Sun. Nov 22nd, 2026

സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ സംവിധായകനും നടിക്കുമെതിരെ അഴിച്ചുവിട്ട സൈബർ ആക്രമണത്തെ തുടർന്ന് ഡോക്ടർ ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും ഫേസ് ബുക്ക് പേജ് ഡിലിറ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ പരസ്യമായ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.”താരരാജാക്കന്മാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അത് കൊണ്ട് ഫേസ് ബുക്ക് പേജ് ഡീലിറ്റ് ചെയ്യുന്നു.”.ഇതാണ് സജിത മഠത്തിലിനറെ എഫ്ബി പേജിലെ അവസാന പോസ്റ്റ്.

സമാനമായ സൈബർ ആക്രമണം ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം സംവിധായകൻ ഡോക്ടർ ബിജുവും ഫേസ് ബുക്ക് പേജ് ഡിലിറ്റ് ചെയ്തത്.. പക്ഷെ പരാതിപ്പെടാനില്ലെന്ന് ഡോക്ടർ ബിജു വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങളെ തുടർന്നായിരുന്നു ഇരുവർക്കുമെതിരായ സൈബർ ആക്രമണം. മോഹൻലാലിനെ മുഖ്യാതിഥിയായി സർക്കാർ ക്ഷണിച്ചപ്പോൾ താരങ്ങളെ മുഖ്യാതിഥികളായി വിളിക്കേണ്ടെന്ന നിലപാടാണ് ഡോക്ടർ ബിജുവും സജിത മഠത്തിലും അടക്കമുള്ള ഒരു വിഭാഗം ചലച്ചിത്രപ്രവർത്തകർ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഇരുവരും ഒപ്പിട്ടിരുന്നു.

പഠനത്തിനായി മീൻ വിറ്റ വിദ്യാർത്ഥിനി ഹനാനെതിരായ സൈബർ ആക്രമണത്തിൽ സർക്കാർ ശക്തമായ നടപടി എടുത്തു. എന്നാൽ മുഖ്യാതിഥി വിവാദത്തിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് ഒരു വിഭാഗം ഡോക്ടർ ബിജുവിനെയും സജിത മഠത്തിലിനെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ മോഹന്‍ലാലിനെ സംഘപരിവാര്‍ അനുഭാവികളും ഇടതുപക്ഷ അനുകൂലികളും പിന്തുണയ്ക്കുന്നുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ബിജുവിനെയും സജിത മഠത്തിലിനെയും താരങ്ങളുടെ ആരാധകര്‍ അധിക്ഷേപിക്കുന്നത്.