ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ സ്വന്തം ചുമലിലേറ്റാന്‍ വേണ്ടി മീന്‍ കൊട്ട കൈയിലെടുക്കേണ്ടി വന്ന ഹനാനെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത സോഷ്യൽമീഡിയയിലും വൈറൽ ആയിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിത്തം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഈ മിടുക്കിയ്ക്ക് സിനിമയില്‍ അവസരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സിനിമയിലേക്കെത്തുകയാണ് ഹനാന്‍.
കൊച്ചി പാലാരിവട്ടം തമ്മനം ജംക്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ജീവിതം അറിഞ്ഞുടന്‍ തന്നെ അരുണ്‍ ഹനാനെ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണെന്നൊക്കെ അരുണ്‍ മനസിലാക്കുന്നത്. പിന്നെ ഒരു ചോദ്യമായിരുന്നു, എന്റെ സിനിമയില്‍ അഭിനയിക്കുന്നോ എന്ന്. അതെ എന്ന് സമ്മതം മൂളിയതോടെ മലയാള സിനിമാ ലോകത്തേക്കുള്ള വാതില്‍ ഹനയ്ക്ക് മുന്നില്‍ തുറക്കുക കൂടിയായിരുന്നു.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും നേരത്തെ വേര്‍പിരിഞ്ഞു. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായാണ് ഹനാന്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങിയത്. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജില്‍ ചേരാനുള്ള പണം കണ്ടെത്തിയത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.
ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍ പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെ നിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും.
ഇതിനിടെ എറണാകുളത്തെ ഒരു കോള്‍സെന്ററില്‍ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.