Sat. Nov 21st, 2026

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ കത്തോലിക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ മൂന്ന് ദിവസത്തെ ധ്യാനം കൂടല്‍ നിര്‍ബന്ധമാക്കിയത് മുമ്പ് വാര്‍ത്തയായിരുന്നു. എന്നാല്‍ അതിലും വലിയ വാര്‍ത്തകളാണ് കോളേജില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. അന്യമതസ്ഥരായ ഹിന്ദു മുസ്ലീം വിദ്യാര്‍ഥികളും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കോളേജില്‍ നടക്കുന്ന ധ്യാനം കൂടലില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നാനന്നായിരുന്നു കോളേജ് അധികൃതരുടെ ഭീഷണി.

മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്ന വിദ്യാര്‍ഥികളോടും ഇത്തരത്തില്‍ ആവശ്യപ്പെട്ടതില്‍ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ഉണ്ടായിരിക്കുന്നത്. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ല. എന്നിട്ട് പോലും കോളേജില്‍ നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അറ്റന്‍ഡന്‍സ് നല്‍കില്ലെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരിക്കുന്നത്. 5 ദിവസത്തെ അറ്റന്റൻസ് പോയാലും വേണ്ടില്ല 5 ദിവസത്തെ ധ്യാനംകൂടിയവൾ എന്ന പേരുദോഷം മക്കളെ കേൾപ്പിക്കാനില്ലെന്ന് ഉറച്ച് ധാരാളം രക്ഷിതാക്കൾ രംഗത്തുണ്ട്.അന്യമതസ്ഥരായവർക്ക് മൂന്ന് ദിവസത്തെ ധ്യാനമേ ഉള്ളൂ.അവർക്ക് കുമ്പസാരവും കുർബാനയും ഇല്ലെങ്കിലും കൗൺസിലിംഗ് ഉണ്ട്. 

അറ്റന്‍ഡന്‍സ് മാത്രമല്ല ധ്യാനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് മൂവായിരം രുപ പിഴയും അടയ്‌ക്കേണ്ടി വരുമെന്നും അനൗപചാരികമായി വിദ്യാര്‍ഥികളോട് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്. കോളേജിലെ കത്തോലിക്ക വിശ്വാസികളായ വിദ്യാര്‍ഥികള്‍ ചിറ്റൂരില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കണം. അന്യമതസ്ഥരായ വിശ്വാസികള്‍ കോളേജില്‍ തന്നെ രാവിലെ 8.30 മുതല്‍ 3.30 വരെ നടത്തുന്ന ധ്യാനയോഗത്തില്‍ പങ്കെടുക്കണമെന്നുമാണ് നിബന്ധന. ധ്യാനത്തില്‍ പങ്കെടുക്കുന്ന കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും 500 രുപ ഫീസായും ഈടാക്കുന്നുണ്ട്.

എന്നാല്‍ എറണാകുളത്തെ തന്നെ മറ്റ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേക്രഡ് ഹര്‍ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് തുടങ്ങിയ കോളേജുകള്‍ ഇത്തരം ധ്യാനപരിപാടികള്‍ സംഘടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കടുത്ത പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ കോളേജിന്റെ ഏകാധിപത്യ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതര മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് കോളേജില്‍ നടക്കുന്നതെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. സംസ്ഥാനത്തെ പൊതു സമൂഹവും, രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ഇടപെടണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. അടുത്ത ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ആദ്യ ബാച്ചിന്റെ ധ്യാനം. ആരോഗ്യപരമായ കാര്യങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തവരും ഫീസ് നല്‍കണമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

സ്വയം ഭരണാവകാശമുളള കോളേജ് ആയതുകൊണ്ട് സര്‍വകലാശാലയ്‌ക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും കഴിയാറില്ല. കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളേജ് ആയതു കൊണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. മഴമൂലം രണ്ടാഴ്ചയിലധികം ക്‌ളാസ്സുകള്‍ നഷ്ടപ്പെട്ടതിനിടയിലാണ് നിര്‍ബന്ധിത ധ്യാനവുമായി മാനേജ്‌മെന്റ് രംഗത്തു വന്നിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്ന അഞ്ചു ദിവസവും ധ്യാനകേന്ദ്രത്തില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കില്ല. ബന്ധുക്കളെ ബന്ധപ്പെടുവാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാനോ അനുവാദമുണ്ടാകില്ല.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും ഒരു കാരണവശാലും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധ്യാനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അനുവദിക്കുന്നതല്ല എന്ന കടുംപിടുത്തത്തിലാണ് കോളേജ് അധികൃതല്‍. കഴിഞ്ഞ വര്‍ഷം ഒരു ദിവസം മാത്രം നടന്ന യുവജന ധ്യാനത്തില്‍ നിന്നു വിട്ടു നിന്ന ചില വിദ്യാര്‍ത്ഥികളെ മാനസികമായി പിഡിപ്പിച്ചതായും ഇവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാതിരുന്നതായും അനുഭവമുള്ളതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിനിയും ഒരിടത്തും പരസ്യമായി പ്രതികരിക്കാനും പരാതി പറയാനും തയ്യാറല്ല.