ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ കത്ത് ഫേസ്ബുക്ക് തള്ളി. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ ഗ്രൂപ്പിന്റെ പ്രധാന അഡ്മിനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത് കുമാറിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജ് നിരോധിക്കാനുള്ള അപേക്ഷയുമായി പോലീസ് ഫേസ്ബുക്കിനെ സമീപിച്ചത്. എന്നാല്‍ പതിനെട്ടുലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് ഒരു പരാതിയുടെ പേരില്‍ പൂട്ടിക്കാനാവില്ലെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
ഇതോടെ നിയമത്തിന്റെ വഴിക്ക് മാത്രം നീങ്ങാനേ നിലവില്‍ പോലീസിന് നിര്‍വാഹമുള്ളൂ. നിലവില്‍ പോലീസ് ഒളിവിലാണെന്ന് പറയുന്ന അഡ്മിന്‍ നേമം സ്വദേശി അജിത് കുമാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.