Sun. Nov 22nd, 2026

നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്ന അമ്മ പ്രസിഡന്റ് മോഹൻലാൽ രാജ്യം നൽകിയ കേണൽ പദവി ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

രാജ്യം നൽകിയ പരമോന്നത ബഹുമതി മോഹൻലാൽ ഒഴിയണം. താൻ പ്രസിഡന്റായിരിക്കുമ്പോൾ ഗുരുതര ആരോപണത്തെ നേരിടുന്നയാളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. കേണൽ പദവി വ്യക്തിപരമായ പ്രസക്തി വർദ്ധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല ഡീൻ കുര്യാക്കോസ് പറഞ്ഞു.

കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളും ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.