‘ഞാനവനോട് പറയും നീ അഭിമന്യുവാണ്. നിനക്ക് ചക്രവ്യൂഹത്തിനു അകത്തുകടക്കാനേ അറിയൂ. അവിടെ നീ പെട്ടുപോകും. എന്നിട്ടും അതു തന്നെ സംഭവിച്ചല്ലോ’…. മഹാരാജാസില്‍ ചോരയിറ്റു വീണ അഭിമന്യുവിനെ ഒാര്‍ക്കുമ്പോള്‍ എസ് എഫ് ഐയുടെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോയ്ക്ക് കണ്ഠമിടറുന്നു.
അഭിമന്യുവിന്റെ ശരീരം വേദിക്കു പുറത്തേക്കെടുത്തപ്പോൾ വേദിക്കു താഴെ ചക്രക്കസേരയിൽ തൻറെ മോളെയും ചേർത്തുപിടിച്ചിരിക്കുന്നസൈമൺ ബ്രിട്ടോയുടെ അരികിൽ ഒരുനിമിഷം നിർത്തി. അദ്ദേഹം മുഷ്ടി ചുരുട്ടി അവനെ അഭിവാദ്യം ചെയ്യുമെന്ന് എല്ലാവരും കരുതി. ഇല്ല, കസേരയിൽ നിന്നാഞ്ഞ് തൻറെ കുഞ്ഞു സഖാവിൻറെ ജീവനറ്റ മുഖത്ത് ബ്രിട്ടോ ചുംബിച്ചു.
ഒരു വിപ്ളവകാരിയുടെ അഭിവാദ്യമായിരുന്നില്ല അപ്പോള്‍ പകരം ചേതനയറ്റ അഭിമന്യുവിന്റെ മുഖത്ത് ഒരു സ്നേഹ ചുംബനം. ഒരു കഠാരയില്‍ ഒടുങ്ങിയ പ്രാണന് ഒരു കഠാരയ്ക്കും കീഴടക്കാനാവാത്ത കരുത്തിന്റെ സ്നേഹാര്‍പ്പണം.
സൈമൺ ബ്രിട്ടോ എഴുതുന്ന യാത്രാവിവരണം പകർത്താനായി അഭിമന്യു മിക്കവാറും ബ്രിട്ടോയുടെ വീട്ടിലുണ്ടാകും. രാത്രിയും പകലുമായി അവൻ ബ്രിട്ടോയുടെ വീട്ടിൽ തങ്ങി യാത്രാവിവരണം എഴുതാൻ സഹായിച്ചു. എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായിരുന്നു അഭിമന്യുവിന്റേത്. വേഗത്തിൽ ആ കുടുംബത്തിലെ അംഗത്തെപ്പോലെയായി.
‘‘ഞാൻ പറയുന്നത് എഴുതിയെടുക്കാനാണ് വീട്ടിലെത്തുന്നതെങ്കിലും എന്റെ എല്ലാ കാര്യവും അവൻ ചെയ്യുമായിരുന്നു. മൂത്രം വീണ തുണി മാറ്റും, എന്നെ കുളിപ്പിക്കും, വീൽച്ചെയർ തള്ളി നടക്കും. ഇതിനൊന്നും ഒരു മടിയുമില്ലായിരുന്നു. ഞാൻ വേണ്ടെന്നും പറഞ്ഞാലും അവൻ അനുവദിക്കില്ല. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല അവൻ ഇതൊക്കെ ചെയ്യുന്നത്. അതായിരുന്നു അവന്റെ മാനവികത.
1800-ഓളം പേജുവരുന്ന യാത്രാവിവരണത്തിന്റെ ഭൂരിഭാഗവും എഴുതിയതും അഭിമന്യുവായിരുന്നു. അവന്റെ കൈയിൽ ഒട്ടും പണമില്ലായിരുന്നു, എന്നാൽ, വീട്ടിൽ പോകാൻ നേരം പണം കൊടുക്കാൻ തുനിഞ്ഞാൽ വാങ്ങില്ല. ‘കാശ് വേണ്ട സഖാവേ എന്നാകും മറുപടി. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളിൽ പുതിയ പുസ്തകം പകർത്തിയെഴുതി സഹായിക്കാൻ അവൻ വീട്ടിലെത്തും.
ഭാര്യ സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല എന്ന് പറഞ്ഞേ അഭിമന്യു ആ ഭക്ഷണം കഴിച്ചിട്ടുള്ളൂ. അത്രയ്ക്കും പാവമായിരുന്നു അവൻ. അവനെക്കാൾ അവൻ തന്റെ സഹപാഠികളെ സ്നേഹിച്ചിരുന്നു.ബ്രിട്ടോ പറയുന്നു
അടുത്ത മാസം അഭിമന്യുവിൻറെ പെങ്ങൾ കൗസല്യയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന് വകതേടിയുള്ള ഓട്ടപ്പാച്ചിലിനിടെയാണ് ഇന്നലെ അവൻ വീട്ടിൽ പോയത്. വട്ടവടയിൽ നിന്ന് കൊച്ചിക്കു വരുന്ന പച്ചക്കറി ലോറിയിൽ കയറിയാണ് മടങ്ങിവന്നത്. ഇത്രയും നല്ല കുട്ടിയെ ഇപ്പോൾ കാണാൻ കിട്ടില്ല. അവൻറെ കയ്യിൽ ഒട്ടും പണമില്ലായിരുന്നു. വീട്ടിൽ പോകാൻ നേരം പണം കൊടുക്കാൻ തുനിഞ്ഞാൽ വാങ്ങില്ല ബ്രിട്ടാസ് നിറകണ്ണുകളോടെ വാർത്താലേഖകരോട് പറഞ്ഞു
കണ്ഠമിടറി യ മുദ്രാവാക്യം വിളികൾക്കിടെ അവൻറെ ശരീരവുമായി ആംബുലൻസ് കാമ്പസിലെ കൊടിതേരണങ്ങൾക്കിടയിലൂടെ ഗേറ്റിന് പുറത്തേക്ക് നീങ്ങി.. ഇന്ന് മഹാരാജാസിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശന ദിവസമാണ്. കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു അച്ഛൻ അവനെ ഇവിടെ ഏൽപ്പിച്ചു മടങ്ങിയത്. അതേ ദിവസം തന്നെ ദേ തിരിച്ചു കൊണ്ടുപോകുന്നു.