സെക്ഷ്വൽ ഫ്രസ്ട്രേഷൻ തീർക്കാൻ ദലിത് പിന്നോക്ക വിഭാഗങ്ങളിൽ പെട്ട സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന രണ്ട് ലിബറൽ ബുദ്ധി ജീവികൾക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു.സൗഹൃദം നടിച്ച് ‘ആക്‌ടിവിസ്റ്റ്’ ലൈംഗിക അതിക്രമത്തിന് ശ്രമം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തൽ കൂടുതൽ വിവാദങ്ങളിലേക്കും ഞെട്ടിക്കുന്ന മറ്റു പല വെളിപ്പെടുത്തലുകളിലേക്കും . ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവർത്തകയായ യുവതി ആദ്യം രംഗത്തെത്തിയിരുന്നത്.
സ്‌റ്റെര്‍ലൈറ്റ് വിഷയങ്ങള്‍ക്കുശേഷമുള്ള തൂത്തുക്കുടിയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഒരുമിച്ച് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് രൂപേഷ് കുമാറിന്റെ കാപട്യം പുറത്തുവന്നതെന്ന് യുവതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ദളിത്,സ്‌ത്രീപക്ഷ, കീഴാള രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ആക്‌ടിവിസ്റ്റിനോടൊപ്പമുള്ള യാത്ര ഭീതിതമായ അനുഭവമായിരുന്നു എന്നും യുവതി പറയുന്നു.
‘‘നേരം പോകുന്തോറും അയാളുടെ പൊയ്‌മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫേസ്‌ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.’’‐എന്ന് യുവതി പോസ്റ്റിൽ പറയുന്നു.
പിന്നാലെ ‘ഫക്ക് ഹ്യൂമനിസം’ എന്ന പേരില്‍ അമാനവ സംഗമം നടത്താന്‍ നേതൃത്വം നല്‍കിയ രജേഷ് പോള്‍, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാര്‍ എന്നിവര്‍ ലൈംഗിക കുറ്റകൃത്യം ചെയ്തതായി സ്ത്രീകള്‍ വെളിപ്പെടുത്തിയെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഡോ.രേഖാ രാജ് ഉം ഫേസ്ബുക്ക് പോസ്റ്റ്.ഇട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് രേഖാ രാജ് ഉന്നയിക്കുന്നത്. ദളിതയായ പെണ്‍കുട്ടിയെ ജോലിക്കു വിളിച്ച ശേഷം നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് രേഖ പോസ്റ്റില്‍ വിവരിക്കുന്നു. ഹൈദ്രബാദ് സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് രൂപേഷിനെ കുറിച്ചുള്ള വിവരം നല്‍കിയതെന്നും രേഖ വ്യക്തമാക്കുന്നു.
ഇവരിൽനിന്നും നിന്നും മറ്റുപലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു സൂചനയുമായാണ് പലരുടെയും ഫേസ്‌ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നത്. ദളിത്‐കീഴാള രാഷ്‌ട്രീയത്തിന്റെ പേരിൽ ലൈംഗിക മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സ്വന്തം അനുഭവങ്ങളും അതിക്രമങ്ങളെ അതിജീവിച്ചവർ പങ്കുവച്ച അനുഭവങ്ങളും വെളിപ്പെടുത്തി നിരവധി സ്‌ത്രീകൾ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. പൊതുബോധത്തിനെതിരായും സ്‌ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയും നിലപാടെടുക്കുന്നവർ പൊതുസമൂഹത്തിൽ നിന്നും നേരിടുന്ന ഒറ്റപ്പെടൽ പോലും അക്രമികൾ തങ്ങളുടെ മുതലെടുപ്പിന് അനുകൂലമായി ഉപയോഗിക്കുന്നതായും ഇവർ പറയുന്നു.
