പി.വി.അൻവർ എം.എൽ.എ ചീങ്കണ്ണിപാലിയിൽ അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കാൻ കോടതി നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ച് മാറ്റണമെന്നാണ് നിർദ്ദേശം. ഇതിനായി മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
രണ്ടുവർഷം മുമ്പാണ് വനത്തിനുള്ളിലൂടെ ഒഴുകുന്ന അരുവി തടസപ്പെടുത്തി അൻവർ തടയണ നിർമ്മിച്ചത്. വനം വകുപ്പിന്റെയോ, ജലസേചന വകുപ്പിന്റെയോ അനുമതി കൂടാതെയായിരുന്നു നിർമ്മാണം. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചാണ് തടയണ നിർമ്മിച്ചതെന്ന് പെരുന്തൽമണ്ണ ആർ.ഡി.ഒ നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. തടയണ ഉരുൾ പൊട്ടലിന് കാരണമാകുമെന്ന് വനംവകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പൊളിച്ച് മാറ്റാൻ അൻവർ തയ്യാറായിരുന്നില്ല.