ഞാനെങ്ങനെ വര്‍ഗീയവാദി ആയി?
ഇ എ. ജബ്ബാർ
പ്രധാനമായും മൂന്നു മഹാന്മാരാണ് എനിക്ക് ഇക്കാര്യത്തില്‍ പ്രചോദനമായത് . ഒന്ന്‍ ഞാന്‍ കോളേജ് വിദ്യാര്‍ഥി ആയിരുന്ന കാലത്ത് കേട്ട ഒരു പ്രസംഗം. ഫറൂകില്‍ ജമാ അത്തെ ഇസ്ലാമി യുടെ ഒരു മഹാസമ്മേളനത്തില്‍ മുഖ്യ അതിഥിയായി വന്ന ഫ്രഞ്ച് ചിന്തകനായിരുന്ന രജാഗരോടിയുടെ പ്രസംഗം ഞാനും നേരിട്ട് കേട്ടു. അദ്ദേഹം പറഞ്ഞ കാര്യം എനിക്ക് വളരെ സ്വീകാര്യമായി തോന്നി. ചുരുക്കം ഇതായിരുന്നു.:-
ഇന്ത്യ പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ ന്യൂനപക്ഷമായ മുസ്ലിംങ്ങള്‍ എല്ലായിപ്പോഴും സ്വന്തം സമുദായത്തിലെ ജീര്‍ണതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ ഒരിക്കലും അന്യ സമുദായങ്ങളുടെ കുറ്റവും കുറവും കണ്ടെത്താനും വിമര്‍ശിക്കാനും മുതിരരുത്. അത് മര്യാദയല്ല. അത്തരം പ്രവണത വര്‍ഗീയതയിലേക്കും അശാന്തിയിലേക്കും നയിക്കും.
രണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ തന്നെ കക്കാട് വെച്ച് നടന്ന മറ്റൊരു സമ്മേളനത്തിലെ പ്രധാനാഥിതി അമേരിക്കന്‍ ചിന്തകനായ ജോണ് എസ്പോസിറ്റോ. . അദ്ദേഹവും സമ്മേളനത്തില്‍ വെച്ചും പത്രസമ്മേളനത്തിലും ഇതേ കാര്യം തന്നെ ഊന്നിപ്പറയുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
മൂന്ന്‍. ഞാനേറ്റവും ഇഷ്ടപ്പെടുന്ന പണ്ഡിതന്‍ ചേകനൂര്‍ മൌലവിയുടെ നിലപാട് . അദ്ദേഹവും ഇതേ കാര്യം പലപ്പോഴും ഊന്നി പറയുന്നത് കേട്ടിട്ടുണ്ട് .
എനിക്കും ഒരു സ്വതന്ത്ര ചിന്തകനായ ശേഷം ഈ നിലപാടാണ് ശരിയെന്നു തോന്നിയിട്ടുണ്ട് . ഞാനിത്രയും കാലം വിചാരിച്ചിരുന്നത് സ്വന്തം സമുദായത്തെവിമര്‍ശിക്കുന്നതും സ്വന്തം മതത്തിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതും വര്‍ഗീയതയെ ഇല്ലാതാക്കുന്ന നിലപാടാണ് എന്നായിരുന്നു.എന്നാല്‍ ഇപ്പോള്‍ മഹാജ്ഞാനികളായ പലരും പറയുന്നത് അന്യ മതങ്ങളുടെ മെക്കിട്ടു കയറാതെ സ്വന്തം സമുദായത്തെ മാത്രം കുറ്റപ്പെടുതതുന്നതാണ് വര്‍ഗീയത എന്നാണു.
എനിക്ക് പുത്തന്‍ അറിവാണെന്കിലും ജ്ഞാനികള്‍ പറയുമ്പോള്‍ അംഗീകരിക്കുന്നതാണല്ലോ അതിന്റെ ഒരു മര്യാദ.ആയതിനാല്‍ ഞാന്‍ അക്കാര്യം അംഗീകരിക്കുന്നു. ആ നിലപാടിന്റെ പേരാണ് വര്‍ഗീയത എന്ന പുത്തന്‍ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഞാന്‍ തുറന്നു സമ്മതിക്കുകയാണ്. ഞാന്‍ വര്‍ഗീയവാദിയാണ്. വെറും വര്‍ഗീയമല്ല, കടുത്ത വര്‍ഗീയവാദി തന്നെ ! അഭിമാനപുരസ്സരം അംഗീകരിക്കുന്നു.
മതം ഉപേക്ഷിച്ചു മനുഷ്യനയിട്ടും “സ്വന്തം സമുദായവും മതവും” ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യവും പ്രതീക്ഷിക്കുന്നതിനാല്‍ അക്കാര്യവും പറയാം. ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥ കൂടി പരിഗണിച്ചാണ് ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ആ സമൂഹത്തിനു സമുദായവും മതവും ഉണ്ടെന്നു മാത്രമല്ല അവര്‍ക്ക് മതവും ജാതിയും ഇല്ലാതായവരെ വെറും മനുഷ്യരായി മാത്രം കാണാനുള്ള മനോവികാസം ആയിട്ടില്ല എന്ന ഒരു യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് എന്റെ സമുദായം എന്ന് പറയുന്നത്.. ഞാന്‍ സ്വപനം കാണുന്ന ഒരു വിദൂര യഥാര്‍ത്ഥ്യത്തിനു മുമ്പില്‍ നിന്നുകൊണ്ടല്ല ഞാന്‍ എന്റെ ആശയസംവേദനം നടത്തുന്നത്. വര്‍ത്തമാന യഥാര്‍ത്ഥ്യം കൂടി പരിഗണിച്ചാണ് .
ഞാന്‍ ഇനിയും ഒരു വര്‍ഗീയവാദി ആയി തന്നെ തുടരുന്നതായിരിക്കും എന്ന് കൂടി അറിയിക്കുന്നു .