടാണെന്നതും ശ്രദ്ധിക്കുക.
ജാതി വ്യവസ്ഥയോ തൊട്ടുകൂടായ്മയോ ഉച്ചനീചത്വമോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയുടെ പ്രതീകങ്ങളാണ് ബുദ്ധമതവുമായി ബന്ധപ്പെട പള്ളികൾ. ഈ പള്ളികൾ തകർത്തിട്ടാണ് സവർണ ഫാസിസ്റ്റുകൾ ഇന്നു കാണുന്ന ഹൈന്ദവ ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രങ്ങൾ വന്നതോടെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ, അവർണരെ ക്ഷേത്രത്തിൽ കയറ്റിയതുമില്ല. 1936-ൽ ക്ഷേത്രപ്രവേശനം ഉണ്ടാകുന്നതുവരെ ഈ നില തുടരുകയാണ് ചെയ്തത്. അന്ന് ബുദ്ധമതക്കാരുടെ പള്ളി തകർത്ത് ക്ഷേത്രം പണിതവരാണ് ഇന്ന് മുസ്ലിം പള്ളി തകർത്ത് ക്ഷേത്രം പണിയാൻ കോപ്പുകൂട്ടുന്നതെന്ന ചരിത്ര യാഥാർത്ഥ്യം അടിവരയിട്ടു വായിക്കേണ്ടതാണ്.
കേരളത്തിൽ ബുദ്ധമതത്തെ തകർത്ത ഫാസിസ്റ്റു ശക്തികൾ ജാതി വ്യവസ്ഥ കൊണ്ട് ഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിച്ചമർത്തിയെന്ന് മുമ്പു പറഞ്ഞുവല്ലോ, ഈ അടിച്ചമർത്തൽ രൂക്ഷമായതോടെ അവർ മറ്റു വിമോചന മാർഗങ്ങൾ തേടാൻ നിർബന്ധിതരായി. നൂറു കണക്കിന് കുടുംബങ്ങൾ ഇസ്ലാം മതത്തിലും ക്രിസ്തുമതത്തിലും അഭയം പ്രാപിച്ചു. ഇങ്ങനെ അഭയം പ്രാപിച്ചവരിൽ ഭൂരിപക്ഷവും ഹിന്ദു മതത്തിലെ അവർണവിഭാഗങ്ങളായിരുന്നു.
അവർക്കായി ഇസ്ലാമും ക്രൈസ്തവരും ദേവാലയങ്ങൾ ഉണ്ടാക്കിയപ്പോൾ ഇന്നാട്ടിൽ കഴിഞ്ഞ ആയിരത്തിലേറെ വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന ”പള്ളി ” എന്ന പദം തന്നെ ഉപയോഗിച്ചു. കേരളത്തിൽ മുസ്ലിംകളും ക്രൈസ്തവരും ഒരുപോലെ പളളിയെന്ന പേര് ഉപയോഗിക്കാനിടയായത് അതുകൊണ്ടാണ്. ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തത് തങ്ങൾ തകർത്തു കളഞ്ഞ ഒരു വ്യവസ്ഥിതിയുടെ ഭാഗമാണത് എന്നതുകൊണ്ടുതന്നെയാണ്.
നാസികൾ പോലും ലജ്ജിക്കുന്ന ക്രൂരതയാണ് ഹിന്ദു ഫാസിസ്റ്റുകൾ ബുദ്ധമതക്കാരോട് കാട്ടിയത്. ആലുവാ പുഴയുടെ തീരത്ത് ഇന്ന് ആചരിക്കുന്ന ശിവരാത്രിക്കു പിന്നിൽ ബുദ്ധമതക്കാരെ കൂട്ടക്കൊല ചെയ്തതിന്റെ ചരിത്രമുണ്ട്.’ (ഇന്നത്തെ പിന്നോക്ക, ദലിത്, ന്യൂനപക്ഷങ്ങളുടെ പൂർവ്വികരെ) ആലവാങ്കെന്ന അലകു പാരയുപയോഗിച്ചു നടത്തിയ അവർണരോടുള്ള മത ഹിംസയുടെ സ്മാരകങ്ങളാണ് ആലുവായ് എന്ന സ്ഥലപ്പേരെന്ന ബഹുജന വാദം അവർണരുടെയിടയിൽ നിലനിൽക്കുന്നുണ്ട്.
കിരാതമായ ഹിന്ദു ഹിംസയിലൂടെ ജാതി വ്യവസ്ഥ അടിച്ചുറപ്പിച്ച മധ്യകാലത്തിനു ശേഷം കേരളം സന്ദർശിച്ച വിദേശ സഞ്ചാരികളും ആദ്യകാല ക്രൈസ്തവ മിഷനറിമാരും കഴുവേറ്റലിനെയും, ചിത്രവധത്തെയും കുറിച്ച് വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.(2) ഇന്നത്തെ ഹിന്ദു ക്ഷേത്രങ്ങളിൽ കാണുന്ന ചടങ്ങുകളിൽ പലതും ബുദ്ധമത ധ്വംസനത്തിന്റെ ഓർമ പുതുക്കുന്നവയാണ്. ഇളവൂർ തൂക്കവും, ഒറ്റമുല ഭഗവതിയും, കൊടുങ്ങല്ലൂർ ഭഗവതിക്ക് തെറിപ്പാട്ട് പാടുന്നതുമെല്ലാം ഇദാഹരണങ്ങളായെടുക്കാം.
