✍️ രാകേഷ് ഉഷ രഘുനാഥ് (സമൂസ ത്രികോണാധ്യായ ഡിങ്കോയിസം മ:)
ഒന്ന് ചോദിച്ചോട്ടേ?
ആളുകളെ നായസ്നേഹി, മനുഷ്യസ്നേഹി എന്നിങ്ങനെ വേർതിരിക്കുന്നത് ശരിയാണോ?
നായയെ കൊല്ലണം എന്ന് പറയുന്നവർ മുഴുവന്‍ നായയെ വെറുക്കുന്നവരാവില്ല, വേറെ വഴി ഇല്ലാഞ്ഞിട്ടാവും,
നായയെ കൊല്ലരുതെന്ന് പറയുന്നവർ മനുഷ്യസ്നേഹം ഇല്ലാത്തവരാവില്ല, വേറെ വഴി കണ്ടെത്താൻ പറയുന്നതാവും…
വേറെ വഴി ഉണ്ടോ?തെരുവുനായ്ക്കൾ എങ്ങനെ ഇത്ര പെരുകി?
ഇതിനെ കൊണ്ട് വല്ല ഗുണവും ഉണ്ടോ?
ഇവയെ മുഴുവന്‍ കൊന്നുകളഞ്ഞാൽ എന്തു സംഭവിക്കും?

……………..
ചൈനയില്‍ വിളകള്‍ നശിപ്പിക്കുന്ന കുരുവികളെ കൊന്നൊടുക്കാന്‍ മാവോ ഉത്തരവിട്ടപ്പോഴും, ജനങ്ങളുടെ അദ്ധ്വാനമാണ് അവ മോഷ്ടിക്കുന്നതെന്ന് പഴി പറഞ്ഞപ്പോഴും, കുരുവികളെ ഒരു സ്ഥലത്ത് പോലും ഇരിക്കാന്‍ അനുവദിക്കാതെ, പുറകെ നടന്ന് ചെണ്ടകളും പെരുമ്പറകളും മുഴക്കി, ചിറകുകള്‍ കുഴഞ്ഞ് അവ താഴേക്കു വീഴുന്നത് വരെ തുടരെത്തുടരെ വായുവില്‍ പറത്തിയപ്പോഴും, തളര്‍ന്നും പേടിച്ചും ചത്തുവീണ ലക്ഷക്കണക്കിന് കുരുവികളെ വലിയ ഷവലുകള്‍ കൊണ്ട് കോരി കുഴിചിട്ടപ്പോഴും അവിടുത്തെ ജനത അറിഞ്ഞിരുന്നില്ല, ആ കുഞ്ഞു കുരുവികള്‍ അന്നാട്ടിലെ കാര്‍ഷിക ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു എന്നും, വിളകള്‍ വലിയ രീതിയില്‍ നശിപ്പിക്കാന്‍ കഴിവുള്ള കീടങ്ങളെയും അവ നിയന്ത്രിച്ചിരുന്നു എന്നും, ആ കുരുവികളുടെ നാശം വരാനിരിക്കുന്ന ഒരു കൊടും ക്ഷാമത്തിന്‍റെ കാരണമായിരിക്കും എന്നും. പക്ഷെ ഇപ്പോള്‍ നമുക്കാ കഥകള്‍ അറിയാം. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലേ ബുദ്ധി?
……………..
സത്യത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ അടിസ്ഥാനമായുള്ള ഒരു സമാന്തര ആവാസവ്യവസ്ഥയിലെ ഒരു അംഗം മാത്രമാണ് തെരുവുനായ.
എലികളുടെയും പെരുച്ചാഴിയുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാതെ നിയന്ത്രിക്കുന്നതില്‍ തെരുവ് നായ്ക്കള്‍ക്ക് പങ്കുണ്ട്,
നിലവിലുള്ള എലികളെ പരമാവധി ഭൂനിരപ്പിലേക്ക് വരാതെ കാനകളിലും ഭൂഗര്‍ഭത്തിലും ഒളിപ്പിക്കുന്നതും സദാ ജാഗരൂകരായുള്ള ഈ നായ്ക്കളും പൂച്ചകളുമാണ്.
