പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ച യുവദമ്പതികള്‍ക്ക് സി.പി.എം പിന്തുണ. തുടര്‍ന്ന് ഇവര്‍ സി.പി.എം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നു. ഏരിയാ കമ്മിറ്റി നേതാക്കളാണ് തങ്ങളുടെ പിന്തുണ ഹാരിസണെയും ഷഹ്നായെയും അറിയിച്ചത്.
ഇവര്‍ ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രക്തഹാരവും ചാര്‍ത്തി നില്‍ക്കുന്ന ചിത്രം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ എസ്.ഡി.പി.ഐക്കെതിരെയും വധുവിന്റെ വീട്ടുകാരില്‍ ചിലര്‍ക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.
‘ഞാന്‍ ഏത് നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഷഹാനയുടെ വീട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടിപ്പോയതിന് നാളെ കെവിനെ പോലെ ഞാനും പത്രക്കട്ടിങ്ങുകളില്‍ ഒതുങ്ങും’ എന്നായിരുന്നു ഹാരിസണിന്റെ ഫേസ്ബുക്ക് ലൈവ്.