ക്യാമ്പസ്സില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തില്‍ ജെഎന്‍യു വിദ്യാർഥി നേതാവ് കനയ്യ കുമാറിനെതിരായ സർവകലാശാലയുടെ ശിക്ഷാ നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞു. കനയ്യയ്ക്കു പിഴ വിധിച്ച സർവകലാശാലയുടെ നടപടി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ തടഞ്ഞത്.
കനയ്യകുമാറിനെതിരായ ജെഎന്‍യു നടപടി നിയമവിരുദ്ധവും യുക്തിരഹിതവും അനിയന്ത്രിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിക്ഷ പിൻവലിക്കുന്നതായി ജെഎന്‍യു അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് അച്ചടക്കലംഘനമാരോപിച്ച് സർവകലാശാലയുടെ ഉന്നതതല അന്വേഷണ കമ്മീഷൻ കനയ്യയ്ക്ക് 10,000 രൂപ പിഴ വിധിച്ചത്. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയിൽ കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. ഇതിനെതിരേ കനയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.