ബുദ്ധമതം തകർന്നപ്പോൾ ഹിന്ദു മതത്തിലെ അടിമകളായിത്തീർന്നവർ പിൽക്കാലത്ത് ഇസ്ലാം മതത്തിലും ക്രിസ്തുമതത്തിലും അഭയം കണ്ടെത്തിയത് സവർണ ഫാസിസ്റ്റുകൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. അവർ തകർത്ത ഒരു ബുദ്ധമതപളളിയുടെ സ്ഥാനത്ത് ഒരായിരം മുസ്ലീം പള്ളിയോ ക്രൈസ്തവ പള്ളിയോ ഉയരുകയാണുണ്ടായത്.
ബുദ്ധമതാനുയായി ആയിരുന്ന മാവേലിയെ തലയിൽ ചവിട്ടി പാതാളത്തിലേക്ക് വിട്ടവരുടെ പിന്മുറക്കാരാണ് ഇന്ന് മണ്ഡലിന്റെയും മസ്ജിദിന്റെയും തലയിൽ കാലോങ്ങി നിൽക്കുന്നത്. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഈ പള്ളി പൊളിക്കൽ നടന്നിട്ടുണ്ട്. മലയാളത്തിലെ ‘പ’യുടെ സ്ഥാനം കന്നടയിൽ ’ഹ‘ എന്ന അക്ഷരത്തിനാണ്. ഇവിടത്തെ പള്ളി അവിടെ ഹളളിയാണ്. ദേവരഹളളി, ആനനഹള്ളി, തുടത്തിയവ… ഇവയെല്ലാം നശിപ്പിക്കപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളാണ്. തമിഴ് നാട്ടിലും ആന്ധ്രയിലും ഇത് പളളി തന്നെയാണ്. തൃശ്ശിനാ പളളിയും, കൊണ്ടകപ്പള്ളിയും ദൃഷ്ടാന്തങ്ങളാണ്.
ഇന്ത്യയിൽ ജന്മം കൊണ്ട ബുദ്ധമതം ഇന്ന് ഇന്ത്യയിൽ നിർജീവമാണ്. ജപ്പാൻ, ശ്രീലങ്ക, ചൈന, തായ് ലൻറ്, ബർമാ, തിബറ്റ്, ഭൂട്ടാൻ, നേപ്പാർ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിൽ അത് ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലാണ് രൂപം കൊണ്ടതെങ്കിലും ബുദ്ധമതത്തിന് ഇന്ത്യയിൽ സ്ഥാനമില്ലാതാക്കിയത് ഹിന്ദു ഫാസിസ്റ്റ് ശക്തികളായിരുന്നു.
ആർഷ സംസ്കാരത്തിലെ ജീർണതക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ബുദ്ധൻ രംഗത്തുവന്നത്. വൈദിക സംസ്ക്കാരത്തിന്റെ അടിസ്ഥാന ശിലകളായിരുന്ന ചാതുർവർണ്യം, ജാതിവ്യവസ്ഥ, യജ്ഞം, തപസ്, ബ്രാഹ്മണസൃഷ്ടികളായ ദൈവങ്ങൾ എന്നിവയെ ഇളക്കി മറിച്ചു കൊണ്ടാണ് ബുദ്ധമതം ഇന്ത്യയിലെങ്ങും വ്യാപിച്ചത്. മൗര്യ സാമ്രാജ്യത്തിലെ അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ഒരു ലോകമതം എന്ന പദവി അതിന് കൈവന്നു. മനുഷ്യരെല്ലാം തുല്യരാണെന്ന ബുദ്ധമതത്തിന്റെ നിലപാടിനു മുന്നിൽ ആർഷ സംസ്കാരത്തിന്റെ വക്താക്കൾ അടിപതറി. പിന്നീട് ഗുപ്ത രാജാക്കന്മാരുടെ കാലത്താണ് പഴയ ഹൈന്ദവ ജീർണതയിലേക്ക് ഇന്ത്യ തിരിച്ചു പോയത്. ഇതിനെതിരെയാണ് അംബേദ്ക്കറും, ശ്രീ നാരായണ ഗുരുവും, സഹോദരൻ അയ്യപ്പനും, ഇ.വി.ആറും, മറ്റും രംഗത്തു വന്നത്. .!
കടപ്പാട്:
(1) ഡോ: M S ജയപ്രകാശ്
(2) ഡോ: അജയ് ശേഖർ
(3) N K ജോസ് (ദലിത് ബന്ധു)


