Sat. Nov 21st, 2026

കുമ്പസാര രഹസ്യത്തിന്‍റെ പേരില്‍ യുവതിയെ പീഡിപ്പിച്ച വൈദികരില്‍ ഒരാള്‍ കീഴടങ്ങി. രണ്ടാം പ്രതി ഫ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി വൈ എസ് പി ഒാഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇദ്ദേഹത്തെ അല്‍പ സമയത്തിനുളളില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്കു മുന്നില്‍ ഹാജരാക്കും. നേരത്തെ ജോബ് മാത്യു അടക്കമുളള വൈദികര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി അത് തളളുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടെയാണ് വൈദികന്‍ കീഴടങ്ങുന്നത്.

കുമ്പസാര രഹസ്യം മറയാക്കി തന്‍റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. ന്യൂസ് സ്കൂപ്പ് ഡോട്കോമാണ് ഇൗ വാര്‍ത്ത ആദ്യം പുറത്തു വിടുന്നത്. സഭാ നേതൃത്വത്തിന് ആദ്യം പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും , ഫോണ്‍ സംഭാഷണ ശബ്ദരേഖകളും സഭയ്ക്ക് കൈമാറിയിരുന്നു.

പരാതിയിന്‍മേല്‍ ആരോപണ വിധേയരായ അഞ്ച് വൈദികന്‍മാരെയും താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്ത് മുഖം രക്ഷിച്ച സഭ പക്ഷേ പിന്നീട് ഇൗ തീരുമാനം പിന്‍വലിച്ചു. ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ഭദ്രാസന മെത്രോപ്പൊലീത്തമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു.

ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും ഇവര്‍ക്ക് മുമ്പില്‍ പരാതിക്കാരന്‍ തെളിവു നല്‍കുകയും ചെയ്തു. ഇതിനിടെ പരാതി പൊലീസിന് നല്‍കാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി. പൊലീസിന് നല്‍കിയ മൊഴി യുവതി മജിസ്ട്രേറ്റിനും മുന്നിലും യുവതി ആവര്‍ത്തിച്ചതോടെ വൈദികരുടെ നില പരുങ്ങലിലായി. ഇതിനിടെയാണ് ഇവര്‍മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് കോടതി തളളിയതോടെ അറസ്റ്റ് അല്ലെങ്കില്‍ കീഴടങ്ങല്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ് വൈദികര്‍.