വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാധ്യമസംഘത്തിലെ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഡ്രൈവര്‍ ബിബിനായി തെരച്ചില്‍ തുടരുന്നു. ഇന്നലെ വൈകിട്ടോടെ നിര്‍ത്തിയ തെരച്ചില്‍ ഇന്നായിരുന്നു പുനരാരംഭിച്ചത്.
കടുത്തുരുത്തിക്കു സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികൾ റിപ്പോർട്ട് ചെയ്യാനെത്തി മടങ്ങവേ ഇന്നലെയാണ് മാതൃഭൂമി പ്രാദേശിക ലേഖകൻ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിൽ സജി മെഗാസ് (48), മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവർ തിരുവല്ല സ്വദേശി ബിബിൻ (30) എന്നിവരെ വളളം മുങ്ങി കാണാതായത് കാണാതായത്.
വള്ളത്തിലുണ്ടയിരുന്ന മാതൃഭൂമി ന്യൂസ് ചാനലിലെ റിപ്പോർട്ടർ തൃശൂർ കുടപ്പുഴമന ശ്രീധരൻ നമ്പൂതിരി (29), കാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് നായർ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനിൽ അഭിലാഷ് (40) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 12.30നു മുണ്ടാർ പാറേൽ കോളനിക്കു സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം. കാണാതായവർക്കായി വൈകിട്ട് ഏഴുവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് തെരച്ചിൽ ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.
ഇവരെ പിന്നീടു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീധരന്റെയും അഭിലാഷിന്റെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃർ അറിയിച്ചു.
ചാനൽ സംഘം റിപ്പോർട്ട് തയാറാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനുശേഷം രണ്ടു കിലോമീറ്റർ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്പോൾ വള്ളം തലകീഴായി മറിയുകയായിരുന്നു.