ഇന്ന് നമ്മള്‍ തെരുവില്‍ തള്ളുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും തിന്നു തീര്‍ക്കുന്നതും ഈ നായ്ക്കള്‍ തന്നെ…
സൂറത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനു പിന്നാലെയല്ലേ പ്ലേഗ് പടര്‍ന്നു പിടിച്ചത്?
………….
അപ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരേസമയം വിവിധതലങ്ങളില്‍ ഇടപെട്ടുകൊണ്ടേ സാധിക്കൂ, നമ്മുടെ മാലിന്യസംസ്കാരം തന്നെ ആദ്യം മാറ്റണ്ടേ, പിന്നെയല്ലേ സംസ്കരണത്തെ പറ്റി പോലും ചിന്തിക്കാനാവൂ? നഗരം ശുചിയാക്കുന്നതോടൊപ്പം, ഈ മാലിന്യങ്ങള്‍ ഏതു രീതിയില്‍ വീണ്ടും സംസ്കരിച്ച് ഉപയോഗിക്കാന്‍ ആവും എന്ന് ചിന്തിച്ചാലോ, ജൈവമാലിന്യം വളമാക്കി നഗരസൌന്ദര്യവത്കരണത്തിനോ, കൃഷിക്കോ, ബയോഗ്യാസ് വഴി ഊര്‍ജ്ജഉത്പാദനത്തിനോ ഉപയോഗിക്കുന്നതിനെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് കുറെ കാലമായില്ലേ, പക്ഷെ നായയെ കൂട്ടത്തോടെ കൊന്നു കളയുന്നതാണ് ഏക പോംവഴി എന്ന തരത്തില്‍ ജനനായകര്‍ തന്നെ സംസാരിച്ചു തുടങ്ങുന്ന കാലത്ത് എന്ത് പറയാന്‍?
………………….
മാലിന്യ സംസ്കരണത്തിനോടൊപ്പം നായ്ക്കളെ കൈകാര്യം ചെയ്തു തുടങ്ങിയാലോ?
നമ്മുടെ തെരുവില്‍ അലയുന്ന ഓരോ നായ്ക്കൂട്ടങ്ങളിലും ആ കൂട്ടത്തെ മുഴുവന്‍ സംരക്ഷിക്കുന്ന ഒന്നോ രണ്ടോ നായ്ക്കള്‍ ഉണ്ടല്ലോ,
ആക്രമകാരികള്‍ എന്ന് നമ്മള്‍ വിളിക്കുന്ന അവ നല്ല പോലീസ് നായ്ക്കള്‍ ആവാന്‍ ശേഷി ഉള്ളവയാണെന്ന് വിദഗ്ദ്ധർ പറയുന്നു,
അങ്ങനെയുള്ളവയെ പോലീസ് ഏറ്റെടുക്കാം എന്ന് DGP യുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
ഇണക്കി വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബാക്കി ഉള്ളവയെ, അതായത് ആക്രമണസ്വഭാവം ഇല്ലാത്തവയെ ഏറ്റെടുക്കാവുന്നതല്ലേ?
വിദേശബ്രീഡ് നായ്ക്കളെക്കാള്‍ പ്രായോഗികബുദ്ധിയും കാലാവസ്ഥയോടും പരിതസ്ഥിതികളോടും പിടിച്ചു നില്‍ക്കാനുള്ള കഴിവും രോഗപ്രതിരോധ ശേഷിയും ഇവക്ക് കൂടുതല്‍ തന്നെയായിരിക്കും.
റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും ഇവയെ സൊസൈറ്റി ഡോഗ്സ് ആയി സ്വീകരിക്കാവുന്നതല്ലേ?
അപ്പോൾ അനിയന്ത്രിതമായി ഇവ പെറ്റ് പെരുകാനുള്ള സാഹചര്യങ്ങള്‍ തടയപ്പെടും…
…………………
ഇപ്പറയുന്നതൊന്നും അത്ര എളുപ്പമോ, ഒറ്റനോട്ടത്തില്‍ പ്രായോഗികമോ അല്ലായിരിക്കാം,
പക്ഷെ നമുക്ക് ഒരറ്റത്ത് നിന്നും ശ്രമിച്ചു തുടങ്ങിയാലോ?

