Mon. Nov 23rd, 2026

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലും ആവർത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്ട്രേറ്റിന് മുന്നിൽ ഏഴ് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് കന്യാസ്ത്രീ തന്റെ പരാതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കേരളത്തിലെത്തി അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ ബിഷപ്പിനോട് ആവശ്യപ്പെടാനാണ് സാധ്യത. എന്നാൽ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കൽ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ മിഷണറീസ് ഒഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ മദർ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി.

ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചപ്പോൾ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോൾ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നൽകിയ പരാതിയിലുള്ളത്. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ തന്റെ നിലപാട് ആവർത്തിച്ചിരുന്നു.