Sun. Feb 25th, 2024

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെട്ട പാസ്പോർട്ട് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം. മികച്ച ഭരണത്തിലൂടെ പ്രതിപക്ഷത്തിന്റെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ സുഷമാ സ്വരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. തന്നെ പറ്റിയുള്ള പ്രചരണങ്ങൾ മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

17ആം തീയതി മുതൽ 22 വരെ താൻ ഇന്ത്യയിൽ ഇല്ലായിരുന്നു. തന്റെ അസാന്നിധ്യത്തിൽ എന്തൊക്കെയാണ് നടന്നത് എന്ന് അറിഞ്ഞില്ല. എന്തായാലും ചില ട്വീറ്റുകൾ കണ്ട് കൃതാർത്ഥയായി. എനിക്ക് ഇഷ്ടമായവ ഞാൻ പങ്കുവെച്ചിട്ടുണ്ട് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം സുഷമാ സ്വരാജിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സുഷമ സ്വരാജിനെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തിയത്.

കാരണമെന്തുമായിക്കൊള്ളട്ടെ, ഒരാളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അധിക്ഷേപിക്കാനോ പാടില്ല. സ്വന്തം പാർട്ടിക്കാരിൽ നിന്നും ഇത്രയും ഹീനമായ ട്രോളുകളും വിമർശനങ്ങളും ഉയർന്നിട്ടും അത് നേരിട്ട താങ്കളെ അഭിനന്ദിക്കുന്നു”- കോൺഗ്രസ് വ്യക്തമാക്കി.