ചിലപ്പോള്‍ പുതിയ വഴികള്‍ ഉയർന്നു വന്നേക്കാം.
ലക്‌ഷ്യം നന്മയായത് കൊണ്ട് തടസ്സങ്ങള്‍ നേരിട്ടാലും ഖേദിക്കേണ്ടതില്ല,
പ്രധാനമായും ഇത് നമ്മുടെ ഇടയില്‍ ഉണ്ടാവേണ്ട ഒരു സാംസ്കാരിക മാറ്റമാണ്,
മൃഗങ്ങളോടും പക്ഷികളോടും ചെടികളോടും മരങ്ങളോടും എങ്ങനെയാണ് പെരുമാറേണ്ടത്, പരിചയപ്പെടേണ്ടത് എന്നൊക്കെ നമ്മള്‍ പലരും മറന്നുപോയില്ലേ?
എല്ലാ കീടങ്ങളെയും ശല്യങ്ങളെയും കൊന്നൊടുക്കുകയും മറ്റൊരു ജീവിക്കും കൊടുക്കാതെ മണ്ണും വിഭവങ്ങളും എല്ലാം നമ്മുടെ മാത്രമാക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥത, പ്രകൃതി അംഗീകരിക്കുന്ന രീതിയാണെന്ന് തോന്നുന്നില്ല.
ഒരുപക്ഷെ, ജൈവമാലിന്യമായി തീരുന്നവ തെരുവില്‍ എറിയാതെ നേരിട്ട് ഈ ജീവികള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഇവ നമ്മളോട് നന്ദിയുള്ളവരായേനെ…
……………….
എന്തൊക്കെയായാലും, നായ്ക്കള്‍ മൂലം വേണ്ടപ്പെട്ടവര്‍ അകാലത്തില്‍ നഷ്ടമായ, ജീവന്‍റെ ജീവനായവര്‍ക്ക് അപകടം സംഭവിച്ച, തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു എന്ന് വിലപിക്കുന്ന നിസ്സഹായരായ ജനവിഭാഗത്തിന്‍റെ വികാരവിക്ഷോഭത്തിനു മുന്നില്‍ ചെന്ന്, അപകടകാരികളായ നായ്ക്കളെ തല്ലരുതെന്നും കൊല്ലരുതെന്നും പറഞ്ഞ് അഹിംസയുടെ പ്രവാചകന്‍ കളിക്കുന്നതിൽ ശരികേടുണ്ട്,
പക്ഷെ ആ ജീവിവര്‍ഗ്ഗത്തെ തന്നെ ഉന്മൂലനം ചെയ്യലാണ് ശരി എന്ന രീതിയില്‍ പരസ്യപ്പെടുത്തലും, മനുഷ്യസ്നേഹി ആണെന്ന് സ്വയം പ്രഖ്യാപിക്കലും ജനരക്ഷകന്‍ ആയി അവതരിക്കലും ഒക്കെ തികച്ചും തെറ്റായ പ്രവണതകള്‍ അല്ലേ?
………………..
കൊല്ലുന്നത് തെറ്റല്ലേ, നമ്മളെല്ലാം വൈകാരികമായി തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളവരാണ്, പക്ഷെ കുറഞ്ഞ പക്ഷം, അതാണ് ഏറ്റവും വലിയ ശരി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കരുതല്ലോ?
ശരികള്‍ നമുക്കൊന്നിച്ച് കണ്ടെത്തിക്കൂടേ,
ഒരു ചെറിയ പദ്ധതി ആശയതലത്തിൽ ഉണ്ട്,
വരും ദിവസങ്ങളില്‍ നേരിൽ കാണാം എന്ന് കരുതുന്നു….
സംതുലിതവും സമൃദ്ധവുമായ ഒരു പ്രകൃതി ആശംസിക്കുന്നു
ഡിങ്ക ഡിങ്ക…!!! (Y)

