തിരുവനന്തപുരത്ത് ഫേസ് ബുക്ക് സുഹൃത്തായിരുന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയെ വീട്ടിൽ വിളിച്ചുവരുത്തി ബ്ളാക്ക് മെയിലിംഗിന് ഇരയാക്കി മർദ്ദിച്ച് അരലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾ പേട്ടയിൽ പൊലീസിന്റെ പിടിയിലായി. കണ്ണമ്മൂല തോട്ടുവരമ്പ് കൊല്ലൂർ വീട്ടിൽ വിഷ്ണു (24) ഭാര്യ ജിനു (20) എന്നിവരെയാണ് പിടികൂടിയത്. എൻജിനീയറിംഗ് വിദ്യാർത്ഥിയായ 20 കാരനെയും സുഹൃത്തിനെയും വീട്ടിൽ വളിച്ചുവരുത്തി മർദ്ദിച്ചശേഷം എ.ടി.എം കാർഡ് തട്ടിയെടുത്ത് അരലക്ഷത്തോളം രൂപ പിൻവലിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഏറെനാളായി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ ഫേസ് ബുക്ക് സുഹൃത്തായിരുന്നു ജിനു. കഴിഞ്ഞ 23ന് വിദ്യാർത്ഥിയെ ജിനു തന്റെ വീട്ടിലേക്ക് സൗഹൃദസന്ദർശനത്തിനായി ക്ഷണിച്ചു. യുവതിയുടെ ക്ഷണം സ്വീകരിച്ച് സുഹൃത്തുമൊത്ത് എത്തിയ വിദ്യാർത്ഥിയെ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ പതിയിരുന്ന ഭർത്താവ് വിഷ്ണുവും സുഹൃത്ത് അഭിയും ചേർന്ന് മർദ്ദിച്ചു. യുവതി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും സന്ദർശനത്തിന് പിന്നിൽ ദുരുദ്ദേശമുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം.

മർദ്ദനമേറ്റ വിദ്യാർത്ഥികൾ പരാതിയുമായി അന്നേദിവസം പേട്ട പൊലീസ് സ്റ്റേഷനിലെത്തി. പരാതിയനുസരിച്ച് ഇരുകൂട്ടരെയും പൊലീസ് വിളിപ്പിച്ചെങ്കിലും ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കി പിരിഞ്ഞു. എന്നാൽ സ്റ്റേഷനിൽ നിന്ന് പോയശേഷം വിദ്യാർത്ഥികളെ വീണ്ടും ജിനുവും വിഷ്ണുവും ബന്ധപ്പെടുകയും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്ലാത്ത പക്ഷം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഒരു ലക്ഷം രൂപ നൽകാൻ കഴിയില്ലെന്നും കുറച്ച് പണം നൽകാമെന്നും വിദ്യാർത്ഥികൾ സമ്മതിച്ചു. അത് അംഗീകരിക്കാൻകൂട്ടാക്കാതെ വിഷ്ണുവിന്റെ നേതൃത്വത്തിൽ വീണ്ടും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. അവരുടെ പക്കലുണ്ടായിരുന്ന എ.ടി.എം കാർഡ് കരസ്ഥമാക്കിയശേഷം പിൻ നമ്പർ ചോദിച്ച് മനസിലാക്കി രണ്ട് തവണയായി അരലക്ഷത്തോളം രൂപ കവരുകയായിരുന്നു. പണം നഷ്ടപ്പെട്ട വിദ്യാർത്ഥികൾ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് ദമ്പതികളെ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് കൂട്ടുനിന്ന വിഷ്ണുവിന്റെ സുഹൃത്തുക്കളായ ഏതാനും പേരെ ഇനിയും പിടികൂടാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടർന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.