കോട്ടയത്ത് വീണ്ടും കുമ്പസാരക്കെണി; കെണിയിൽ വീണ കുഞ്ഞാട് മരിച്ചു വൈദികൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തി, യുവതി ജീവനൊടുക്കി.
കുമ്പസാര രഹസ്യം വൈദികൻ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവം അന്വേഷണത്തിലേക്ക്. നാലു വൈദികർ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തായതിനെ തുടർന്നാണ് സഭാനേതൃത്വം പൂഴ്ത്തിവച്ച ഈ കേസ് മൂന്നു വർഷത്തിനുശേഷമാണ് പുറത്തുവരുന്നത്.
ചെങ്ങന്നൂർ കോടിയാട്ട് കടവിൽ സ്വദേശിയായ യുവതി കുമ്പസാരത്തിൽ പറഞ്ഞ കാര്യങ്ങൾ വികാരി മറ്റൊരു സ്ത്രീയോട് പറഞ്ഞു. തുടർന്ന് പള്ളികമ്മിറ്റിയിൽ ഈ സ്ത്രീ പരസ്യമായി ആ യുവതിയെ ആക്ഷേപിച്ചു. മാനസികമായി തളർന്ന യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. കുമ്പസാരിപ്പിച്ച വൈദികന്റെയും സ്ത്രീയുടെയും പേരു പറയുന്നതായിരുന്നു ആത്മഹത്യാക്കുറിപ്പ്.
എന്റെ മരണത്തിനു കാരണം വൈദികനും ഈ സ്ത്രീയുമാണ്. അവരെ അറസ്റ്റ് ചെയ്യണം. എന്നെ അപമാനിച്ചു, എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതെ വിടരുത്. പള്ളിയിൽ ഈ അച്ചൻ വന്നാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അച്ചൻ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെയും അറസ്റ്റ് ചെയ്യണം” ഇതായിരുന്നു ആത്മഹത്യാക്കുറിപ്പ്. 2015 ഒക്ടോബർ 21നാണ് സംഭവം ഉണ്ടായത്. തേക്കുങ്കൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു യുവതി.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇടവകാംഗം സഭാനേതൃത്വത്തിന് പരാതി നല്കിയിരുന്നു. എന്നാൽ സഭാനേതൃത്വം ഈ സംഭവം നിസാരവത്ക്കരിക്കുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസിൽ പരാതി നല്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മരണക്കുറിപ്പ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോയിപ്രം പൊലീസ് ഇതേസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും സഭാനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് അന്വേഷണം പാതിവഴിയിൽ നിർത്തുകയായിരുന്നുവെന്നും ആരോപണം ഉയർന്നു. സഭാനേതൃത്വത്തിന് പരാതി നല്കിയ വ്യക്തിയെ പത്തു വർഷത്തേക്ക് ഇടവകചുമതലകളിൽ നിന്നും വിലക്കി.
മരണപ്പെട്ട യുവതിയുടെ ഭർത്താവും പരാതിക്കാരനും ഉൾപ്പെടുന്ന ഇടവകാംഗങ്ങൾ ആത്മഹത്യാക്കുറുപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നല്കിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈദികന് പങ്കുള്ളതായി അറിഞ്ഞിട്ടില്ലെന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നും ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോൺ വ്യക്തമാക്കി.